| Friday, 14th June 2019, 12:01 pm

കാര്‍ട്ടൂണ്‍ മതചിഹ്നങ്ങളെ അധിക്ഷേപിക്കുന്നതുതന്നെ; ആവര്‍ത്തിച്ച് മന്ത്രി എ.കെ ബാലന്‍; തീരുമാനം പുനഃപരിശോധിക്കണമെന്ന് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലളിതകലാ അക്കാദമിയുടെ വിവാദ കാര്‍ട്ടൂണ്‍ മതചിഹ്നങ്ങളെ അധിക്ഷേപിക്കുന്നതാണെന്ന് ആവര്‍ത്തിച്ച് മന്ത്രി എ.കെ ബാലന്‍. അവാര്‍ഡ് നല്‍കിയ തീരുമാനം പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതായും സാംസ്‌കാരികമന്ത്രി കൂടിയായ എ.കെ ബാലന്‍ നിയമസഭയെ അറിയിച്ചു. കാര്‍ട്ടൂണ്‍ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ പ്രമേയം സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു.

‘മതചിഹ്നങ്ങളെ അവഹേളിക്കുന്ന രീതിയോടു സര്‍ക്കാര്‍ യോജിക്കുന്നില്ല. കാര്‍ട്ടൂണിന്റെ പ്രമേയത്തെ അംഗീകരിക്കുന്നു. പക്ഷേ മതനിരപേക്ഷതയെ ഹനിക്കുന്ന നടപടികളോടു സര്‍ക്കാരിനു യോജിപ്പില്ല.’- മന്ത്രി പറഞ്ഞു. അവാര്‍ഡ് നിര്‍ണയത്തില്‍ സര്‍ക്കാര്‍ ഇടപെടാറില്ലെന്നും മന്ത്രി ആവര്‍ത്തിച്ചു.

അവാര്‍ഡ് നല്‍കിയ തീരുമാനം പുനഃപരിശോധിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ ഇന്ന് ആവശ്യപ്പെട്ടു. ആര്‍ക്കും എഴുതാനും പറയാനും സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ.കെ സുഭാഷിന്റെ ‘വിശ്വാസം രക്ഷതി’ എന്ന പേരിലെ കാര്‍ട്ടൂണാണു വിവാദത്തിനാധാരം. സ്ത്രീ പീഡകര്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കുമുള്ള വിമര്‍ശനമാണ് കാര്‍ട്ടൂണ്‍.

പീഡന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കയ്യിലെ മെത്രാന്‍ സ്ഥാനീയ ചിഹ്നത്തില്‍ അടിവസ്ത്രത്തിന്റെ ചിത്രം ചേര്‍ത്തായിരുന്നു കാര്‍ട്ടൂണ്‍ വരച്ചത്.

പൂവന്‍ കോഴിക്ക് ഫ്രാങ്കോയുടെ മുഖമാണ്. കൈയില്‍ മെത്രാന്‍ സ്ഥാനീയ ചിഹ്നവും. കോഴിയുടെ നില്‍പ്പ് പൊലീസിന്റെ തൊപ്പിക്ക് മുകളിലാണ്. തൊപ്പി പിടിക്കുന്നയാള്‍ക്ക് പി.സി ജോര്‍ജ്ജിന്റേയും ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിയുടേയും മുഖം. ഇതാണ് കാര്‍ട്ടൂണ്‍ ചര്‍ച്ചയാക്കുന്ന വിമര്‍ശനം.

ജലന്തര്‍ ബിഷപ്പായ ഫ്രാങ്കോയെ പീഡനത്തില്‍ നിന്ന് രക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചുവെന്ന വിമര്‍ശനമാണ് ഇതിലുള്ളത്. പി.സി ജോര്‍ജ് ഫ്രാങ്കോയെ പിന്തുണച്ചതും ചര്‍ച്ചയാക്കുന്നു.

കുരിശിന് പകരം അപമാനകരമായ ചിഹ്നം വരച്ച വികല ചിത്രത്തിനാണ് ഇടതുസര്‍ക്കാര്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരിക്കുന്നതെന്നും ക്രിസ്ത്യന്‍ ന്യൂനപക്ഷം തെരഞ്ഞെടുപ്പില്‍ ഒപ്പം നിന്നില്ലെന്ന മാര്‍കിസ്റ്റുപാര്‍ട്ടിയുടെ വിലയിരുത്തലാണോ കാര്‍ട്ടൂണ്‍ പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നിലെ പ്രചോദനമെന്ന് സംശയിക്കുന്നതായും കെ.സി.ബി.സി വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു.

പ്രകോപനം ഉണ്ടാക്കുന്ന പുരസ്‌കാര പ്രഖ്യാപനം എന്നാണ് ലളിത കലാ അക്കാഡമിയുടെ പുരസ്‌കാരത്തെ സഭ വിശേഷിപ്പിക്കുന്നത്.

We use cookies to give you the best possible experience. Learn more