| Thursday, 10th November 2016, 11:23 am

മന്ത്രി ബാലനും കൂട്ടര്‍ക്കും നൂറിന്റെ നോട്ട് വിതരണം ചെയ്ത് പി.കെ ബഷീര്‍ എം.എല്‍.എ: ഒടുവില്‍ ചില്ലറ തീര്‍ന്നതോടെ ദല്‍ഹി യാത്ര മാറ്റേണ്ടിവന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മന്ത്രി ബാലന് ബഷീര്‍ ചില്ലറ നല്‍കിയതോടെ ചില്ലറയ്ക്ക് ആവശ്യവുമായി എം.എല്‍.എയുടെ അടുത്ത് കൂടുതല്‍ പേര്‍ എത്തി.


തിരുവനന്തപുരം: 500 ന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ അസാധുവാക്കിയതോടെ ഇന്നലെ ജനങ്ങളെല്ലാം അങ്കലാപ്പിലായിരുന്നു. കയ്യില്‍ ചില്ലറ ഇല്ലാത്തവരെല്ലാം കുടുങ്ങി. സാധാരണക്കാര്‍ മാത്രമല്ല മന്ത്രിമാരും എം.എല്‍.എമാരും വരെ കയ്യില്‍ പണമില്ലാതെ വലഞ്ഞു.

500 ന്റേയും 1000 ത്തിന്റേയും നോട്ടുകള്‍ മാത്രം കയ്യില്‍ കരുതി ഇന്നലെ നിയമസഭയിലെത്തിയ മന്ത്രിമാരാണ് കുടങ്ങിയത്. നിയമസഭാ വളപ്പിലെ ക്യാന്റീനില്‍ നിന്നും ലഘുഭക്ഷണം കഴിച്ചിറങ്ങിയ മന്ത്രി എ.കെ ബാലന്റെ കയ്യില്‍ ആകെയുണ്ടായിരുന്ന ചില്ലറ 10 രൂപയായിരുന്നു. ലഭിച്ച ബില്ലാകട്ടെ 18 രൂപയും. ഉണ്ടായിരുന്ന ചില്ലറ മുഴുവന്‍ എം.എല്‍.എമാര്‍ക്കായി നല്‍കിയെന്ന് ക്യാന്റീന്‍ അധികൃതര്‍ പറഞ്ഞതോടെ മന്ത്രി അങ്കലാപ്പിലായി.

ഇതോട സഹായവുമായി മുസ്്‌ലീം ലീഗ് എം.എല്‍.എ പി.കെ ബഷീര്‍ എത്തി. മന്ത്രി ബാലന് ബഷീര്‍ ചില്ലറ നല്‍കിയതോടെ ചില്ലറയ്ക്ക് ആവശ്യവുമായി എം.എല്‍.എയുടെ അടുത്ത് കൂടുതല്‍ പേര്‍ എത്തി. ബഷീര്‍ ആരേയും വിഷമിപ്പിച്ചില്ല. കയ്യിലുണ്ടായിരുന്ന ചില്ലറ മുഴുവന്‍ ചോദിച്ചവര്‍ക്ക് കൊടുത്തു.

എന്നാല്‍ ചില്ലറ തീര്‍ന്നതോടെ പിന്നീട് കയ്യില്‍ അവശേഷിച്ചതാകട്ടെ 500 ന്റേയും ആയിരത്തിന്റേയും നോട്ടുകള്‍മാത്രമാണ്. ഇതോടെ ദല്‍ഹിയിലേക്ക് പോകേണ്ടിയിരുന്ന ബഷീറിന് യാത്ര ഉപേക്ഷിക്കേണ്ടി വന്നു. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രജലവിഭവ മന്ത്രാലയവുമായി നടത്തേണ്ട ചര്‍ച്ചകള്‍ക്കായിട്ടായിരുന്നു ദല്‍ഹിയിലേക്ക് പോകേണ്ടിയിരുന്നത്.

We use cookies to give you the best possible experience. Learn more