പാലക്കാട്: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എ.കെ ബാലന്‍. സുകുമാരന്‍ നായര്‍ ചെയ്തത് ചതിയാണെന്നും പ്രസ്താവന ഞെട്ടിച്ചുവെന്നും എ.കെ ബാലന്‍ പറഞ്ഞു.
യു.ഡി.എഫ് കരുതിവെച്ച ബോംബ് ഇതായിരുന്നു എന്നും സുകുമാരന്‍ നായരുടെ പ്രസ്താവനയ്ക്ക് പിന്നാലെ കോണ്‍ഗ്രസ്-യു.ഡി.എഫ് നേതാക്കളുടെ പ്രസ്താവന കൂടി വന്നപ്പോള്‍ ഗൂഢാലോചന വ്യക്തമായെന്നും എ.കെ ബാലന്‍ പ്രതികരിച്ചു.
ഇതിനെ രാഷ്ട്രീയമായി നേരിടാനാണ് തീരുമാനം. മന്നവും നാരായണപ്പണിക്കരും ഇരുന്ന സ്ഥാനത്തിരുന്നാണ് സുകുമാരന്‍ നായര്‍ ഇത് ചെയ്തത്. സുകുമാരന്‍ നായര്‍ പറഞ്ഞാലുടന്‍ സാധാരണ നായന്മാര്‍ കേള്‍ക്കുമെന്ന് കരുതണ്ടെന്നും തെരഞ്ഞെടുപ്പ് ഫലം അത് വ്യക്തമാക്കുമെന്നും എ.കെ ബാലന്‍ പറഞ്ഞു.
സുകുമാരന്‍ നായര്‍ക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം നേതാവ് വിജയരാഘവനും രംഗത്തെത്തി. സുകുമാരന്‍ നായര്‍ പറഞ്ഞത് ആ സമുദായം കേള്‍ക്കില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുമെന്നും സുകുമാരന്‍ നായരുടേത് സമുദായ നേതാവിന്റെ നിലപാടല്ലെന്നും വിജയരാഘവന്‍ പ്രതികരിച്ചു.
സുകുമാരന്‍ നായരെ കടന്നാക്രമിച്ച് മന്ത്രി എം.എം മണിയും രംഗത്തെത്തി. സുകുമാരന്‍ നായരുടെ മനസിലിരിപ്പ് വേറെയാണ്. പുള്ളി കോണ്‍ഗ്രസുകാരനാണ്, പക്ഷെ അത് സമുദായം മുഴുവന്‍ അനുസരിക്കണമെന്നില്ലെന്നായിരുന്നു എം.എം മണി പറഞ്ഞത്.
അതേസമയം സുകുമാരന്‍ നായരുടെ പ്രസ്താവനയെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ വിശദീകരണവുമായി എന്‍.എസ്.എസ് രംഗത്തെത്തി. ജനറല്‍ സെക്രട്ടറിയുടെ വാക്കുകള്‍ വളച്ചൊടിച്ചാണ് വിവാദം ഉണ്ടാക്കുന്നത് എന്നാണ് എന്‍.എസ്.എസ് വിശദീകരിക്കുന്നത്.
അയ്യപ്പനുമായി ബന്ധപ്പെട്ട വിവാദം തുടങ്ങി വച്ചത് എന്‍.എസ്.എസ് അല്ല. വിശ്വാസ പ്രശ്‌നത്തില്‍ എന്‍.എസ്.എസിന് നിലപാടുണ്ട്. അതില്‍ അന്നും ഇന്നും മാറ്റം ഇല്ല.
വിശ്വാസ സംരക്ഷണത്തെ കുറിച്ച് എന്‍.എസ്.എസ് പറഞ്ഞത് അയ്യപ്പന്റെ പേരിലാക്കിയത് പിണറായി വിജയന്റെ പ്രതികരണത്തെ തുടര്‍ന്നാണെന്നും എന്‍.എസ്.എസ് പറയുന്നു.
തെരഞ്ഞെടുപ്പ് ദിവസം വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരണവുമായി എത്തിയത്.
ഭരണ മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും നാട്ടില്‍ സമാധാനവും സൈ്വര്യവും ഉണ്ടാക്കുന്ന സര്‍ക്കാര്‍ വരണമെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് സ്വാമി അയ്യപ്പനും ഈ നാട്ടിലെ എല്ലാ ദേവഗണങ്ങളും നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനൊപ്പമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ദേവഗണങ്ങളും ദൈവഗണങ്ങളും സര്‍ക്കാരിനൊപ്പമാണ്. എല്ലാ വിശ്വാസികളുടെയും ആരാധനാമൂര്‍ത്തികള്‍ സര്‍ക്കാരിനൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക