| Saturday, 7th April 2018, 7:22 pm

'ഒരു പരീക്ഷണം പരാജയപ്പെട്ടു'; മെഡിക്കല്‍ പ്രവേശന ബില്‍ തള്ളിയ ഗവര്‍ണറുടെ നടപടിയില്‍ വിയോജിപ്പില്ലെന്ന് എ.കെ ബാലന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ തള്ളിയതില്‍ സര്‍ക്കാരിന് വിയോജിപ്പില്ലെന്ന് നിയമമന്ത്രി എ.കെ ബാലന്‍. ഗവര്‍ണറുടെ നടപടി ഭരണഘടനാപരവും നിയമപരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിനെ സംബന്ധിച്ച് ഓര്‍ഡിനന്‍സ് ബില്ലാക്കിയാല്‍ ആ ബില്ല് നടപടിക്രമം പൂര്‍ത്തിയാക്കുക എന്നത് ഭരണഘടനാപരമായ ബാധ്യതയാണ്. ഗവര്‍ണറുടെ മുന്നില്‍ ഭരണാഘടനാ പരമായി മൂന്ന് സാധ്യതകളാണ് ഉള്ളത്. അതില്‍ വിത്ത്‌ഹോള്‍ഡ് എന്നതാണ് ഗവര്‍ണര്‍ സ്വീകരിച്ചതെന്നും ബാലന്‍ പറഞ്ഞു.

“കുട്ടികളുടെ ഭാവി സംരക്ഷിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ പറ്റുമോ എന്ന കാര്യം പ്രതിപക്ഷവുമായി ആലോചിച്ച് സ്വീകരിക്കും. അതിനുള്ള ഒരു പരീക്ഷണം പരാജയപ്പെട്ടു. ഇനിയും ശ്രമം തുടരും. പൊതുവികാരം കണക്കിലെടുത്താണ് നിയമസഭയില്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് അവതരിപ്പിച്ചത്.”


Also Read:  റേഷന്‍ കുറഞ്ഞത് ചോദ്യം ചെയ്ത വൃദ്ധയെ അടിച്ചുകൊന്നു


നേരത്തെ ആരോഗ്യമന്ത്രിയും ഗവര്‍ണറുടെ നടപടി പുന:പരിശോധിക്കില്ലെന്ന് പറഞ്ഞിരുന്നു. ചെയ്യാന്‍ പറ്റാവുന്നതിന്റെ പരമാവധി ചെയ്തുവെന്നും നിയമപരമായി നിലനില്‍ക്കാത്തതിന്റെ പിറകെ പോകാന്‍ സര്‍ക്കാരില്ലെന്നുമായിരുന്നു ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ മറുപടി.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം ക്രമപ്പെടുത്തുന്നത് സംബന്ധിച്ച ബില്ല് ഗവര്‍ണര്‍ തള്ളിയിരുന്നു. ഭരണഘടന നല്‍കുന്ന പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു ഗവര്‍ണറുടെ നടപടി.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബില്‍ നിലനില്‍ക്കില്ലെന്നാണ് ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശം. നേരത്തെ ബില്ലിനാധാരമായ ഓര്‍ഡിനന്‍സ് സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു. ക്രമവിരുദ്ധമെന്ന് സുപ്രീംകോടതി കണ്ടെത്തിയ പ്രവേശനം ക്രമപ്പെടുത്താനായിരുന്ന നിയമം.


Also Read:  ‘മുസ്‌ലിം മന്ത്രിമാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആരാണ് അനുമതി നല്‍കിയത്’; വിവാദ പ്രസ്താവനയുമായി ആര്‍.എസ്.എസ് നേതാവ്


ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതോടെ സുപ്രീംകോടതി സ്റ്റേ ചെയ്ത ഓര്‍ഡിനന്‍സ് സ്വാഭാവിക കാലാവധി കഴിഞ്ഞ് അസാധുവാകും. സുപ്രീം കോടതി സ്റ്റേ ചെയ്തതിനാല്‍ ഓര്‍ഡിനന്‍സ് സര്‍ക്കാരിന് വീണ്ടും പുറപ്പെടുവിക്കാനുമാവില്ല.

സുപ്രീംകോടതി ഉത്തരവ് അവഗണിച്ചാണ് സര്‍ക്കാര്‍ നിയമം പാസാക്കിയത്. ആരോഗ്യസെക്രട്ടറിയും നിയമ സെക്രട്ടറിയും ബില്ലിനെ എതിര്‍ത്തിരുന്നു. ഇതുകൂടി പരിഗണിച്ച് ഉദ്യോഗസ്ഥരുടെ നിലപാട് ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു.


Also Read:  വീണ്ടും സ്വര്‍ണ്ണം ‘എടുത്തുയര്‍ത്തി’ ഇന്ത്യ; ഭാരദ്വാഹനത്തില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണ്ണം


ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കുറിപ്പോടെയാണ് ബില്‍ ഗവര്‍ണര്‍ക്ക് അയച്ചിരുന്നത്. ബില്ലുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ നടപടികള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ നേരിടേണ്ടിവരുമെന്ന കുറിപ്പായിരുന്നു ആരോഗ്യവകുപ്പ് സെക്രട്ടറിയുടേത്.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടിയ 180 വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് സര്‍ക്കാര്‍ തിടുക്കത്തില്‍ ബില്‍ പാസാക്കാന്‍ ശ്രമിച്ചത്.

Watch This Video:

Latest Stories

We use cookies to give you the best possible experience. Learn more