| Thursday, 8th November 2018, 8:42 pm

നാഥനില്ലാ പരാതിക്ക് മറുപടിയില്ല: പി.കെ ശശിക്കെതിരായി യുവതി വീണ്ടും കേന്ദ്ര നേതൃത്വത്തിനു നല്കിയ പരാതിയെ കുറിച്ച് മന്ത്രി എ.കെ ബാലന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ഇടതുപക്ഷ എം.എല്‍.എ പി.കെ. ശശിക്കെതിരായി യുവതി വീണ്ടും കേന്ദ്ര നേതൃത്വത്തിനു പരാതി നല്‍കിയതിനെ കുറിച്ചറിയില്ലെന്ന് മന്ത്രി എ.കെ ബാലന്‍. പരാതിയെക്കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കിയപ്പോള്‍ പരാതിയുടെ പകര്‍പ്പ് കാണിച്ച മാധ്യമപ്രവര്‍ത്തകരോട് നാഥനില്ലാത്ത പരാതിക്ക് പ്രതികരിക്കാനില്ലെന്ന് അന്വേഷണ കമ്മീഷനംഗം കൂടിയായ എ.കെ. ബാലന്‍ പറഞ്ഞു.

പ്രതികരിക്കണമെങ്കില്‍ പരാതി കാണണം എന്ന് ആവശ്യപ്പെട്ട മന്ത്രിക്ക് മാധ്യമങ്ങള്‍ പരാതിയുടെ പകര്‍പ്പ് കാണിക്കുകയായിരുന്നു. ഇത് ആര് ആര്‍ക്കയച്ച പരാതിയാണ്. യഥാര്‍ത്ഥ നിര്‍ദേശം കാണിച്ചാല്‍ പ്രതികരിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

അന്തിമ റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്നും എ.കെ. ബാലന്‍ പറഞ്ഞു. അന്വേഷണം പൂര്‍ത്തിയായി, സാധാരണ അന്വേഷണ കമ്മീഷനുകളും രണ്ടര മാസത്തോളമെടുത്താണ് റിപ്പോര്‍ട്ട് നല്‍കുന്നതെന്നും എ.കെ ബാലന്‍ അറിയിച്ചു.

Also Read:  ബന്ധുനിയമന വിവാദം പാര്‍ട്ടി പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

പി. ശശിക്കെതിരായ അന്വേഷണത്തില്‍ അട്ടിമറിയുണ്ടെന്നാരോപിച്ചാണ് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് യുവതി കത്തയച്ചത്. തെളിവിനായി ഓഡിയോ അടക്കം ഇ-മെയില്‍ വഴി നല്‍കിയിട്ടുണ്ട്.

ശശി ചെയ്ത തെറ്റെന്തെന്ന് ഈ ഓഡിയോ കേട്ടാല്‍ താങ്കള്‍ക്ക് ബോധ്യപ്പെടുമെന്നാണ് പരാതിക്കാരി യെച്ചൂരിയ്ക്ക് അയച്ച ഇ-മെയിലില്‍ പറയുന്നത്. തന്നെ പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാനും ശ്രമമുണ്ടായി എന്നും യുവതി പരാതിയില്‍ പറയുന്നു.

എം.എല്‍.എയ്ക്ക് എതിരെ ഓഗസ്റ്റ് 14നു യുവതി വനിതാ പി.ബി അംഗത്തിനും സംസ്ഥാന സെക്രട്ടറിക്കും സെക്രട്ടേറിയറ്റിലെ ചില പ്രമുഖ നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. അതേസമയം, ശശിക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്നാണ് സി.പി.ഐ.എം പാലക്കാട് ജില്ലാ ഘടകത്തിന്റെ നിലപാട്.

We use cookies to give you the best possible experience. Learn more