| Tuesday, 24th July 2018, 11:30 am

മോഹന്‍ലാലിനെ പുരസ്‌കാരദാന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല: മന്ത്രി എ.കെ ബാലന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിലേക്ക് നടന്‍ മോഹന്‍ലാലിനെ ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ ബാലന്‍. മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ച നടപടി വിവാദമായ സാഹചര്യത്തിലാണ് വിഷയത്തില്‍ വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.

മോഹന്‍ലാലിനെ പരിപാടിയിലേക്ക് ഇതുവരെ ക്ഷണിച്ചിട്ടില്ലെന്നും വിവാദം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിലെ മുഖ്യാതിഥിയായി മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതിനെതിരെ ഭീമ ഹരജി നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചലച്ചിത്ര പുരസ്‌കാര വിവാദം; മോഹന്‍ലാലിനെതിരായ ഭീമഹരജിയില്‍ ഒപ്പിട്ടിട്ടില്ലെന്ന് പ്രകാശ് രാജ്

മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലും പറഞ്ഞിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നല്‍കുന്നത് സര്‍ക്കാര്‍ ആണ്. അതിന്റെ പ്രോട്ടോക്കോള്‍ തീരുമാനിക്കുന്നതും ആരൊക്കെ അതിഥികളാകണം എന്നതും സര്‍ക്കാരിന്റെ തീരുമാനാണെന്നും കമല്‍ വ്യക്തമാക്കിയിരുന്നു.

ചടങ്ങിലേക്ക് തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി നടന്‍ മോഹന്‍ലാലും രംഗത്തെത്തിയിരുന്നു. ” എന്നെ ക്ഷണിച്ചാല്‍ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. ക്ഷണിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. എല്ലാക്കാലത്തും സര്‍ക്കാരുകളോട് രാഷ്ട്രീയം നോക്കാതെ ബഹുമാനത്തോടെയാണു ഞാന്‍ പെരുമാറിയിട്ടുള്ളത്. അവാര്‍ഡ് കിട്ടിയതും കിട്ടാത്തതുമായ ചടങ്ങുകള്‍ക്കു മുന്‍പും ഞാന്‍ പോയിട്ടുണ്ട്.”നിലവില്‍ ക്ഷണിക്കാത്ത കാര്യത്തെക്കുറിച്ച് എങ്ങനെയാണ് പറയുകയെന്നും മോഹന്‍ലാല്‍ ചോദിച്ചിരുന്നു.

ക്ലോസറ്റിലെ വെള്ളം നക്കികുടിക്കുന്നവരായി ആദിവാസി സമൂഹത്തെ ചിത്രീകരിച്ച അലി അക്ബറാണ് സംഘിനേതാവാകാന്‍ പരമയോഗ്യന്‍

സിനിമാ സാംസ്‌ക്കാരിക രംഗത്തുള്ള 105 ഓളം പേരാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങില്‍ മുഖ്യാതിഥിയെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഭീമ ഹരജി നല്‍കിയത്.

സാംസ്‌കാരിക മന്ത്രിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്‌കാരം നല്‍കുന്ന ലളിതവും അന്തസ്സുറ്റതുമായ ഒരു ചടങ്ങായിരിക്കണം കേരള സംസ്ഥാന അവാര്‍ഡ് വിതരണ വേദിയെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

മലയാള സിനിമയിലെ കലാകാരന്മാര്‍ക്കു സ്വന്തം നാട്ടില്‍ നിന്നു ലഭിക്കുന്ന ഏറ്റവും വലിയ ആദരവാണ് ഈ പുരസ്‌കാരം. അതുകൊണ്ടുതന്നെ പുരസ്‌കാരം അവര്‍ക്ക് സമ്മാനിക്കേണ്ടതും സാംസ്‌കാരിക പൂര്‍ണമായ ഒരു കലാ അന്തരീക്ഷത്തില്‍ ആകേണ്ടതുണ്ട്” ഭീമ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more