നിലമ്പൂരിലെ മുഴുവന്‍ ദുരിതബാധിതരേയും പുനരധിവസിപ്പിക്കും: 500 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഇതിനായി ഉപയോഗിക്കുമെന്നും എ.കെ ബാലന്‍
Kerala
നിലമ്പൂരിലെ മുഴുവന്‍ ദുരിതബാധിതരേയും പുനരധിവസിപ്പിക്കും: 500 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഇതിനായി ഉപയോഗിക്കുമെന്നും എ.കെ ബാലന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th August 2019, 1:22 pm

മലപ്പുറം: നിലമ്പൂരിലെ മുഴുവന്‍ ദുരിതബാധിതരെയും പുനരധിവസിപ്പിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍. ഇതിനായി സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ആദിവാസികളുടെ പുനരധിവാസത്തിനായി വനാവകാശ നിയമപ്രകാരമുള്ള 500 ഏക്കര്‍ ഭൂമിയാണ് ഉപയോഗിക്കുക. മറ്റുള്ളവരെ മുണ്ടേരിയിലെ സര്‍ക്കാര്‍ ഭൂമിയലേക്ക് മാറ്റാനും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

242 ഓളം കുടുംബങ്ങളാണ് ഇവിടെ ആകെയുള്ളത്. അതില്‍ 68 ഓളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചത്. എന്നാല്‍ മറ്റു കുടുംബങ്ങളേയും ബാധിക്കുമെന്നതിനാല്‍ അവരേയും താത്ക്കാലികമായി പുനധിവസിപ്പിക്കും.

വീടുകള്‍ ശുചിയായി വെച്ചാലും അങ്ങോട്ട് പോകാന്‍ പലര്‍ക്കും ആശങ്കയുണ്ട്. നിര്‍ബന്ധപൂര്‍വം പോകണമെന്ന് പറയാനും പറ്റില്ല. റിസ്‌ക് എടുത്ത് ഇവരെ അവിടേക്ക് പറഞ്ഞയക്കാനും പറ്റില്ല. അതുകൊണ്ട് തന്നെ താത്ക്കാലികമായി ഇവരെ പുനരധിവസിപ്പിക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

മലപ്പുറം കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശം സന്ദര്‍ശിച്ചശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. അതേസമയം കവളപ്പാറയിലും പുത്തുമലയിലും ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. 15 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍ തുടരുന്നത്. കവറളപ്പാറയില്‍ നിന്ന് ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. 39 പേരുടെ മൃതദേഹമാണ് ഇതുവരെ ഇവിടെ നിന്ന് കണ്ടെടുത്തത്.