| Tuesday, 4th September 2018, 6:23 pm

ഫിലിം ഫെസ്റ്റിവല്‍ ഒഴിവാക്കിയതില്‍  അതൃപ്തിയുമായി  സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍, ചീഫ് സെക്രട്ടറിയോട് വ്യക്തത തേടി

ഡൂള്‍ന്യൂസ് ഡെസ്‌ക്
തിരുവനന്തപുരം: സംസ്ഥാനം നേരിട്ട മഹാപ്രളയത്തിന്റെപാശ്ചത്തലത്തില്‍ ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പടെ എല്ലാ സാംസ്‌കാരിക പരിപാടികളും ഒഴിവാക്കിയ ഉത്തരവിനെ എതിര്‍ത്ത് മന്ത്രി എ.കെ.ബാലന്‍. മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യാതെയാണ് ഉത്തരവിറങ്ങിയതെന്ന് പറഞ്ഞ വ്യക്തമാക്കിയ മന്ത്രി  ചീഫ് സെക്രട്ടറിയോട് വ്യക്തത തേടി.

പ്രളയം ഉണ്ടാക്കിയ വന്‍നാശനഷ്ടത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനും പണം ആവശ്യമായി വരുന്നതിനാലാണ് സാംസ്‌കാരിക വകുപ്പിലെ പ്രധാന പൊതുപരിപാടികളായ കേരള സ്‌കൂള്‍ കലോത്സവവും ചലച്ചിത്രോത്സവവും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ മന്ത്രിമാരുമായി ഇക്കാര്യം കൂടിയാലോചിച്ചില്ലെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. “”ഏതോ ഉദ്യോഗസ്ഥന് തോന്നിയ നോട്ടപ്പിശകാവും ഇത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകാരികമായി ഇത്തരമൊരു തീരുമാനം എടുക്കുമെന്ന് താന്‍ കരുതുന്നില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്,”” അദ്ദേഹം പറഞ്ഞു.



ചലച്ചിത്രോത്സവം നടത്തേണ്ടതില്ലെന്ന തീരുമാനത്തില്‍ അതൃപ്തി അറിയിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ മന്ത്രി എ.കെ.ബാലനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കാതെ അക്കാദമി ഫണ്ട് മാത്രം ഉപയോഗിച്ച് മേള നടത്തണമെന്നാണ് അദ്ദേഹം മന്ത്രി എ.കെ.ബാലനെ അറിയിച്ചത്. മന്ത്രിയും ഈ നിലപാടിനെ പിന്തുണച്ചു.

“”ഈ തീരുമാനത്തോട് മാനസികമായി പൊരുത്തപ്പെടാന്‍ തനിക്ക് സാധിക്കുന്നില്ല. ചലചിത്രോത്സവം നടത്തണമെന്ന് തന്നെയാണ് എന്റെയും നിലപാട്. ചിലവ് കുറച്ച് പരിപാടി നടത്താവുന്നതാണ്,”” മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു.



അതേസമയം, കേരള സ്‌കൂള്‍ കലോത്സവത്തിന്റെ കാര്യത്തിലും തനിക്ക് ഉത്തരവില്‍ പറയുന്ന നിലപാടല്ല ഉളളതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം കേരള തീരത്ത് വീശിയടിച്ച ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്രോത്സവം വേണ്ടെന്ന് വയ്ക്കാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലും വൈസ് ചെയര്‍പേഴ്സണ്‍ ബീന പോളും മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ടാണ് ഈ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റാന്‍ ആവശ്യപ്പെട്ടത്. അത് സര്‍ക്കാര്‍ അംഗീകരിക്കുകയുമായിരുന്നു.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തെ ആഘോഷപരിപാടികളെല്ലാം ഒഴിവാക്കുമെന്നായിരുന്നു  പൊതുഭരണവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ അറിയിച്ചിരുന്നത്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം.
We use cookies to give you the best possible experience. Learn more