| Wednesday, 2nd August 2023, 2:07 pm

'സ്പീക്കറുടെ പരാമര്‍ശം വളച്ചൊടിച്ച് ഭക്തജനങ്ങളെ രംഗത്തിറക്കാനുള്ള ആശയം പ്രചരിപ്പിക്കുന്നത് കേരളം അംഗീകരിക്കില്ല'

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്പീക്കറുടെ പരാമര്‍ശം ആരെയും മുറിവേല്‍പ്പിക്കാന്‍ വേണ്ടി ഉള്ളതായിരുന്നില്ലെന്ന് മന്ത്രി എ.കെ. ബാലന്‍. സ്പീക്കറുടെ പരാമര്‍ശം വളച്ചൊടിച്ച് ഭക്തജനങ്ങളെ രംഗത്തിറക്കാനുള്ള വിഷലിപ്തമായ ആശയം പ്രചരിപ്പിക്കുന്നത് കേരളീയ സമൂഹം ഉള്‍ക്കൊള്ളില്ലെന്നും അതില്‍ മനസറിഞ്ഞുകൊണ്ട് ആരും പങ്കാളികളാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘സ്പീക്കറുമായി ബന്ധപ്പെട്ട് വളരെ വ്യക്തമായി ഞങ്ങള്‍ പറഞ്ഞതാണ്, ഒരു വിധത്തിലും ആരെയും മുറിവേല്‍പ്പിക്കാന്‍ വേണ്ടി അദ്ദേഹം പറഞ്ഞതല്ല. പ്രധാനമന്ത്രിയുടെ ഒരു പരാമര്‍ശവുമായി ബന്ധപ്പെട്ടുകൊണ്ട് ആണ് അദ്ദേഹത്തിന്റെ പ്രസ്താവന. നമ്മുടെ വിദ്യാഭ്യാസ രംഗത്തിന്റെ ഉള്ളടക്കമെന്നത് ശാസ്ത്രമായിരിക്കണം, യുക്തിബോധത്തില്‍ അധിഷ്ഠിതമായിരിക്കണം. അതിന് പ്രധാനമന്ത്രിയുടെ ഇത്തരം പരാമര്‍ശങ്ങള്‍ ഒരിക്കലം ഗുണകരമായിരിക്കില്ല. അത് സ്പീക്കര്‍ പറഞ്ഞത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി തന്നെയാണ്. അതിനെ വളച്ചൊടിച്ച് ഭക്തജനങ്ങളെ രംഗത്തിറക്കാനുള്ള വിഷലിപ്തമായിട്ടുള്ള ആശയം പ്രചരിപ്പിക്കുന്നത് അത് കേരളീയ സമൂഹം ഉള്‍ക്കൊള്ളില്ല. അതില്‍ മനസറിഞ്ഞുകൊണ്ട് ആരും പങ്കാളികളാകില്ല,’ മന്ത്രി പറഞ്ഞു.

ശബരിമല വിഷയത്തില്‍ കോടതി വിധി പോലും കേരളത്തില്‍ നടപ്പാക്കിയില്ലെന്നും ഏതെങ്കിലും വിധത്തില്‍ ഭക്തജനങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള ഒരു സമീപനവും എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

‘ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുകുമാരന്‍ നായര്‍ സ്വീകരിച്ച ഒരു സമീപനമുണ്ട്. സുപ്രീംകോടതിയുടെ അടിസ്ഥാനത്തില്‍ സാങ്കേതികമായി ആ വിധി നടപ്പിലാക്കാതിരുന്നു കഴിഞ്ഞാല്‍ കേരള സര്‍ക്കാരിന് നിലനില്‍ക്കാന്‍ സാധിക്കില്ല. ഇത്തരം ഒരു സാഹചര്യത്തില്‍ കോടതി വിധി പോലും നടപ്പാക്കിയിട്ടില്ല ഇവിടെ. ഏതെങ്കിലും വിധത്തില്‍ ഭക്തജനങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള ഒരു സമീപനവും എടുത്തിട്ടില്ല. തെരഞ്ഞെടുപ്പ് ദിവസം തന്നെ വോട്ട് രേഖപ്പെടുത്തി സുകുമാരന്‍ നായര്‍ പറഞ്ഞത് നിങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് വോട്ട് കൊടുക്കരുതെന്ന് അര്‍ത്ഥം വരുന്ന പരാമര്‍ശങ്ങളാണ്. അപ്പോള്‍ അദ്ദേഹത്തിന്റെ മനസിന്റെ ഉള്ളിലുള്ളത് അന്നേ പ്രകടിപ്പിച്ചതാണ്. അതിന്റെ ഒരു തുടര്‍ച്ചയാണ് ഇന്നിപ്പോള്‍ അദ്ദേഹം കൈകാര്യം ചെയ്യുന്ന കാര്യങ്ങള്‍. ഒരു രൂപത്തിലും ഞങ്ങള്‍ ഇതിനെ വ്യക്തിപരമായി കാണുന്നില്ല,’ എ.കെ. ബാലന്‍ പറഞ്ഞു.

നായര്‍ സമുദായം സുകുമാരന്‍ നായരുടെ കീശയിലാണെന്ന് കരുതേണ്ടെന്ന് പറഞ്ഞ എ.കെ ബാലനെ നേരത്തെ സുകുമാരന്‍ നായര്‍ വിമര്‍ശിച്ചിരുന്നു. എ.കെ ബാലനൊക്കെ ആര് മറുപടി പറയുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. സുകുമാരന്‍ നായരുടെ പ്രസ്താവനക്കുള്ള മറുപടിയുമായാണ് എ.കെ ബാലന്‍ രംഗത്തെത്തിയത്.

Content Highlight: Ak balan against G Sukumaran nair

We use cookies to give you the best possible experience. Learn more