ഇന്ദ്രന്‍സിനും വിനായകനും സംസ്ഥാന പുരസ്‌കാരം നല്‍കിയത് ചിലര്‍ക്ക് ദഹിച്ചിട്ടില്ല: മന്ത്രി എ.കെ ബാലന്‍
Kerala News
ഇന്ദ്രന്‍സിനും വിനായകനും സംസ്ഥാന പുരസ്‌കാരം നല്‍കിയത് ചിലര്‍ക്ക് ദഹിച്ചിട്ടില്ല: മന്ത്രി എ.കെ ബാലന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th October 2018, 10:07 am

പാലക്കാട്: മികച്ച നടന്‍മാര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം ഇന്ദ്രന്‍സിനും വിനായകനും സമ്മാനിച്ചത് ചിലര്‍ക്ക് ദഹിച്ചിട്ടില്ലെന്ന് സാംസ്‌ക്കാരിക മന്ത്രി എകെ ബാലന്‍.

പാലക്കാട് പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമ്മേളനത്തോടനൂബന്ധിച്ചുള്ള പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

“”ഇന്ദന്‍സിനും വിനായകനും സംസ്ഥാന പുരസ്‌ക്കാരം സമ്മാനിച്ചത് ചിലര്‍ക്ക് ദഹിച്ചിട്ടില്ല. ഇപ്പോള്‍ അത് ആരാണെന്ന് വെളിപ്പെടുത്തുന്നില്ല. പിന്നീട് പറയും.


സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനെതിരായ ആക്രമണം; അതിശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി


വിനായകന് അവാര്‍ഡ് കൊടുത്തതിലൂടെ താരത്തിനല്ല, അഭിനയത്തിനാണ് അംഗീകാരമെന്ന് സര്‍ക്കാര്‍ തെളിയിച്ചു. ഇന്ദ്രന്‍സിന്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. ഇത്തരം നിര്‍ണയങ്ങള്‍ ചിലരുടെ മുഖം ചുളിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ശരിയുടെ നിലപാടുമായി മുന്നോട്ടുപോകുകയാണ്. “”- എ.കെ ബാലന്‍ പറഞ്ഞു. നടന്‍ വിനായകന്‍ കൂടി പങ്കെടുത്ത പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

ഡോ. ബിജു, കെ കെ കൊച്ച്, സി ജെ കുട്ടപ്പന്‍, നടന്‍ വിനായകന്‍, ദളിത് ചിന്തകന്‍ കെ എം സലിംകുമാര്‍, ഡോ. പി കെ ബാലകൃഷ്ണന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, നാടന്‍പാട്ട് കലാകാരി പ്രസീത ചാലക്കുടി, ബാല നടന്‍ ചേതന്‍, കായികതാരങ്ങളായ ബബിത, സൂര്യമോള്‍, പൊറാട്ട് നാടക കലാകാരന്‍ മണ്ണൂര്‍ ചന്ദ്രന്‍, കവി ജിതേഷ് തക്കിടിപ്പുറം, നാടന്‍പാട്ട് കലാകാരന്മാരായ ജനാര്‍ദനന്‍ പുതുശേരി, പ്രണവം ശശി എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു

പട്ടികജാതി വിഭാഗക്കാര്‍ക്കുവേണ്ടി ആവശ്യമെങ്കില്‍ ഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്യുമെന്നും ഈ വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വിദ്യാഭ്യാസതൊഴില്‍ മേഖലകളില്‍ നൈപുണ്യം നല്‍കുന്നുണ്ടെന്നും ഇത്തരത്തില്‍ മികവുപുലര്‍ത്തിയ 1500 പേര്‍ക്ക് വിദേശത്ത് തൊഴില്‍ അവസരമൊരുക്കുമെന്നും എ.കെ ബാലന്‍ പറഞ്ഞു.