സ്‌പോണ്‍സര്‍ എന്താണെന്ന് ആദ്യം മനസിലാക്കണം; കേരള സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും കാശെടുക്കാന്‍ കഴിയില്ല: എ.കെ ബാലന്‍
Kerala News
സ്‌പോണ്‍സര്‍ എന്താണെന്ന് ആദ്യം മനസിലാക്കണം; കേരള സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും കാശെടുക്കാന്‍ കഴിയില്ല: എ.കെ ബാലന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd June 2023, 12:16 pm

തിരുവനന്തപുരം: ലോക കേരള സഭ സമ്മേളനത്തിലെ പണപ്പിരിവില്‍ എന്ത് തെറ്റാണുള്ളതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.കെ ബാലന്‍. ഇതിന് മുന്‍പും ഇത്തരത്തില്‍ പണപ്പിരിവ് നടന്നിട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു.

സ്‌പോണ്‍സര്‍ എന്ന് പറയുന്നത് എന്താണെന്ന് ആദ്യം മനസിലാക്കണമെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ കേരള സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും കാശെടുക്കാന്‍ കഴിയില്ലെന്നും ബാലന്‍ അറിയിച്ചു.


‘സ്‌പോണ്‍സര്‍ എന്ന് പറയുന്നത് എന്താണെന്ന് ആദ്യം മനസിലാക്കണം. അവരുടെ യാത്ര അവരുടെ താമസം, ഭക്ഷണം, അവരുടെ കമ്പനിയുടെ പ്രചരണം ഇവയെല്ലാം കൂടി 82 ലക്ഷമാണ് വാങ്ങുന്നത്. ഇതില്‍ എന്താണ് തെറ്റ്? എന്താണ് അപാകത? പണ്ട് ഇവരാരും വാങ്ങിയിട്ടില്ലേ. ഇന്നത്തെ സാഹചര്യത്തില്‍ കേരളവുമായി ബന്ധപ്പെട്ട ഒരു പരിപാടി വിദേശത്ത് നടക്കുന്ന സമയത്ത് കേരള സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും കാശെടുക്കാന്‍ കഴിയില്ല,’ അദ്ദേഹം പറഞ്ഞു.

വിവിധ രാജ്യങ്ങളിലെ പ്രവാസികള്‍ മനസ്സറിഞ്ഞ് പദ്ധതിയുമായി സഹകരിക്കുമ്പോള്‍ എന്തിനാണ് ഇത്ര അസൂയയെന്നും ബാലന്‍ ചോദിച്ചു. ഇത് വിവിധ രാജ്യങ്ങളിലെ മലയാളികളുടെ കുടുംബ സംഗമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വിവിധ രാജ്യങ്ങളിലെ നമ്മുടെ പ്രിയപ്പെട്ട പ്രവാസികള്‍ മനസ്സറിഞ്ഞ് ഒരു പദ്ധതിയുമായി സഹകരിക്കുമ്പോള്‍ എന്തിനാണ് ഇത്ര അസൂയ? ഇത് വിവിധ രാജ്യങ്ങളിലെ മലയാളികളുടെ കുടുംബ സംഗമമാണെന്ന് ആദ്യം മനസിലാക്കുക. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ഇതിന് ആരംഭം കുറിക്കുന്നത്. അത് ലോകത്തിലെ എല്ലാ മലയാളി സുഹൃത്തുക്കളും സ്വീകരിച്ചതാണ്,’അദ്ദേഹം പറഞ്ഞു.

മുന്‍പ് പ്രവാസികളെ അപമാനിച്ചവര്‍, എന്തിനുവേണ്ടിയാണ് സമ്മേളനം ബഹിഷ്‌കരിക്കുന്നതെന്നും ബാലന്‍ ചോദിച്ചു.

‘ഒന്നാം സമ്മേളനം ഇവര്‍ ബഹിഷ്‌കരിച്ചു. രണ്ടാം സമ്മേളനം ബഹിഷ്‌കരിച്ചു. മൂന്നാം സമ്മേളനം ബഹിഷ്‌കരിച്ചു. ഇപ്പോള്‍ മേഖല സമ്മേളനവും ബഹിഷ്‌കരിക്കുകയാണ്. എന്തിനുവേണ്ടി? പ്രവാസികളെ പ്രതിപക്ഷം അപമാനിച്ചില്ലേ ഒരു ഘട്ടത്തില്‍. പ്രവാസികളെ ഇങ്ങനെ അപമാനിക്കേണ്ട കാര്യമുണ്ടോ. ഇതുമായി ബന്ധപ്പെട്ട് കൊണ്ട് കേരള സര്‍ക്കാര്‍ ഒരു മാതൃക സൃഷ്ടിച്ചു. ഇതില്‍ പ്രവാസികള്‍ക്ക് ആശ്വാസമാണ് ഉള്ളത്. നിരവധി പദ്ധതികള്‍ സൃഷ്ടിച്ചു. ഏതാ നടപ്പിലാക്കിയതെന്ന് ചോദിച്ചില്ലേ? പ്രവാസി പോര്‍ട്ടല്‍. ആദ്യത്തെ പദ്ധതി നടപ്പിലാക്കിയതാണ്,’ അദ്ദേഹം പറഞ്ഞു.

നേരത്തെ കേരള സഭാ സമ്മേളനത്തിലെ പണപ്പിരിവിനെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയെ കാണാന്‍ പണം മുടക്കേണ്ടി വരുന്നത് അപമാനകരമാണെന്നും അത്തരത്തിലുള്ള പരിപാടിയില്‍ പങ്കെടുക്കരുതെന്നും വി.ഡി. സതീശന്‍ പറഞ്ഞിരുന്നു.

Contenthighlight: AK Balan about loka kerala sabha sammelanam