കാര്‍ട്ടൂണില്‍ മതചിഹ്നങ്ങള്‍ ഉപയോഗിക്കരുതായിരുന്നു; അവാര്‍ഡ് നിര്‍ണയത്തില്‍ സര്‍ക്കാര്‍ കൈകടത്തിയിട്ടില്ല: ലളിതകല അക്കാദമി പുരസ്‌കാര വിവാദത്തില്‍ എ.കെ ബാലന്‍
Kerala
കാര്‍ട്ടൂണില്‍ മതചിഹ്നങ്ങള്‍ ഉപയോഗിക്കരുതായിരുന്നു; അവാര്‍ഡ് നിര്‍ണയത്തില്‍ സര്‍ക്കാര്‍ കൈകടത്തിയിട്ടില്ല: ലളിതകല അക്കാദമി പുരസ്‌കാര വിവാദത്തില്‍ എ.കെ ബാലന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th June 2019, 12:06 pm

തിരുവനന്തപുരം: ലളിതകലാ അക്കാദമി പുരസ്‌കാരം നേടിയ കാര്‍ട്ടൂണിനെതിരായ കെ.സി.ബി.സി വിമര്‍ശനത്തില്‍ മറുപടിയുമായി മന്ത്രി എ.കെ ബാലന്‍.

അവാര്‍ഡ് നിശ്ചയിച്ച കമ്മിറ്റിയുടെ സ്വതന്ത്ര തീരുമാനമായിരുന്നുവെന്നും സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ കൈ കടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കാര്‍ട്ടൂണ്‍ പരിശോധിച്ചുവെന്നും ആ കാര്‍ട്ടൂണ്‍ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് സര്‍ക്കാര്‍ വിലയിരുത്തിയെന്നും മന്ത്രി പറഞ്ഞു.

ഇത് അംഗീകരിക്കാന്‍ കഴിയില്ല. അവാര്‍ഡ് നിര്‍ണയം ലളിതകല അക്കാദമി പുനഃപരിശോധിക്കണം. ഫ്രാങ്കോ മുളയ്ക്കലിനെ അപഹസിച്ച് ചിത്രീകരിച്ച കാര്‍ട്ടൂണാണിത്. ഇതില്‍ എതിര്‍പ്പില്ല. എന്നാല്‍, മതചിഹ്നങ്ങളെ ഉപയോഗിക്കരുതായിരുന്നെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.

കെ.സി.ബി.സിയുടെ വികാരം ശരിയാണ്. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം അടിസ്ഥാനമാക്കി മത ന്യൂനപക്ഷത്തോടുള്ള വിദ്വേഷമാണെന്ന ആരോപണം തെറ്റാണ്.

മുഖ്യമന്ത്രിയെ അവഹേളിച്ച കാര്‍ട്ടൂണിന് 2018 ല്‍ മുഖ്യമന്ത്രി തന്നെ അവാര്‍ഡ് കൊടുത്തിരുന്നു. ആ സഹിഷ്ണുത സര്‍ക്കാരിനുണ്ട്. ജൂറിമാര്‍ക്ക് വീഴ്ച്ച പറ്റിയോ എന്ന് ലളിതകല അക്കാദമി പരിശോധിക്കണമെന്നും എ.കെ ബാലന്‍ പറഞ്ഞു.

പുരസ്‌കാരം നേടിയ കാര്‍ട്ടൂണ്‍ ക്രിസ്തീയ മത പ്രതീകങ്ങളെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കെ.സി.ബി.സിയാണ് ആദ്യം രംഗത്തെത്തിയത്.

സര്‍ക്കാര്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുകയാണെന്നായിരുന്നു കെ.സി.ബി.സിയുടെ ആരോപണം. ക്രൈസ്തവ വിശ്വാസ പ്രതീകമായ നല്ല ഇടയനെ അവഹേളിക്കുന്നതാണ് കാര്‍ട്ടൂണ്‍ എന്നും കെ.സി.ബി.സി ആരോപിക്കുന്നു.

കെ.കെ സുഭാഷിന്റെ ‘വിശ്വാസം രക്ഷതി’ എന്ന പേരിലെ കാര്‍ട്ടൂണാണ് സഭയെ ചൊടിപ്പിച്ചത്. സ്ത്രീ പീഡകര്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കുമുള്ള വിമര്‍ശനമാണ് കാര്‍ട്ടൂണ്‍.

പീഡന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കയ്യിലെ മെത്രാന്‍ സ്ഥാനീയ ചിഹ്നത്തില്‍ അടിവസ്ത്രത്തിന്റെ ചിത്രം ചേര്‍ത്തായിരുന്നു കാര്‍ട്ടൂണ്‍ വരച്ചത്.

പൂവന്‍ കോഴിക്ക് ഫ്രാങ്കോയുടെ മുഖമാണ്. കൈയില്‍ മെത്രാന്‍ സ്ഥാനീയ ചിഹ്നവും. കോഴിയുടെ നില്‍പ്പ് പൊലീസിന്റെ തൊപ്പിക്ക് മുകളിലാണ്. തൊപ്പി പിടിക്കുന്നയാള്‍ക്ക് പി.സി ജോര്‍ജ്ജിന്റേയും ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിയുടേയും മുഖം. ഇതാണ് കാര്‍ട്ടൂണ്‍ ചര്‍ച്ചയാക്കുന്ന വിമര്‍ശനം.

ജലന്തര്‍ ബിഷപ്പായ ഫ്രാങ്കോയെ പീഡനത്തില്‍ നിന്ന് രക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചുവെന്ന വിമര്‍ശനമാണ് ഇതിലുള്ളത്. പി.സി ജോര്‍ജ് ഫ്രാങ്കോയെ പിന്തുണച്ചതും ചര്‍ച്ചയാക്കുന്നു.

കുരിശിന് പകരം അപമാനകരമായ ചിഹ്നം വരച്ച വികല ചിത്രത്തിനാണ് ഇടതുസര്‍ക്കാര്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരിക്കുന്നതെന്നും ക്രിസ്ത്യന്‍ ന്യൂനപക്ഷം തെരഞ്ഞെടുപ്പില്‍ ഒപ്പം നിന്നില്ലെന്ന മാര്‍കിസ്റ്റുപാര്‍ട്ടിയുടെ വിലയിരുത്തലാണോ കാര്‍ട്ടൂണ്‍ പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നിലെ പ്രചോദനമെന്ന് സംശയിക്കുന്നതായും കെ.സി.ബി.സി വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു.

പ്രകോപനം ഉണ്ടാക്കുന്ന പുരസ്‌കാര പ്രഖ്യാപനം എന്നാണ് ലളിത കലാ അക്കാഡമിയുടെ പുരസ്‌കാരത്തെ സഭ വിശേഷിപ്പിക്കുന്നത്.

അക്കാദമി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന കാര്‍ട്ടൂണ്‍ അങ്ങേയറ്റം പ്രകോപനപരവും പ്രതിഷേധാര്‍ഹവുമാണ്. പുരസ്‌കാരം പിന്‍വലിക്കാനും ജനങ്ങളുടെ നികുതി പണം ദുരുപയോഗിച്ചതിന് പൊതുസമൂഹത്തോടും മതപ്രതീകത്തെ അപമാനിച്ചതിന് ക്രിസ്തീയ സമൂഹത്തോടും മാപ്പുപറയാന്‍ അക്കാദമി ഭാരവാഹികള്‍ തയ്യാറാകണം. ഇതാണോ ഇടതു സര്‍ക്കാരിന്റെ ന്യൂനപക്ഷ സംരക്ഷണവും മതേതരത്വും എന്ന് സംസ്‌ക്കാരിക വകുപ്പ് മന്ത്രി വ്യക്തമാക്കണമെന്നും ഫാ. വര്‍ഗീസ് ആവശ്യപ്പെട്ടു.

കേരള ലളിതകലാ അക്കാദമിയുടെ ഫോട്ടോഗ്രഫി, കാര്‍ട്ടൂണ്‍ പുരസ്‌കാരങ്ങള്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്. മുഹമ്മദ് സാഫി (ഫോട്ടോഗ്രഫി), കെ.കെ. സുഭാഷ് (കാര്‍ട്ടൂണ്‍), അനൂപ് കൃഷ്ണ, ലിഷോയ് നാരായണന്‍ (ഫോട്ടോഗ്രഫി ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം), എ. സതീഷ് കുമാര്‍, മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ ഉണ്ണിക്കൃഷ്ണന്‍ (കാര്‍ട്ടൂണ്‍ ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം) എന്നിവര്‍ക്കാണ് പുരസ്‌കാരം.

135 ഫോട്ടോഗ്രാഫുകള്‍ സംസ്ഥാന പുരസ്‌കാര പരിഗണനയ്ക്കായി ലഭിച്ചു. കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കാനും പുരസ്‌കാരത്തിനുമായി 29 അപേക്ഷകളാണ് ലഭിച്ചത്. പ്രാഥമിക മൂല്യനിര്‍ണയത്തില്‍ സംസ്ഥാന പ്രദര്‍ശനത്തിന് 22 പേരുടെ സൃഷ്ടികളും തിരഞ്ഞെടുത്തു.