| Saturday, 3rd February 2024, 9:56 am

എയ്ഡഡ് മേഖലയിലെ സംവരണനിഷേധം; സുകുമാരന്‍ നായര്‍ അഭിപ്രായം പറയണമെന്ന് എ.കെ ബാലന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എയ്ഡഡ് മേഖലയിലെ തൊഴിലവസരങ്ങളില്‍ സംവരണം നിഷേധിക്കുന്നത് സംബന്ധിച്ച് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നിലപാട് വ്യക്തമാക്കണമെന്ന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്‍.

സംസ്ഥാനത്തെ എയ്ഡഡ് മേഖലയില്‍ പട്ടികജാതി-വര്‍ഗക്കാര്‍ 0.36 ശതമാനമാണെന്ന കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിഷയത്തില്‍ എ.കെ ബാലന്‍ പ്രതികരിച്ചത്. അതേസമയം, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ ഒരു ലക്ഷത്തിലധികം അധ്യാപകരും ജീവനക്കാരുമുള്ള എയ്ഡഡ് മേഖലയില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 0.36 ശതമാനം മാത്രമേ ജോലി ലഭിക്കുന്നുള്ളൂ എന്ന റിപ്പോര്‍ട്ടിന്റെ നിജസ്ഥിതി സുകുമാരന്‍ നായര്‍ പരിശോധിക്കണം.

അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതില്‍ അദ്ദേഹം അഭിപ്രായം പറയണം. ഇക്കാര്യത്തില്‍ എന്‍.എസ്.എസിന്റെ നിലപാടല്ല എസ്.എന്‍.ഡി.പിയും മറ്റ് മതന്യൂനപക്ഷ സംഘടനകളും സ്വീകരിച്ചിട്ടുള്ളത്.

ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാനോ അടിച്ചേല്‍പ്പിക്കാനോ പോകുന്നില്ല. മെറിറ്റിന്റേയും സംവരണത്തിന്റേയും അടിസ്ഥാനത്തില്‍ മാന്യമായ ജോലി അവര്‍ക്ക് ലഭിക്കണം. ഇത് നിഷേധിക്കുന്നു. സുകുമാരന്‍ നായര്‍ അനുകൂല തീരുമാനമെടുത്താല്‍ മികച്ച സമീപനമാകുമെന്നും ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. അടിച്ചേല്‍പ്പിക്കാനും പോകുന്നില്ല. സമവായമുണ്ടായാല്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളില്‍ മികച്ചവിദ്യാഭ്യാസം നേടിയ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റിന്റെയും സംവരണത്തിന്റെയും അടിസ്ഥാനത്തില്‍ മാന്യമായ ജോലികിട്ടും,’ എ.കെ. ബാലന്‍ പറഞ്ഞു.

എക്‌സാലോജിക് കേസില്‍, സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷണം മുഖ്യമന്ത്രിയെയും കുടുംബത്തെയും അവഹേളിക്കാനുള്ള ഗൂഢാലോചനയെന്നും എ.കെ. ബാലന്‍ പറഞ്ഞു.

Content Highlight: AK Balan About Deniel of Reservation

We use cookies to give you the best possible experience. Learn more