തിരുവനന്തപുരം: ലളിത കലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ വിവാദത്തില്‍ വ്യക്തമായ നിലപാട് പറയാനാവാതെ സാസ്‌ക്കാരിക മന്ത്രിയുടെ വാര്‍ത്താസമ്മേളനം.
ആവിഷ്‌കാര സ്വാതന്ത്ര്യം പരിപൂര്‍ണമായി അംഗീകരിക്കുന്ന ഗവര്‍മെന്റാണ് കേരളത്തിലേതെന്നും സഹിഷ്ണുതയുടെ ഏറ്റവും ഉന്നതമായ തലം ഗവര്‍മെന്റിന്റെ ഭാഗത്ത് നിന്ന് തന്നെ കാണിച്ചുകൊടുത്തിട്ടുണ്ടെന്നുമായിരുന്നു എ.കെ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
അവാര്‍ഡ് പുനപരിശോധിക്കില്ലെന്ന അക്കാദമിയുടെ തീരുമാനം സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്നും അതിന് മുന്‍പ് തന്നെ അക്കാദമി വാര്‍ത്താസമ്മേളം നടത്തുകയായിരുന്നെന്നും എ.കെ ബാലന്‍ പറഞ്ഞു.
”ഒരു തരത്തിലുള്ള നിയന്ത്രണവും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലുണ്ടായിട്ടില്ല. കഴിഞ്ഞ പ്രാവശ്യം മാതൃഭൂമിയിലെ ഗോപീകൃഷ്ണന്‍ വരച്ച കാര്‍ട്ടൂണ്‍ എല്ലാവരും കണ്ടതാണ്. കടക്ക് പുറത്ത് എന്ന ആശയം. വി.ജെ.ടി ഹാളില്‍ മുഖ്യമന്ത്രിയാണ് അവാര്‍ഡ് വിതരണം നടത്താന്‍ തീരുമാനിച്ചത്. അപ്പോള്‍ എന്റെ മനസില്‍ ആശങ്കയുണ്ടായിരുന്നു ചിലപ്പോള്‍ ഇതിന്റെ സന്ദേശം സി.എമ്മിനോട് പറഞ്ഞുകഴിഞ്ഞാല്‍ അദ്ദേഹം വരില്ലെങ്കില്‍ അതൊരു ബുദ്ധിമുട്ടായിരിക്കുമല്ലോ എന്നോര്‍ത്ത്. അതായത് കേരളത്തിലെ അറവുശാല നടത്തുന്ന, മനുഷ്യനെ കൊന്ന് തലച്ചോറ് വില്‍പ്പനയ്ക്ക് വെച്ച രണ്ട് നേതാവാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എന്ന് ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ ആയിരുന്നു അത്. ആ കാര്‍ട്ടൂണിന് വരെ പുരസ്‌കാരം കൊടുത്ത ഗവര്‍മെന്റാണ് ഇത്. ആര്‍ക്കെതിരായിട്ടാണോ ഈ രൂപത്തില്‍ ചിത്രീകരിച്ചത്. അവര്‍ തന്നെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ആരോഗ്യകരമായ ഉള്ളടക്കം ഉള്‍ക്കൊണ്ടു കൊണ്ട് അത് അംഗീകരിച്ചുകൊടുത്തിട്ടുണ്ട്.
ഒരു അസംതൃപ്തിയും രേഖപ്പെടുത്തിയിരുന്നില്ല. അതുകൊണ്ട് തെറ്റായ ധാരണ ഉണ്ടാകാന്‍ പാടില്ല. ഗവര്‍മെന്റിന് അസഹിഷ്ണുത ഉണ്ടെന്ന് ധരിക്കരുത്. ഈ രൂപത്തില്‍ ചിത്രീകരണം ഉണ്ടായിട്ട് അത് സഹിച്ചത് സഹിഷ്ണുതയുടെ ഭാഗമായിട്ടാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ നൂറ് ശതമാനം അംഗീകരിക്കുക എന്ന ബോധത്തൊടെയാണ് ഇത്.
അതേസമീപനം തന്നെയാണ് സര്‍ഗാത്മക സൃഷ്ടികളോടും ഗവര്‍മെന്റ് കാണിച്ചത്. ഇവിടെ വന്ന പ്രശ്‌നം നിങ്ങള്‍ക്കറിയാം. ഇതിനെ വേറെ ഒരു
തലത്തിലേക്ക് കൊണ്ടുപോകാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. സര്‍ക്കാരിനെതിരായി ഒരു പ്രത്യേക വിഭാഗത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഒന്നാഞ്ഞടിക്കാം എന്ന് കുറേപേര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അത് വിലപ്പോയില്ല. ”- മന്ത്രി പറഞ്ഞു.
മതവിശ്വാസവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു സിമ്പലിനെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ഞങ്ങളല്ല പറഞ്ഞത് ഏത് വിഭാഗത്തിനെതിരെയിട്ടാണോ ചിത്രീകരിക്കപ്പെട്ടത് അവരാണ് പറഞ്ഞത്. അത് ലക്ഷക്കണക്കിന് വിശ്വാസികളുടെ ഭാഗമായിട്ടാണ് പറഞ്ഞത്.
ആ വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് സഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചു. ഞാന്‍ മറുപടിയും പറഞ്ഞു. സ്വാഭാവികമായും ഒരു സര്‍ക്കാരിനെ സംബന്ധിച്ച് അതേ കരണീയമായിട്ടുള്ളൂ. പ്രതിപക്ഷവും ഒരു പ്രത്യേക വിഭാഗവും പറയുന്നത് ഗവര്‍മെന്റ് ഉള്‍ക്കൊള്ളില്ലെന്ന പ്രചരണം വരാറുണ്ട്. ഏകപക്ഷീയമായി പ്രത്യേക ആശയം അടിച്ചേല്‍പ്പിക്കുന്നതിന്റെ ഭാഗമായി വരുന്നതാണ് എന്ന ചിന്ത ഉത്പാദിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതിലും വളരെ ബാലന്‍സ് ചെയ്ത സമീപനമാണ് എടുത്തത്. എല്ലാം പരിശോധിച്ച് അക്കാദമി റിവ്യൂ ചെയ്യണമെന്നാണ് പറഞ്ഞത്. അപ്പോഴും സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ചിട്ടില്ല. സര്‍ക്കാരിന് വേണമെങ്കില്‍ അപ്പോള്‍ തന്നെ റിജക്ട് ചെയ്യാം. അതിനുള്ള അധികാരം സര്‍ക്കാരിനുണ്ട്. ഇല്ല എന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ അത് അറിയാത്തതുകൊണ്ടാണ്.
ഇത് പരിശോധിച്ച് റിവ്യൂ ചെയ്യണമെന്നാണ് പറഞ്ഞത്. അവര്‍ പരിശോധിച്ചു. ആദ്യം എടുത്ത തീരുമാനത്തില്‍ തന്നെ നില്‍ക്കുകയാണ്. അതില്‍ ഗവര്‍മെന്റിന്റെ പ്രതിനിധികള്‍ പങ്കെടുത്തിട്ടില്ല. എടുത്ത തീരുമാനം അവര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. അതിന് മുന്‍പേ അവര്‍ പത്ര സമ്മേളനം നടത്തി പറയുകയും ചെയ്തു.
ഗവര്‍മെന്റ് എന്ന് പറയുന്നത് ഏതെങ്കിലും ഒരു പ്രത്യേക ബോധത്തിന്റെ സൃഷ്ടിയല്ലല്ലോ അതില്‍ ബൗദ്ധിക വാദികളുണ്ട്. വൈരുദ്ധ്യാധിഷ്ടിത ബൗദ്ധിക വാദികളുണ്ട്. ആത്മീയവാദികളൊക്കെയുണ്ട്. ഗവര്‍മെന്റിനെ സംബന്ധിച്ചിടത്തോളം എല്ലാവരുടേയും വിശ്വാസം ആര്‍ജിക്കുക എന്നതാണ് കരണീയമായിട്ടുള്ളത്. ഏതെങ്കിലും രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കുക, അതിനെ സഹായിക്കുന്ന രൂപത്തില്‍ ലീഡ് ചെയ്യുക ഇതിനൊന്നും സര്‍ക്കാരിനെ കിട്ടില്ല.
ഗവര്‍മെന്റ് ഉത്തവ വിശ്വാസത്തിലെടുത്ത തീരുമാനത്തെ ദുര്‍വ്യാഖ്യാനിക്കേണ്ടതില്ല. അവര്‍ പുനപരിശോധിക്കുന്നില്ല എന്നാണ് പറയുന്നത്. അതിന്റെ വരും നടപടികളെ കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കും.- മന്ത്രി പറഞ്ഞു.
എന്റെ കീഴില്‍ നിരവധി അക്കാദമികളുണ്ട്. അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ മാത്രമേ അവാര്‍ഡ് ആര്‍ക്കാണെന്ന് അറിയുന്നുള്ളൂ. ജൂറിയെ വെക്കുന്നത് അവരാണ്. അവാര്‍ഡ് കൊടുക്കുന്നതിന്റെ അഞ്ച് മിനുട്ട് മുന്‍പ് പോലും ആര്‍ക്കാണ് അവാര്‍ഡ് കൊടുക്കുന്നതെന്ന് ഞാന്‍ ചോദിച്ചിട്ടില്ല. കാരണം അതല്ല ഞങ്ങളുടെ സമീപനം. സര്‍ക്കാര്‍ പ്രതിനിധിയെന്ന നിലയില്‍ അവാര്‍ഡ് പ്രഖ്യാപിക്കും. പണ്ട് ആരെങ്കിലും ഇടപെട്ടിട്ടുണ്ടോ എന്നറയില്ല. ഞങ്ങള്‍ എന്തായാലും ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല. – മന്ത്രി പറഞ്ഞു.
അക്കാദമി പുനസംഘടിപ്പിക്കുമോ എന്ന ചോദ്യത്തിന് അതിലൊന്നും ഗവര്‍മെന്റ് തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു എ.കെ ബാലന്റെ മറുപടി.
ലളിതകലാ അക്കാദമി സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമാണ്. സ്വതന്ത്രമാണെന്ന ധാരണ അക്കാദമിക്കില്ലെങ്കിലും മറ്റ് പലര്‍ക്കുമുണ്ട്. ലളിതകലാ അക്കാദമി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിയമപ്രകാരമാണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന് ഒരു തരത്തിലുള്ള അസഹിഷ്ണുതയും ഇല്ലെന്നും എ.കെ ബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അക്കാദമി നിലപാട് തെറ്റാണെന്നോ ശരിയാണെന്നോ പറയാതെയും സര്‍ക്കാര്‍ നിലപാട് എന്താകുമെന്നും വ്യക്തമാക്കാതെയാണ് എ.കെ ബാലന്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്.