'സ്‌നേഹത്തിന്റെ കുളിര്‍മ' എ.കെ.ജിയെക്കുറിച്ച് വി.ടി ബല്‍റാമിന്റെ നേതാവ് എ.കെ ആന്റണിയെഴുതിയ ലേഖനം വായിക്കാം
Kerala Politics
'സ്‌നേഹത്തിന്റെ കുളിര്‍മ' എ.കെ.ജിയെക്കുറിച്ച് വി.ടി ബല്‍റാമിന്റെ നേതാവ് എ.കെ ആന്റണിയെഴുതിയ ലേഖനം വായിക്കാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th January 2018, 9:07 am

 

പാവങ്ങളുടെ പടത്തലവനും നിസ്വാര്‍ത്ഥനായ പൊതുപ്രവര്‍ത്തകനും മനുഷ്യസ്‌നേഹിയായ കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു എ.കെ.ജി. കാപട്യലേശമില്ലാതെ പൊതുജനങ്ങളുമായി അടുത്തിടപഴകാനും തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ഏത് വേദിയിലും ശക്തിയായി ഉന്നയിക്കാനും തന്റേടം കാട്ടിയ വിപ്ലവകാരി.

വടക്കേ മലബാറിലെ ഒരു ജന്മികുടുംബത്തിലാണ് ജനിച്ചു വളര്‍ന്നതെങ്കിലും ജന്മിത്തത്തിന്റെ ക്രൂരമുഖത്തിനെതിരെ സന്ധിയില്ലാതെ സമരം നയിക്കുക എന്നതായിരുന്നു എ.കെ.ജിയുടെ നിയോഗം. ഇത്രയേറെ വൈവിധ്യമാര്‍ന്ന കഷ്ടതകള്‍ നിറഞ്ഞ ജീവിതാനുഭവങ്ങള്‍ കേരളത്തിലെ മറ്റേതെങ്കിലും രാഷ്ട്രീയ നേതാവിന് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.

ചെറുപ്പത്തില്‍തന്നെ ദേശീയ പ്രസ്താനത്തിലേക്ക് എടുത്തുചാടിയ എ.കെ.ജി ആദ്യകാലത്ത് കോണ്‍ഗ്രസിന്റെ ശക്തനായ സമരഭടനായിരുന്നു. മഹാത്മജിയുടെ നേതൃത്വത്തില്‍ നടത്തിയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ വളരെ ആവേശപൂര്‍വ്വം പങ്കെടുത്ത അദ്ദേഹം ബ്രിട്ടീഷ് മേല്‍ക്കോയ്മയ്ക്കും ജന്മി കുടിയാന്‍ വ്യവസ്ഥകള്‍ക്കും അയിത്തം തുടങ്ങിയ സാമൂഹിക തിന്മകള്‍ക്കുമെതിരെ ആവേശത്തോടെ പോരാടി. ഒരു നേതാവെന്ന നിലയിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച തികച്ചും സ്വാഭാവികമായിരുന്നു. കറകളഞ്ഞ മനുഷ്യസ്‌നേഹമാണ് അദ്ദേഹത്തെ ജനങ്ങളുമായി ഏറെ അടുപ്പിച്ചത്.

സമരം നയിക്കലും ഒളിവില്‍പ്പോകലും അറസ്റ്റു വരിക്കലും ജയില്‍വാസവും ക്രമേണ എ.കെ.ജിയുടെ സ്വഭാവമായി മാറി. സമൂഹത്തിലെ അംഗീകൃത മാമൂലുകള്‍ക്കെതിരെ പോരാടിയ അദ്ദേഹത്തിന് പലപ്പോഴും ദിവസങ്ങളോളം പട്ടിണി കിടക്കേണ്ടിയും വന്നിട്ടുണ്ട്. അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാനായി നാടുവിടേണ്ടിയും വേഷം മാറി ജീവിക്കേണ്ടിയും വന്നിട്ടുണ്ട്.

സ്‌കൂള്‍ അധ്യാപകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന എ.കെ.ജി ക്രമേണ സോഷ്യലിസ്റ്റ് ആശയങ്ങളോടും കമ്മ്യൂണിസത്തോടും ആഭിമുഖ്യം വളര്‍ത്തുകയാണുണ്ടായത്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണ് അദ്ദേഹം ഇക്കാലത്ത് മുഖ്യമായും ചെയ്തത്. ഏക്കാലവും അദ്ദേഹം അദ്വാനിക്കുന്നവരുടെയും തൊഴിലാളികളുടെയും പക്ഷത്തായിരുന്നു. അഴരുടെ ജോലിഭാരം കുറയ്ക്കാനും കൂലി വര്‍ധിപ്പിച്ചുകിട്ടാനുമായി എ.കെ.ജി നടത്തിയ സമരങ്ങള്‍ ഒട്ടേറെയാണ്.


Must Read:‘ബാലപീഡനം’ എന്ന ആരോപണത്തിന് തെളിവെവിടെ? : വി.ടി ബല്‍റാമിന്റെ വിശദീകരണം അക്കമിട്ട് നിരത്തി മറുപടിയുമായി കെ.ജെ ജേക്കബ്


പണിമുടക്കുകളുടെയും പട്ടിണി സമരങ്ങളുടെയും ശക്തനായ പ്രയോക്താവായിരുന്നു എ.കെ.ജി. അദ്ദേഹം നടത്തിയ പണിമുടക്കുകള്‍ ന്യായമായ കാര്യങ്ങള്‍ക്കുവേണ്ടിയായിരുന്നു. തന്മൂലം അവയ്ക്ക് വമ്പിച്ച ജനപിന്തുണയും ലഭിച്ചു. അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ പണിമുടക്കുന്ന തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ആവേശം പകര്‍ന്നു.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വളര്‍ച്ചയിലും വികാസത്തിലും എ.കെ.ജി നല്‍കിയ സംഭാവനകള്‍ ശ്രദ്ധേയമാണ്. പാര്‍ലമെന്ററി മര്യാദകള്‍ പാലിക്കണമെന്ന് നിര്‍ബന്ധമുള്ള വ്യക്തിയായിരുന്നു എ.കെ.ജി. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പാര്‍ലമെന്റില്‍ പ്രശ്‌നങ്ങള്‍ ഉന്നയിക്കുകയും സര്‍ക്കാര്‍ പക്ഷത്തിന്റെ നടപടികളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുമ്പോഴും വ്യക്തിബന്ധങ്ങളില്‍ തികഞ്ഞ മാന്യത പുലര്‍ത്താന്‍ കഴിഞ്ഞിരുന്ന ഒരു സംസ്‌കാര സമ്പന്നനായിരുന്നു അദ്ദേഹം. എ.കെ.ജിയുടെ സൃഷ്ടിപരമായ വിമര്‍ശനങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റും ഇന്ത്യയിലെ ജനങ്ങളും ശ്രദ്ധയോടെ കേട്ടു.

കേരളത്തിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളായ അദ്ദേഹവുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചിട്ടുണ്ട്. പല കാര്യങ്ങളിലും ആശയപരമായി ഭിന്നാഭിപ്രായം ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയും ആര്‍ജവവും എനിക്ക് ഏറെ മതിപ്പുളവാക്കിയ കാര്യങ്ങളാണ്.

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ ഇടക്കിടക്ക് ഞാന്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നു. മുഹമ്മയിലെ സുശീലയുടെ വീട്ടിലും ദില്ലിയില്‍ എ.കെ.ജിയുടെ ക്വാട്ടേഴ്‌സിലും നിരവധി തവണ അദ്ദേഹത്തെ സന്ദര്‍ശിച്ചിട്ടുണ്ട്. മിക്ക സന്ദര്‍ഭങ്ങളിലും എന്തെങ്കിലും കാര്യമായി ഭക്ഷണം കഴിപ്പിക്കാതെ മടക്കി അയക്കാറുമില്ല. എ.കെ.ജി കേരളത്തിലെ പല ആശുപത്രികളിലും കിടന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

രാഷ്ട്രീയ ഭിന്നതകളൊന്നും വ്യക്തിബന്ധങ്ങള്‍ക്ക് തടസമായിട്ടില്ല. വ്യക്തിപരമായി അദ്ദേഹം നല്‍കിയ നിര്‍ദേശങ്ങളും ഉപദേശങ്ങളും ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു. കാറപകടത്തെ തുടര്‍ന്ന് ഞാന്‍ കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവസരത്തില്‍ എ.കെ.ജി കാണിച്ച സ്‌നേഹവും ഉത്കണ്ഠയും എന്റെ മനസില്‍ കുളിര്‍മയുള്ള അനുഭവമായി നില്‍നില്‍ക്കുന്നു.

കടപ്പാട്: ദേശാഭിമാനി