ന്യൂദല്‍ഹി : കോണ്‍ഗ്രസിന്റെ അച്ചടക്ക സമിതി ചെയര്‍മാനായി മുന്‍ പ്രതിരോധമന്ത്രിയും കേരള മുന്‍ മുഖ്യമന്ത്രിയുമായ എ.കെ. ആന്റണിയെ നിയമിച്ചു. അഞ്ചംഗ സമിതിയെയാണ് എ.ഐ.സി.സി പ്രഖ്യാപിച്ചിരിക്കുന്നത്.
അംബിക സോണി, താരിഖ് അന്‍വര്‍, ജി. പരമേശ്വര്‍, ജയ് പ്രകാശ് അഗര്‍വാള്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലും സംസ്ഥാനങ്ങളിലും നേതൃ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് എ.ഐ.സി.സി യുദ്ധകാലാടിസ്ഥാനത്തില്‍ അച്ചടക്ക സമിതി പുനസംഘടിപ്പിച്ചത്.
രാജസ്ഥാന്‍, പഞ്ചാബ്, കേരളം, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ക്ക് പുറമെ ജമ്മു കശ്മീരിലും പാര്‍ട്ടിക്കുള്ളില്‍ ചേരിപ്പോര് രൂക്ഷമായിരിക്കുകയാണ്. ജി-23 എന്നറിയപ്പെടുന്ന മുതിര്‍ന്ന നേതാക്കളുള്‍പ്പെടുന്ന ക്യാംപും ഹൈക്കമാന്റിനെതിരെ നിലപാട് കടുപ്പിച്ചിട്ടുണ്ട്.
ഇതിനിടെയാണ് കശ്മീരിലെ പ്രതിസന്ധി. കഴിഞ്ഞ ദിവസം രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനോട് അടുപ്പമുള്ള 20 നേതാക്കള്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു.
അധ്യക്ഷസ്ഥാനത്ത് നിന്ന് ജി.എ. മിറിനെ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. മുന്‍ മന്ത്രിമാര്‍. എം.എല്‍.എമാര്‍, പ്രദേശ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, ജില്ലാ വികസന കൗണ്‍സില്‍ അംഗം, മുന്‍ ജില്ലാ പ്രസിഡന്റ് എന്നിവരടക്കമുള്ള നേതാക്കളാണ് രാജിവെച്ചത്.