| Thursday, 25th June 2020, 8:23 am

ചൈനീസ് സൈന്യം ഇപ്പോഴും ഗല്‍വാനില്‍ ഉണ്ട്:  എ.കെ ആന്റണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചൈനയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള ചതി പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുന്‍കേന്ദ്ര മന്ത്രി എ.കെ ആന്റണി. സംഘര്‍ഷത്തിന്റെ അവസാനത്തില്‍, സ്ഥിതിഗതികള്‍ പുസ്ഥാപിക്കാന്‍ സര്‍ക്കാരിനു കഴിയുമോ എന്ന് രാജ്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” ഒന്നാമതായി, ഗാല്‍വാന്‍ വാലി പ്രദേശത്ത് ചൈനയുടെ ഭാഗത്തുനിന്നും വിശ്വാസവഞ്ചന നടക്കുമെന്ന് ആരും കരുതിയിരുന്നില്ല. ചൈനീസ് പ്രസിഡന്റുമായുള്ള മഹാബലിപുരം ചര്‍ച്ചയുടെ ആഹ്ലാദത്തിലായിരുന്നു രാജ്യം മുഴുവന്‍. ഗല്‍വാന്‍ വാലി ഒരിക്കലും തര്‍ക്കവിഷയമായിരുന്നില്ല. ഇത് ചൈനയുടെ വഞ്ചനയാണ്,” ആന്റണി പറഞ്ഞു.

ഇനി ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണെന്നും സായുധ സേനയെ ശക്തപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1962 ലെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്നും ഏതുതരത്തിലുള്ള വെല്ലുവിളികള്‍ നേരിടാനും സായുധ്യ സൈന്യം സജ്ജമാണെന്നും ആന്റണി പറഞ്ഞു.


”ഇന്നത്തെ ഇന്ത്യ 1962 ലെ ഇന്ത്യയല്ല… ഇപ്പോള്‍ ഏത് വെല്ലുവിളിയെയും നേരിടാന്‍ സായുധസേന സജ്ജരാണ്. രണ്ടാം യു.പി.എ സമയത്ത് ചൈനീസ് മുന്‍ഗണനയില്‍ ചില മാറ്റങ്ങള്‍ ഞാന്‍ കണ്ടെത്തി. അതുകൊണ്ടാണ് ഡെപ്സാങ്ങിലും ചുമാറിലും… അവര്‍ നമ്മുടെ പ്രദേശത്തേക്ക് വന്നത്, അനുനയത്തിന് ശേഷം അവര്‍ തിരിച്ചുപോയി. അക്കാലത്ത്, സൗത്ത് ചൈനാ സീയിലെ പോരാട്ടത്തില്‍ ആയിരുന്നു അവരുടെ മുന്‍ഗണന. അത് പൂര്‍ണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍ അവര്‍ ശ്രമിക്കുകയായിരുന്നു. തായ്വാന്‍, ഹോങ്കോംഗ്, സിന്‍ജിയാങ് എന്നിവിടങ്ങളില്‍ അവര്‍ കൂടുതല്‍ ശ്രദ്ധാലുക്കളായിരുന്നു. എന്നാല്‍ വീണ്ടും, പെട്ടെന്ന് അവര്‍ അവരുടെ മുന്‍ഗണന മാറ്റി. ഈ രീതിയില്‍ ഇത് അഭൂതപൂര്‍വമാണ്… തര്‍ക്കമില്ലാത്ത ഒരു പ്രദേശത്തിന് നേരെയുള്ള ആക്രമണം. രണ്ടാം യു.പി.എ സമയത്ത്, തര്‍ക്കമുണ്ടായപ്പോഴെല്ലാം അവര്‍ അവരുടെ യഥാര്‍ത്ഥ സ്ഥാനത്തേക്ക് മടങ്ങാറുണ്ടായിരുന്നു… സമാധാനപരമായ ഒത്തുതീര്‍പ്പിന് തയ്യാറായിരുന്നു… എന്നാല്‍ ഇപ്പോള്‍ അവര്‍ പെട്ടെന്ന് അവരുടെ മുന്‍ഗണന മാറ്റിആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ ഇതിനെക്കുറിച്ച് ആഴത്തില്‍ പഠിക്കേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ പ്രദേശത്ത് ചൈന കയറിയിട്ടില്ല എന്നു പറയുന്ന പ്രധാനമന്ത്രിയുടെ വാദം തനിക്കും രാജ്യത്തിനും ഒരുപോലെ ഞെട്ടല്‍ ഉണ്ടാക്കിയെന്നും ചൈനീസ് സൈന്യം ഇപ്പോഴും ഗല്‍വാനില്‍
ഉണ്ടെന്നും ആന്റണി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more