| Wednesday, 28th September 2022, 9:17 pm

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി എ.കെ. ആന്റണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെ സോണിയ ഗാന്ധിയുള്‍പ്പെടെ മുതിര്‍ന്ന നേതാക്കളുമയി കൂടിക്കാഴ്ച നടത്തി എ.കെ. ആന്റണി. സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പവന്‍ കുമാര്‍ ബന്‍സാലുമായും എ.കെ. ആന്റണി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. തന്റെ ആരോഗ്യസ്ഥിതി വളരെ വ്യക്തമായി അറിയാമെന്നും മത്സരിക്കാന്‍ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനിന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു എ.കെ. ആന്റണിയുടെ പ്രതികരണം.

അശോക് ഗെലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെചൊല്ലി പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായ രാജി ഭീഷണികള്‍ക്ക് പിന്നാലെയാണ് ആന്റണിയുടെ സന്ദര്‍ശനം. ഗെലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ സംസ്ഥാനത്തെ നേതൃത്വത്തില്‍ പരിഷ്‌കാരങ്ങള്‍ ഉണ്ടാകുമെന്നും ഗെലോട്ടിന് പകരക്കാരനായി സച്ചിന്‍ പൈലറ്റിനെ അനുവദിക്കാനാകില്ലെന്നും കാണിച്ചാണ് എം.എല്‍.എമാര്‍ രാജിഭീഷണി മുഴക്കിയത്.

അതേസമയം പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കിയിരുന്നു.
മുന്‍ കേന്ദ്രമന്ത്രിയും നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനുമാണ് ഖാര്‍ഗെ. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കളുമായി ഖാര്‍ഗെയ്ക്ക് അടുത്ത ബന്ധമാണുള്ളത്. ഇത് ഖാര്‍ഗെയെ സംബന്ധിച്ച് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സഹായിക്കുമെന്നാണ് ഖാര്‍ഗെ അനുകൂലികള്‍ പറയുന്നത്.

അതേസമയം നെഹ്റു-ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ക്ക് മാത്രമേ കോണ്‍ഗ്രസിനെ വേണ്ട രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കൂ എന്നാണ് ഖാര്‍ഗെ വിശ്വസിക്കുന്നത് എന്നും വൃത്തങ്ങള്‍ പറയുന്നു. ഗാന്ധി കുടുംബത്തിന് രാജ്യത്തോടും രാഷ്ട്രീയത്തോടും പാരമ്പര്യമായ ബന്ധമുണ്ടെന്നും മറ്റൊരാള്‍ക്കും അത്തരത്തില്‍ ബന്ധമില്ലെന്നുമാണ് ഖാര്‍ഗെയുടെ വാദം.

ഒക്ടോബര്‍ 17നാണ് തെരഞ്ഞെടുപ്പ് നടക്കുക. സെപ്റ്റംബര്‍ 30 വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം.

Contemt Highlight: AK Antony meets Sonia gandhi and bansal

We use cookies to give you the best possible experience. Learn more