Advertisement
Kerala
അഹങ്കാരമാണ് പിണറായിയുടെ മുഖമുദ്ര; ഇടത് ഭരണം തുടര്‍ന്നാല്‍ കേരളത്തിന് നാശമെന്ന് ആന്റണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 24, 08:55 am
Wednesday, 24th March 2021, 2:25 pm

തിരുവനന്തപുരം: അഹങ്കാരം, തലക്കനം, പിടിവാശി, ആഡംബരം, ധൂര്‍ത്ത്, സര്‍വത്ര അഴിമതി എന്നിവയായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷമായി പിണറായി ഭരണത്തിന്റെ മുഖമുദ്രയെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. ഇടതുപക്ഷ ഭരണം തുടര്‍ന്നാല്‍ അത് കേരളത്തില്‍ നാശം വിതയ്ക്കുമെന്നും ആന്റണി പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അവരുടെ ശൈലിയിലും ഭാഷയിലും മാറ്റം കാണുന്നുണ്ട്. ഒരു നിമിഷം എല്ലാവരും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പിണറായി ഭരണത്തെക്കുറിച്ച് ഓര്‍ക്കണമെന്നും ആന്റണി പറഞ്ഞു.

ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നു ശബരിമല കോടതി വിധി വന്ന ശേഷം എല്ലാവരുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കുകയുള്ളൂവെന്ന്.
രാഷ്ട്രീയ കക്ഷികളുമായി, വിശ്വാസികളുമായി ചര്‍ച്ച നടത്തുമെന്നും അല്ലാതെ എടുത്തുചാടില്ലെന്നും മുഖ്യമന്ത്രി പറയുന്നു.

മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച് എല്ലാം ചെയ്ത ദേവസ്വം മന്ത്രിയാകട്ടെ തെറ്റുപറ്റി ക്ഷമിക്കണം എന്നാണ് പറയുന്നതെന്നും ആന്റണി പറഞ്ഞു.

ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഏപ്രില്‍ ആറിന് വോട്ട് ചെയ്യാന്‍ പോകുന്ന അയ്യപ്പ ഭക്തന്മാരും സ്ത്രീകളും മറക്കില്ലെന്നും എ.കെ ആന്റണി കൂട്ടിച്ചേര്‍ത്തു.

ആചാരം ലംഘിച്ച് യുവതികളെ ശബരിമല കയറ്റിയ ചിത്രം അയ്യപ്പഭക്തന്മാരുടെ മനസില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ എത്ര മാറ്റിപറയാന്‍ ശ്രമിച്ചാലും ശബരിമലയില്‍ നടന്ന സംഭവങ്ങള്‍ വിശ്വാസികള്‍ മറക്കില്ല.

യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പകര്‍പ്പ് കിട്ടുന്നതിനുമുമ്പ് തന്നെ യുവതികളെ പ്രവേശിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇക്കാര്യത്തില്‍ പിടിവാശി കാണിക്കേണ്ട കാര്യം ഉണ്ടായിരുന്നോ?

വിധി നടപ്പാക്കരുതെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. വിശ്വാസികളുടെ സംഘടനകളുമായി ചര്‍ച്ച നടത്താനും സര്‍വകക്ഷി യോഗം വിളിക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നവോത്ഥാനമാണെന്നും കോടതി വിധി നടപ്പാക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ആന്റണി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: AK Antony Criticise Pinarayi Vijayan