എ.കെ ആന്റണി മധ്യപ്രദേശിലേയ്ക്ക്; ലക്ഷ്യം കോണ്‍ഗ്രസിനകത്തെ പ്രശ്‌ന പരിഹാരം
national news
എ.കെ ആന്റണി മധ്യപ്രദേശിലേയ്ക്ക്; ലക്ഷ്യം കോണ്‍ഗ്രസിനകത്തെ പ്രശ്‌ന പരിഹാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th September 2019, 12:17 pm

ന്യൂദല്‍ഹി: മധ്യപ്രദേശ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയെ ചുമതലപ്പെടുത്തി. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയാണ് ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തിയത്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമായിരുന്നു തീരുമാനം.

‘മധ്യപ്രദേശിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഞങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്തു. സംസ്ഥാനത്തെ പ്രശ്‌നങ്ങളില്‍ സോണിയാ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചു. കാര്യങ്ങള്‍ എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് അച്ചടക്ക സമിതിക്ക് കൈമാറിയിട്ടുണ്ട്.’- കമല്‍നാഥ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്തെ ചില നേതാക്കളുടെ പ്രസ്താവനകള്‍ സംബന്ധിച്ച് മധ്യപ്രദേശിന്റെ ചുമതലയുള്ള ദീപക് ബാബ്റിയ സോണിയ ഗാന്ധിക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതിനു ശേഷമാണ് എ.കെ ആന്റണിയെ സംസ്ഥാനത്തിന്റെ ചുമതലയേല്‍പ്പിച്ചത്.

മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗിനെതിരെ ചില മന്ത്രിമാര്‍ പരാതികളുന്നയിച്ചതായി റിപ്പോര്‍ട്ടിലുണ്ടായിരുന്നു. വനമന്ത്രി ഉമന്‍ഗ് സിങ്ങറും ദിഗ് വിജയ് സിംഗിനെതിരെ സോണിയ ഗാന്ധിക്ക് പരാതി നല്‍കിയിരുന്നു. കര്‍ട്ടന്റെ പിറകിലിരുന്നുകൊണ്ടാണ് ദിഗ് വിജയ് സിംഗ് ഭരിക്കുന്നതെന്ന് മന്‍ഗ് സിങ്ങര്‍ ആരോപിച്ചിരുന്നു.

ജ്യോതിരാദിത്യ സിന്ധ്യക്ക് സംസ്ഥാന അധ്യക്ഷപദവി നല്‍കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തെത്തിയതാണ് മധ്യപ്രദേശിലെ പ്രശ്നങ്ങള്‍ക്ക് തുടക്കം. പി.സി.സി അധ്യക്ഷ സ്ഥാനം നല്‍കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് ജോതിരാദിത്യ സിന്ധ്യ ഹൈക്കമാന്‍ഡിന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കമല്‍നാഥ് പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വന്നതോടെ കമല്‍നാഥ് തുടരുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ആയത് കൊണ്ട് തന്നോട് ആറുമാസത്തേക്ക് തുടരാന്‍ ആവശ്യപ്പെട്ടതായിരുന്നുവെന്നും സിന്ധ്യക്ക് അതൃപ്തിയുണ്ടെന്ന് തോന്നുന്നില്ലെന്നും കമല്‍നാഥ് പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സിന്ധ്യയെ മധ്യപ്രദേശ് ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും നേരത്തെ കമല്‍നാഥ് അംഗീകരിച്ചിരുന്നില്ല. ജ്യോതിരാദിത്യ സിന്ധ്യയേക്കാള്‍ പ്രായം കുറഞ്ഞ പല നേതാക്കളും മധ്യപ്രദേശ് മന്ത്രിസഭയില്‍ അംഗങ്ങളാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്റെ സിറ്റിങ് സീറ്റായ ഗുണയില്‍ സിന്ധ്യ പരാജയപ്പെട്ടിരുന്നു. സംസ്ഥാനത്ത് കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥ് മാത്രമാണ് ജയിച്ചിരുന്നത്.