| Wednesday, 14th December 2016, 12:05 pm

നോട്ട് അസാധുവാക്കലിലൂടെ കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരമാണ് മോദി നല്‍കിയത് : രാജ്യം പോകുന്നത് ദേശീയദുരന്തത്തിലേക്ക്: എ.കെ ആന്റണി

ഡൂള്‍ന്യൂസ് ഡെസ്‌ക്


മോദിയുടെ ആ തീരുമാനത്തിന്റെ ഭാഗമായി ഇപ്പോള്‍ എല്ലാ മേഖലകളും തകരുകയാണ്. നാട് ഒരു സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നീങ്ങുന്നതായാണ് കാണുന്നത്.


ന്യൂദല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യം പോകുന്നത് ദേശീയ ദുരന്തത്തിലേക്കാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ.ആന്റണി.

കേന്ദ്ര നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് എം.എല്‍.എമാരും എം.പിമാരും ദല്‍ഹി ജന്തര്‍ മന്ദറില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.

കള്ളപ്പണം തടയാനെന്ന് പറഞ്ഞാണ് മോദി നോട്ട് നിരോധിച്ചത്. ആരോടും ആലോചിക്കാതെയായിരുന്നു തീരുമാനം. ധനകാര്യമന്ത്രിയോട് പോലും ആലോചിച്ചില്ല.

നോട്ട് നിരോധനം അതിര്‍ത്തിയിലെ ശത്രുക്കളുടെ കള്ളനോട്ടുകള്‍ ഇല്ലാതാക്കാനെന്ന് മോദി പറഞ്ഞു. പിന്നെ അഴിമതി തടയാനാണെന്ന് പറഞ്ഞു. അത് കൊണ്ട് ചിലരതിനെ അപ്പോള്‍ സ്വാഗതം ചെയ്തു. എന്നാലിപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി വന്നിരിക്കുകയാണെന്നും ആന്റണി പറഞ്ഞു.

മോദിയുടെ ആ തീരുമാനത്തിന്റെ ഭാഗമായി ഇപ്പോള്‍ എല്ലാ മേഖലകളും തകരുകയാണ്. നാട് ഒരു സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നീങ്ങുന്നതായാണ് കാണുന്നത്.

രാജ്യത്ത് ഇത് വരെ കാണാത്ത ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. ചുരുങ്ങിയത് രണ്ട് കോടി തൊഴിലാളികള്‍ക്ക്, ദിവസക്കൂലിക്കാര്‍ക്ക് അവരുടെ തൊഴില്‍ നഷ്ടമായിരിക്കുകയാണ്. വ്യവസായങ്ങള്‍ തകരുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ന്ന് കൊണ്ടിരിക്കുന്നു.

നോട്ട് പുതുതായി അടിക്കാനുള്ള കടലാസിന് ടെണ്ടര്‍ കൊടുത്തിരിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍. പ്രതിസന്ധി ഇത്രയും മൂര്‍ച്ഛിച്ചപ്പോള്‍ നോട്ട് അച്ചടിക്കുന്നേയുള്ളൂവെന്നും ആന്റണി കുറ്റപ്പെടുത്തി.

കള്ളപ്പണത്തിന് എതിരായി എന്ന് പറഞ്ഞ് തുടങ്ങിയ കാര്യങ്ങളാണ് ഇതൊക്കെ. എന്നാല്‍ ഇപ്പോള്‍ പിടിച്ചെടുക്കുന്ന കള്ളനോട്ടുകളെല്ലാം രണ്ടായിരത്തിന്റെ നോട്ടുകളാണ്.

എ.ടി.എമ്മുകളുടെ മുന്നിലെ ക്യൂവില്‍ ഏതെങ്കിലുമൊരു കോടീശ്വരനുണ്ടോ. സാധാരണക്കാര്‍ക്ക് മാത്രമാണ് ദുരിതങ്ങള്‍.
നോട്ട് നിരോധനം കൊണ്ടുള്ള ദുരിതം അനുഭവിക്കുന്നത് കേരളത്തിലെ അടക്കം സാധാരണക്കാരാണ്. കഷ്ടപ്പെട്ട് പണിയെടുത്ത് ബാങ്കില്‍ നിക്ഷേപിച്ച പണം സ്വന്തം ആവശ്യങ്ങള്‍ക്ക് പോലും ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത്.

എന്നാല്‍ സമ്പന്നര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഒരു ബുദ്ധിമുട്ടും ഇല്ല. കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരമാണ് കേന്ദ്രം നല്‍കിയിരിക്കുന്നതെന്നും ആന്റണി പറഞ്ഞു.

നോട്ട് നിരോധനത്തിലൂടെ കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. സഹകരണ സ്ഥാപനങ്ങള്‍ കേരളത്തിലെ ഗ്രാമീണ ജനതയുടെ നട്ടെല്ലാണ്. അവിടെയുള്ള നിക്ഷേപങ്ങള്‍ കള്ളപ്പണമാണെന്ന് കേന്ദ്രം പറയുന്നത് എന്ത് അടിസ്ഥാനത്തില്‍ ആണെന്നും ആന്റണി ചോദിച്ചു.

കര്‍ഷകരും തൊഴിലാളികളും പണിയെടുത്ത് സ്വരൂപിച്ച് നിക്ഷേപിച്ചിട്ടുള്ള തുകകളിലാണ് സഹകരണ ബാങ്കുകളുടെ നിലനില്‍പ് തന്നെ. ആ സഹകരണ ബാങ്കുകളെ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.

സഹകരണ സ്ഥാപനങ്ങളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയം തിരുത്തുന്നത് വരെ യു.ഡി.എഫ് പ്രക്ഷോഭം നടത്തുമെന്നും ആന്റണി പറഞ്ഞു. കേരളത്തിനുള്ള റേഷന്‍ വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഈ സമരത്തിന് മുന്നില്‍ മോദിക്ക് മുട്ട് മടക്കേണ്ടി വരുമെന്നും ആന്റണി പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ജനതാദള്‍ യു നേതാവ് എംപി വീരേന്ദ്രകുമാര്‍, ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ്, കെ.പി.സി.സി പ്രസിന്റ് സുധീരന്‍ എന്നിവര്‍ക്കു പുറമേ യു.ഡി.എഫിലെ വിവിധ കക്ഷി നേതാക്കളും ധര്‍ണയില്‍ പങ്കെടുത്തു.

We use cookies to give you the best possible experience. Learn more