| Friday, 19th November 2021, 11:10 am

വൈകി വന്ന വിവേകമെന്ന് ആന്റണി; ഗുരുനാനാക്ക് ജയന്തി പുണ്യവേളയില്‍ അംഗീകാരമെന്ന് അമരീന്ദര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതില്‍ പ്രതികരണവുമായി നേതാക്കള്‍.

വൈകി വന്ന വിവേകമാണെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി പ്രതികരിച്ചത്.

കര്‍ഷകരുടെ സമരത്തിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും തൊഴിലാളി സംഘടനകളുടേയും രാഷ്ട്രീയ വേര്‍തിരിവ് ഇല്ലാതെ ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളുടേയും പിന്തുണയുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

”എല്ലാ വിഭാഗം ജനങ്ങളും എതിര്‍ക്കുന്ന നടപടികളുമായി ഇനിയും മുന്നോട്ട് പോയാല്‍ രാജ്യത്തെ ജനങ്ങള്‍ ഇനി അടങ്ങിയിരിക്കില്ല എന്നതാണ് ഇതില്‍ നിന്നും പ്രധാനമന്ത്രി ആദ്യം പഠിക്കേണ്ട പാഠം. ഇപ്പോള്‍ കാണുന്നതിനേക്കാള്‍ വളരെ ശക്തമായ പ്രതിഷേധങ്ങള്‍ വരും നാളുകളില്‍ രാജ്യത്തുണ്ടാകും.” ആന്റണി കൂട്ടിച്ചേര്‍ത്തു.

പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ അധിക നികുതി ഒഴിവാക്കി പ്രധാനമന്ത്രി കര്‍ഷകരോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.

ഗുരുനാനാക്ക് ജയന്തി പുണ്യവേളയില്‍ കര്‍ഷകര്‍ക്ക് ലഭിച്ച അംഗീകാരമാണ് തീരുമാനമെന്നായിരുന്നു പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ പ്രതികരണം. നിയമം പിന്‍വലിച്ച പ്രധാനമന്ത്രിയോട് അദ്ദേഹം നന്ദി അറിയിച്ചു.

എല്ലാ പഞ്ചാബികളുടേയും ആവശ്യം അംഗീകരിച്ചെന്നും അമരീന്ദര്‍ പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരത്തിലാണ്. 800ലധികം പേര്‍ക്ക് സമരത്തിനിടെ ജീവന്‍ നഷ്ടമായിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: AK Antony, Amarinder Singh response to withdrawal of farm laws

We use cookies to give you the best possible experience. Learn more