ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതില്‍ പ്രതികരണവുമായി നേതാക്കള്‍.
വൈകി വന്ന വിവേകമാണെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി പ്രതികരിച്ചത്.
കര്‍ഷകരുടെ സമരത്തിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും തൊഴിലാളി സംഘടനകളുടേയും രാഷ്ട്രീയ വേര്‍തിരിവ് ഇല്ലാതെ ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളുടേയും പിന്തുണയുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
”എല്ലാ വിഭാഗം ജനങ്ങളും എതിര്‍ക്കുന്ന നടപടികളുമായി ഇനിയും മുന്നോട്ട് പോയാല്‍ രാജ്യത്തെ ജനങ്ങള്‍ ഇനി അടങ്ങിയിരിക്കില്ല എന്നതാണ് ഇതില്‍ നിന്നും പ്രധാനമന്ത്രി ആദ്യം പഠിക്കേണ്ട പാഠം. ഇപ്പോള്‍ കാണുന്നതിനേക്കാള്‍ വളരെ ശക്തമായ പ്രതിഷേധങ്ങള്‍ വരും നാളുകളില്‍ രാജ്യത്തുണ്ടാകും.” ആന്റണി കൂട്ടിച്ചേര്‍ത്തു.
പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ അധിക നികുതി ഒഴിവാക്കി പ്രധാനമന്ത്രി കര്‍ഷകരോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.