ന്യൂദല്‍ഹി: അഞ്ച് റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തിയതിന് പിന്നാലെ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ എ.കെ ആന്റണി.
വളരെ സന്തോഷകരമായ ഒരു ദിവസമാണ് ഇതെന്നും വൈകിയാണെങ്കിലും ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഫ്രഞ്ച് നിര്‍മിതമായ അഞ്ച് റഫാല്‍ വിമാനങ്ങള്‍ ലഭിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്നുമായിരുന്നു ആന്റണി പറഞ്ഞത്. എന്നാല്‍ പോലും ചില കാര്യങ്ങള്‍ ചരിത്രത്തില്‍ മായ്ച്ചുകളയാനാകാതെ കിടക്കുമെന്നും ആന്റണി പറഞ്ഞു.
‘ വളരെ സന്തോഷകരമായ ദിവസമാണ്. ഫ്രഞ്ച് നിര്‍മിതമായ അഞ്ച് റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തിയിരിക്കുന്നു. ഏറെ വൈകാതെ അടുത്ത അഞ്ചെണ്ണം കൂടി ലഭിക്കും. അടുത്ത വര്‍ഷം അവസാനത്തോടുകൂടി 36 വിമാനങ്ങളും ഇന്ത്യയില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ ഈ ഘട്ടത്തില്‍ ഒരു സംഭവം ചരിത്രത്തെ ഞാന്‍ ഓര്‍മ്മിപ്പിക്കാതെ പോകുന്നത് ശരിയല്ല.
2001 ല്‍ വാജ്‌പേയി ജി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ചൈനയും പാക്കിസ്ഥാനും ഒരുപോലെ വെല്ലുവിളി ഉയര്‍ത്തുന്ന കാലഘട്ടത്തില്‍ ഇന്ത്യന്‍ വ്യോമസേന പുതിയ തലമുറയില്‍പ്പെട്ട യുദ്ധ വിമാനങ്ങള്‍ വേണമെന്ന ആവശ്യം മുന്നോട്ടു വെക്കുന്നത്. നിര്‍ഭാഗ്യവശാല്‍ തീരുമാനമെടുക്കാന്‍ വൈകിപ്പോയി.
2007 ല്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഞാന്‍ പ്രതിരോധ മന്ത്രിയായിരുന്നപ്പോഴാണ് 126 പ്രതിരോധ വിമാനങ്ങള്‍ വാങ്ങാനുള്ള നടപടികള്‍ ആരംഭിച്ചത്. 2012ഓടെ നടപടി ക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി. ആ ഘട്ടത്തിലാണ് കേന്ദ്ര കാബിനറ്റ് മന്ത്രിസ്ഥാനം മുന്‍പ് വഹിച്ചിരുന്ന ബി.ജെ.പിയുടെ രണ്ട് മുതിര്‍ന്ന നേതാക്കന്‍മാര്‍ എനിക്ക് കത്ത് നല്‍കുന്നത്.
റഫാലിനെ ഇതിനായി തെരഞ്ഞെടുത്തതില്‍ ക്രമക്കേടുണ്ടെന്ന് കാണിച്ചായിരുന്നു അത്. രണ്ട് മുതിര്‍ന്ന നേതാക്കളാണ്, മുന്‍കേന്ദ്രമന്ത്രിമാരാണ്, ആ പരാതി എനിക്ക് ചവറ്റുകൊട്ടയില്‍ ഇടാന്‍ സാധിക്കുമായിരുന്നില്ല. ഉത്തരവാദിത്തപ്പെട്ട മന്ത്രിയെന്ന നിലയില്‍ ഞാന്‍ ആ പരാതി പരിശോധിച്ചിട്ട് മുന്നോട്ടുപോകാന്‍ പ്രതിരോധ വകുപ്പിനോട് ആവശ്യപ്പെട്ടു. അതുകൊണ്ടാണ് കുറച്ചുകാലതാമസം അന്ന് വന്നത്.
പക്ഷേ യു.പി.എ ഗവര്‍മെന്റ് പോകുന്നതിന് മുന്‍പായി 90 ശതമാനത്തിലേറെ കാര്യങ്ങള്‍ നീക്കിക്കഴിഞ്ഞിരുന്നു എന്ന് എച്ച്.എ.എല്‍ ചെയര്‍മാനും ഫ്രഞ്ച് പ്രതിരോധ മന്ത്രിയും റഫാല്‍ കമ്പനിയും വ്യക്തമാക്കിയിരുന്നു. ആ കരാര്‍ നടപ്പായിരുന്നെങ്കില്‍ 18 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് നേരിട്ടു വാങ്ങുകയും 108 എണ്ണം ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്‍ ഇവിടെ നിര്‍മിക്കുകയും ചെയ്യുമായിരുന്നു.
ഫ്രഞ്ച് കമ്പനി റഫാലിന്റെ ടെക്‌നോളജി ട്രാന്‍സ്ഫര്‍ എച്ച്.എ.എല്ലിന് നല്‍കാനായിരുന്നു തീരുമാനം. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ എച്ച്.എ.എല്ലിലെ ആയിരക്കണക്കിന് എഞ്ചിനിയീര്‍മാര്‍ക്കും ടെക്‌നീഷ്യന്‍സിനും പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്കും ജോലി ലഭിക്കുമായിരുന്നു.
എന്നാല്‍ ആ 126 എണ്ണത്തിന്റെ കരാര്‍ ഗവര്‍മെന്റ് മാറിയപ്പോള്‍ റദ്ദാക്കി. പകരം 36 വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനമെടുത്തു. അതില്‍ അഞ്ചെണ്ണം ഇപ്പോള്‍ എത്തിയിരിക്കുന്നു. അതില്‍ സന്തോഷിക്കുന്നു. ഇന്ത്യന്‍ സൈന്യത്തിനും എയര്‍ഫോഴ്‌സിനും ശക്തിപകരുന്ന നീക്കം തന്നെയാണ് ഇത്.
ചൈനയ്ക്കും പാക്കിസ്ഥാനും ശക്തമായ താക്കീതാണ്. പക്ഷേ എന്തിന് മികച്ച അവസരം നഷ്ടപ്പെടുത്തി എന്ന ഒരു ചോദ്യം ചരിത്രത്തില്‍ കിടക്കും. നാളെയും കിടക്കും’, 24 ന്യൂസിനോട് സംസാരിക്കവേ ആന്റണി പറഞ്ഞു.
ഇന്ന് ഉച്ചയോടെ അമ്പാല എയര്‍സ്റ്റേഷനിലാണ് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇറങ്ങിയത്. സൂപ്പര്‍ ഫൈറ്റര്‍ വിമാനം പറത്തിയ പൈലറ്റുമാരില്‍ ഒരാള്‍ മലയാളിയാണ്.
തിങ്കളാഴ്ചയാണ് ഫ്രാന്‍സില്‍ നിന്ന് അഞ്ച് വിമാനങ്ങള്‍ പുറപ്പെട്ടത്. പിന്നീട് യു.എ.ഇയില്‍ നിന്ന് ചൊവ്വാഴ്ച യാത്ര പുനരാരംഭിച്ചു. ആകാശത്ത് വച്ച് ഇന്ധനം നിറക്കാനുള്ള ഫ്രഞ്ച് ടാങ്കര്‍ വിമാനവും ഇവയ്ക്കൊപ്പമുണ്ട്.’
7000 കിലോമീറ്റര്‍ താണ്ടിയാണ് റഫാല്‍ ഇന്ത്യയിലെത്തിയത്. ഇന്നലെ രാത്രിയോടെ അമ്പാലയില്‍ എത്താന്‍ മുന്‍ നിശ്ചയിച്ച യാത്രാപദ്ധതി അവസാന നിമിഷം സുരക്ഷാ കാരണങ്ങളാല്‍ മാറ്റുകയായിരുന്നു.
അമേരിക്കയുടെ എഫ് 16, എഫ് 18, റഷ്യയുടെ മിഗ് 35, സ്വീഡന്റെ ഗ്രിപെന്‍, യൂറോപ്യന്‍ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ യൂറോഫൈറ്റര്‍ എന്നിവയോട് കിടപിടിക്കുന്ന സാങ്കേതിക പക്വതയാണ് റഫാലിന്റെ മേന്മ.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ