തിരുവന്തപുരം: താന്‍ പ്രചരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയില്‍ അനില്‍ ആന്റണി പരാജയപ്പെടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. കുടുംബം വേറെ, രാഷ്ട്രീയം വേറെയെന്നും പ്രമുഖരുടെ മക്കള്‍ മോദിക്കൊപ്പം ചേരുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
‘കെ.എസ്.യുവിന്റെ പ്രവര്‍ത്തനകാലം മുതല്‍ കുടുംബവും രാഷ്ട്രീയവും രണ്ടായാണ് കാണുന്നത്. പ്രമുഖരുടെ മക്കളെല്ലാം നരേന്ദ്ര മോദിക്കൊപ്പം ചേരുന്നത് തെറ്റാണ്,’ എ.കെ. ആന്റണി പറഞ്ഞു. പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് താന്‍ പ്രചരണത്തിന് പോയില്ലെങ്കിലും ആന്റോ ആന്റണി ജയിക്കുമെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.
അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നത് വിരോധാഭാസമാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് തെറ്റാണെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. ‘പത്തനംതിട്ടയില്‍ അനില്‍ ആന്റണി തോല്‍ക്കും. മക്കളെ കുറിച്ച് എന്നെ കൊണ്ട് കൂടുതലായൊന്നും പറയിപ്പിക്കണ്ട. കുടുംബം വേറെ, രാഷ്ട്രീയം വേറെ,’ എ.കെ. ആന്റണി പറഞ്ഞു.
പത്തനംതിട്ടയില്‍ മകനും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ അനില്‍ ആന്റണിക്കെതിരെ പ്രചരണത്തിന് ഇറങ്ങുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് നാമനിര്‍ദേശ പത്രികയൊക്കെ സമര്‍പ്പിച്ചതിന് ശേഷം ആ കാര്യത്തില്‍ തന്റെ നിലപാട് അറിയിക്കുമെന്നാണ് എ.കെ. ആന്റണി മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ താന്‍ പ്രചരണത്തിന് ഇറങ്ങിയില്ലെങ്കിലും അനില്‍ ആന്റണി പരാജയപ്പെടുമെന്ന് അദ്ദേഹം ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Content Highlight: ak antony about pathanamthitta lok sabha constituency