| Thursday, 25th March 2021, 4:58 pm

കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടായാല്‍ അത് സര്‍വ്വനാശം; പി.ബിക്ക് പോലും നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് ആന്റണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടായാല്‍ അത് സര്‍വ്വനാശമായിരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള ഇടതുമുന്നണിയുടെ സൗമ്യത വീണ്ടും അധികാരത്തിലേറുന്നതു വരെയേ ഉണ്ടാവൂ എന്നും എ.കെ ആന്റണി പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷം പിണറായി സര്‍ക്കാര്‍ തുടര്‍ന്നു പോന്നത് പിടിവാശിയായിരുന്നുവെന്നും തുടര്‍ഭരണമുണ്ടായാല്‍ പി.ബിക്ക് പോലും നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നും ആന്റണി ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഈ സര്‍ക്കാര്‍ തിരിച്ചു വന്നാല്‍ അത് കേരളത്തിന് നാശമാവുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. തുടര്‍ഭരണം ഉണ്ടായിക്കൂടാ എന്നാണ് എന്റെ ഉറച്ച അഭിപ്രായം. കാരണം കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം പിടിവാശിയോട് കൂടി, അഹങ്കാരത്തോട് കൂടി എല്ലാം ചെയ്തിട്ട് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഇവര്‍ സ്വരം മാറ്റി.

സൗമ്യതയോട് കൂടി തെറ്റ് ഏറ്റുപറഞ്ഞ് വന്നാല്‍ ജനങ്ങള്‍ എല്ലാം മറക്കുമെന്നും തിരിച്ചുവരാമെന്നും വ്യാമോഹിക്കുന്ന ഈ ഗവണ്‍മെന്റിന്റെ കാപട്യം തുറന്നു കാണിക്കണമെന്ന് എനിക്ക് അഭിപ്രായമുണ്ട്. കാരണം ഇവര്‍ ഇപ്പോള്‍ കാണിക്കുന്ന ഈ സൗമ്യത ഒരു മാസത്തേക്കു മാത്രമുള്ള സൗമ്യതയാണ്. സൗമ്യത കാണിച്ച് ജനങ്ങളെ കബളിപ്പിച്ച് ഈ സര്‍ക്കാരിന് തിരിച്ചു വരവുണ്ടായാല്‍ ഈ സംസ്ഥാനത്തിന് സര്‍വനാശമുണ്ടാവും,’എ.കെ ആന്റണി പറഞ്ഞു

പിണറായി സമുദായങ്ങളെ തെറ്റിക്കാനും ഹിന്ദുവിഭാഗങ്ങളെ വിഭജിക്കാനും ശ്രമിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പിണറായി രീതികള്‍ മയപ്പെടുത്തി. എന്‍.എസ് എസ് വിമര്‍ശനത്തില്‍ പിണറായി മാധ്യമങ്ങളെ പഴിചാരുകയാണ്. ശബരിമല യുവതി പ്രവേശനത്തില്‍ തെറ്റ് പറ്റിയിട്ടില്ലെന്ന് ഒരു മന്ത്രി പറയുന്നു. അതെല്ലാം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും ആന്റണി പറഞ്ഞു.

ബംഗാളില്‍ സി.പി.ഐ.എം മ്യൂസിയത്തില്‍ മാത്രമാണെന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുണ്ടായ അപചയം അവര്‍ തന്നെയുണ്ടാക്കിയതാണെന്നും ബംഗാളില്‍ സി.പി.ഐ.എം തകരാനുള്ള കാരണം അവരുടെ അഴിഞ്ഞാട്ടമായിരുന്നുവെന്നും ആന്റണി പറഞ്ഞു.

എല്‍.ഡി.എഫിന് തുടര്‍ഭരണം പ്രവചിച്ച സര്‍വേകളില്‍ വിശ്വസിക്കുന്നില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. കുറേക്കാലം ദേശീയതലത്തില്‍ പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. ഇലക്ഷന്‍ സംബന്ധിച്ച് എത്രസര്‍വേകളാണ് വന്നത്. അതൊന്നും ഫലിച്ചിട്ടില്ല. പക്ഷെ ഇപ്പോള്‍ വന്നിരിക്കുന്ന സര്‍വേകള്‍ യു.ഡി.എഫിന് കുറച്ചുകൂടി ജാഗ്രതയുണ്ടാക്കുവാന്‍ ഉപകരിച്ചു.

യു.ഡി.എഫില്‍ തികഞ്ഞ പ്രതീക്ഷയുണ്ട്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഇപ്പോള്‍ നേതാവായി കാണുന്നില്ല. കേരളത്തില്‍ കൂടുതല്‍ മികച്ച വിജയത്തിന് കൂട്ടായ പ്രവര്‍ത്തനമാണ് നല്ലതെന്നാണ് തോന്നിയത്. അത് കൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാതിരുന്നത്. വനിതാ പ്രാതിനിധ്യത്തില്‍ എല്ലാ പാര്‍ട്ടികളിലും വീഴ്ചയുണ്ടായി. ഈ തെറ്റ് ഇനി ആവര്‍ത്തിക്കില്ലെന്നും ആന്റണി ചൂണ്ടിക്കാട്ടി.

ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസ് എന്ന ദിവാസ്വപ്നം തനിക്കില്ലെന്ന് വ്യക്തമാക്കി അദ്ദേഹം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എല്ലാ നേതാക്കളും വിട്ടുവീഴ്ച ചെയ്‌തെന്നും പറഞ്ഞു.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെന്നിത്തലയെകുറിച്ച് നല്ല അഭിപ്രായമാണ്. അദ്ദേഹത്തിന് കോണ്‍ഗ്രസില്‍ നല്ല സ്വാധീനമുണ്ട്. ഇന്ന് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും മുല്ലപ്പള്ളിക്കുമാണ് കേരളത്തില്‍ നല്ല സ്വാധീനമുള്ളത്.

മുസ്‌ലിം ലീഗ് യു.ഡി.എഫിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയെന്നത് യാഥാര്‍ത്ഥ്യമാണ്. മുന്നണി രാഷ്ട്രീയത്തില്‍ മേധാവിത്വം എന്നൊന്നില്ല. ഒരു പാര്‍ട്ടിയും മറ്റൊരു പാര്‍ട്ടിയുടെ അടിമയല്ലെന്നും ആന്റണി പറഞ്ഞു.

താന്‍ ഇനി കേരളാരാഷ്ടീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയ ആന്റണി തന്റെ കേരളത്തിലെ രാഷ്ട്രീയം 2004 ല്‍ അവസാനിച്ചുവെന്നും രാജ്യസഭാ കാലം കഴിഞ്ഞാല്‍ കേരളത്തിലേക്ക് മടങ്ങുമെന്നും വീണ്ടും രാജ്യസഭാംഗമാകില്ലെന്നും വ്യക്തമാക്കി.

കേരളത്തിലെ ബി.ജെ.പിയുടെ വളര്‍ച്ചയെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. ബി.ജെ.പിക്ക് വളരാവുന്നതില്‍ പരിധിയുണ്ട്. ആകെ ജയിച്ചത് നേമത്താണ്. അത് രാജഗോപാലിനോടുള്ള പ്രത്യേക പരിഗണന കൊണ്ടാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: AK Antony About Kerala Politics

We use cookies to give you the best possible experience. Learn more