| Wednesday, 8th August 2012, 10:24 am

ആസാം കലാപം: കഴിഞ്ഞദിവസത്തെ വെടിവെപ്പ് എ.കെ-47 ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആസാം കലാപത്തില്‍ എ.കെ-47 ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. ആസാമില്‍ കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പിന് എ.കെ-47 ഉപയോഗിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വെടിവെപ്പില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. ഇതേതുടര്‍ന്ന് ആസാമിലെ ബോഡോ കേന്ദ്രങ്ങളില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. []

ആസാം ഒരു അഗ്നിപര്‍വ്വതം പോലെയാണെന്ന് ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് പറഞ്ഞു. എപ്പോള്‍ എന്താണ് ഇവിടെ സംഭവിക്കുകയെന്ന് പറയാനാവില്ല. പ്രദേശത്ത് സമാധാനം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ തങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കാലങ്ങളായി ഇവിടെ ഇതുപോലുള്ള അക്രമസംഭവങ്ങള്‍ നടക്കുന്നുണ്ട്. ഇത് പൂര്‍ണമായും ഇല്ലാതാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബാഹ്യ-ആഭ്യന്തര ശക്തികള്‍ക്ക് കലാപത്തില്‍ പങ്കുണ്ടെന്നും ഗൊഗോയ് പറഞ്ഞു.

അതിനിടെ, കലാപം സി.ബി.ഐ അന്വേഷിക്കണമെന്ന ഗൊഗോയിയുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ സംഘം ഇന്ന് സ്ഥലം സന്ദര്‍ശിക്കും.

ജൂലൈയിലാണ് ആസാമില്‍ ബോഡോകളും മുസ്‌ലീംകളും തമ്മില്‍ സംഘര്‍ഷമാരംഭിച്ചത്. സംഘര്‍ഷത്തില്‍ ഇതുവരെ 73 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷബാധിത പ്രദേശങ്ങളായ കൊക്രജാര്‍, ചിരാഗ് എന്നിവിടങ്ങളില്‍ അനിശ്ചിതകാല നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ചിരാഗ്, ധുബ്രി, കൊക്രജാര്‍ ജില്ലകളില്‍ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more