ഫെമിനിസം പറയുന്ന ' പുരോഗമനവാദി '; ടോക്‌സിക് കാമുകന്‍; ചര്‍ച്ചയായി ജയ ഹേയിലെ അജുവിന്റെ പാരലല്‍ കോളേജ് അധ്യാപകന്‍
Movie Day
ഫെമിനിസം പറയുന്ന ' പുരോഗമനവാദി '; ടോക്‌സിക് കാമുകന്‍; ചര്‍ച്ചയായി ജയ ഹേയിലെ അജുവിന്റെ പാരലല്‍ കോളേജ് അധ്യാപകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 2nd November 2022, 3:21 pm

എല്ലാം അവസാനിച്ചുവെന്ന് കരുതുന്നിടത്ത് നിന്ന് ഒന്നും അവസാനിച്ചില്ലെന്നും ചിലത് തുടങ്ങുന്നേയുള്ളൂവെന്നും പെണ്‍കുട്ടികളെ ഓര്‍മപ്പെടുത്തുന്ന ചിത്രം കൂടിയാണ് വിപിന്‍ ദാസിന്റെ സംവിധാനത്തിലൊരുങ്ങിയ ജയ ജയ ജയ ജയ ഹേ.

തനിക്ക് കയ്യെത്താത്ത പറങ്കിമാങ്ങ ചാടിപ്പറിക്കാന്‍ ശ്രമിക്കുന്ന ആറുവയസുകാരിയില്‍ നിന്ന് തന്റെ ഇഷ്ടങ്ങളും അടക്കിവെക്കേണ്ടി വന്ന ആഗ്രഹങ്ങളും എത്തിപ്പിടിക്കുന്ന ജയയെന്ന പെണ്‍കുട്ടിയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

വളരെ ലളിതമായാണ് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളേയും സംവിധായകന്‍ പ്രേക്ഷകന് മുന്‍പില്‍ എത്തിക്കുന്നത്. അതേസമയം ശക്തമായ പൊളിറ്റിക്‌സ് ഓരോ കഥാപാത്രങ്ങളേയും കൊണ്ട് പറയിപ്പിക്കാനും സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്.

ജയ ഹേയില്‍ എടുത്തുപറയേണ്ട കഥാപാത്രങ്ങളില്‍ ഒന്നാണ് നടന്‍ അജു വര്‍ഗീസ് അവതരിപ്പിച്ച പാരലല്‍ കോളേജ് അധ്യാപകന്റേത്. സിനിമയുടെ തുടക്കത്തില്‍ തന്നെ വളരെ പുരോഗമനവാദിയെന്ന് പ്രേക്ഷകനെ തോന്നിപ്പിക്കുന്ന കഥാപാത്രമാണ് അജുവിന്റേത്.

പാരലല്‍ കോളേജ് അധ്യാപകനായ ഇയാള്‍ സ്ത്രീശാക്തീകരണത്തെ കുറിച്ചും സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി നടത്തേണ്ട ശ്രമങ്ങളെ കുറിച്ചുമൊക്കെ വാചാലനാകുന്നുണ്ട്. അജുവിന്റെ വിദ്യാര്‍ത്ഥിനിയായാണ് ജയയുടെ കഥാപാത്രത്തെ തുടക്കത്തില്‍ കാണിക്കുന്നത്.

പ്ലസ് ടുവിന് നല്ല മാര്‍ക്കോടെ പാസ്സായിട്ടും താന്‍ ആഗ്രഹിച്ച കോളേജില്‍ പഠിക്കാന്‍ സാധിക്കാതെ വീട്ടുകാരുടെ നിര്‍ബന്ധത്തിന് പാരലല്‍ കോളേജില്‍ ഡിഗ്രി പഠിക്കാനായി എത്തുന്ന വിദ്യാര്‍ത്ഥിനിയാണ് ജയ.

ചെറുപ്പം മുതല്‍ താന്‍ നേരിടേണ്ടി വന്ന വിവേചനങ്ങളെ കുറിച്ചും തന്റെ ഇഷ്ടങ്ങളെ ഒരുതരത്തിലും പരിഗണിക്കാതെ രക്ഷിതാക്കളെ കുറിച്ചുമൊക്കെ ഓര്‍ത്ത് വിഷമിക്കുന്ന ജയയ്ക്ക്, ‘ഏതെങ്കിലും അടുക്കളയില്‍ തളച്ചിടപ്പെടേണ്ടവരാണോ സ്ത്രീകള്‍’ എന്ന അധ്യാപകന്റെ ചോദ്യം വലിയ പ്രചോദമാകുന്നുണ്ട്.

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്ന, സ്ത്രീയെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുന്ന അധ്യാപകനായാണ് ജയ അദ്ദേഹത്തെ കാണുന്നത്. ഒരു ഘട്ടത്തില്‍ തന്നോട് പ്രണയം തുറന്നുപറയുന്ന അധ്യാപകനോട് തന്റെ ഉള്ളിലെ ഇഷ്ടം ജയ തുറന്ന് പ്രകടിപ്പിക്കുന്നുണ്ട്.

എന്നാല്‍ പോകെപ്പോകെ ഒരു ടോക്സിക് കാമുകനായി അജുവിന്റെ കഥാപാത്രം മാറുകയാണ്. രാത്രി ഫോണില്‍ വിളിക്കുമ്പോള്‍ നമ്പര്‍ ബിസിയാണല്ലോ എന്ന് ചോദിക്കുന്നത് മുതല്‍ ക്ലാസില്‍ ആണ്‍പിള്ളേരോട് അധികം സംസാരിക്കേണ്ടെന്നും, ഫേസ്ബുക്കിന്റെ പാസ്വേര്‍ഡ് താന്‍ മാറ്റിയിട്ടുണ്ടെന്നുമൊക്കെ ഇയാള്‍ പറയുന്നുണ്ട്. ഈ ഘട്ടത്തിലാണ് താന്‍ സ്‌നേഹിക്കുന്ന വ്യക്തി ടോക്സിക് ആണെന്ന് ജയ തിരിച്ചറിയുന്നത്.

സോഷ്യല്‍മീഡിയയില്‍ ചില പ്രൊഫൈലുകള്‍ നൈസായി ട്രോളുന്ന കലിപ്പന്‍ കാന്താരി റെഫറന്‍സുകളാണ് വളരെ ഗംഭീരമായി സംവിധായകന്‍ ഈ സീനുകളില്‍ ഉപയോഗിച്ചിരിക്കുന്നത്.

ചുരിദാറിന് പുറത്തേക്ക് ബ്രായുടെ വള്ളി കണ്ടെന്ന പേരില്‍ ജയയുടെ കരണത്തടിക്കുന്ന കാമുകനാണ് പിന്നീട് അജു. മൂക്കില്‍ നിന്ന് ചോരയൊലിപ്പിച്ച് വീട്ടിലെത്തുന്ന ജയയെ കുറ്റപ്പെടുത്താനും പഠിപ്പ് നിര്‍ത്താനും കെട്ടിച്ചുവിടാനും ശ്രമിക്കുന്ന രക്ഷിതാക്കളെയാണ് പിന്നീട് ചിത്രം കാണിക്കുന്നത്.

ഫാക്ടറിക്ക് പുറത്ത് സമരം ചെയ്യുന്ന സ്ത്രീകള്‍ക്ക് പിന്തുണ നല്‍കി തുല്യവേതനത്തിന് പ്രസംഗിക്കുന്നുണ്ട് അജു അവതരിപ്പിക്കുന്ന കഥാപാത്രം. സ്ത്രീകള്‍ തുല്യവേതനത്തിന് അര്‍ഹരാണെന്ന് പ്രസംഗിക്കുമ്പോഴേക്കും പുരുഷനൊപ്പം സ്ത്രീകള്‍ എത്തുന്നതിനെ, അവരെ അംഗീകരിക്കുന്നതിനെ മനസുകൊണ്ട് വിമുഖത കാണിക്കുന്നുണ്ട് ഇയാള്‍.

ബേസില്‍ അവതരിപ്പിച്ച രാജേഷ് എന്ന കഥാപാത്രത്തെ ജയ അടിച്ചിടുന്ന വീഡിയോ വൈറലായപ്പോള്‍ ഈ വീഡിയോ എല്ലാവര്‍ക്കുമൊപ്പം ഇരുന്ന് കണ്ട ശേഷം അജുവിന്റെ കഥാപാത്രം പറയുന്നത് ‘ഈ അടി അവന് പണ്ടേ കൊടുക്കേണ്ടതാണ്’ എന്നായിരുന്നു. ഇരട്ടത്താപ്പിന്റെ മുഖമായിട്ടാണ് ചിത്രത്തില്‍ അജുവിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

പുറമെ സ്ത്രീസമത്വം പറഞ്ഞ് തരംകിട്ടിയാല്‍ സ്ത്രീയുടെ കരണം അടിച്ചുപൊളിക്കാന്‍ വെമ്പല്‍കൊള്ളുന്ന ടോക്‌സിക് കാമുകന്മാരെയാണ് അജുവിലൂടെ സംവിധായകന്‍ അടയാളപ്പെടുത്തുന്നത്.

Content Highlight: Aju Varghese toxic Character On Jaya jaya jaya jayahe movie