|

സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍ കുറച്ചുകൂടി അഹങ്കാരത്തോടെ ഞാന്‍ ജീവിച്ചേനെ: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് അജു വര്‍ഗീസ്. 2010ല്‍ വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ചെറുതും വലുതുമായ സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്യാന്‍ അജുവിന് സാധിച്ചിരുന്നു.

സിനിമയില്‍ വന്നതുകൊണ്ട് തനിക്കുണ്ടായ മാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് അജു വര്‍ഗീസ്. സിനിമയില്‍ വന്നതിന് ശേഷം തനിക്ക് പ്രേക്ഷകരോടുള്ള വിധേയത്വം കൂടിയെന്ന് അജു വര്‍ഗീസ് പറയുന്നു.

പ്രേക്ഷകരുടെ കാശിനാണ് താന്‍ ജീവിക്കുന്നതെന്ന് ചിന്ത വന്നെന്നും സ്‌കൂള്‍ മാഷോ ബാങ്ക് ജീവനക്കാരോ ആയിരുന്നെങ്കില്‍ കുറച്ചുകൂടി ധാര്‍ഷ്ട്യത്തോടെയോ അഹങ്കാരത്തോടെയോ താന്‍ ജീവിച്ചേനെയെന്നും അജു വര്‍ഗീസ് പറയുന്നു. എന്നാല്‍ സിനിമയില്‍ വന്നതുകൊണ്ടുതന്നെ പല കാര്യങ്ങളെയും താന്‍ സമീപിക്കുന്ന രീതിക്ക് മാറ്റം വന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിലിമി ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.

‘സിനിമയില്‍ വന്നപ്പോള്‍ പ്രേക്ഷകരോട് കുറച്ചുകൂടി വിധേയത്വം കൂടി. അവരുടെ കാശിന് ജീവിക്കുന്ന വ്യക്തിയാണെന്ന തോന്നല്‍ എന്റെ ഉള്ളില്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒരു സ്‌കൂള്‍ മാഷോ ബാങ്ക് ജീവനക്കാരോ ആയിരുന്നെങ്കില്‍ കുറച്ചുകൂടി ധാര്‍ഷ്ട്യത്തോടെയോ അഹങ്കാരത്തോടെയോ ഞാന്‍ ജീവിച്ചേനെ. എനിക്ക് ആഗ്രഹവും അങ്ങനെ ജീവിക്കാനായിരുന്നു.

സിനിമയില്‍ വന്നതുകൊണ്ടുതന്നെ പല കാര്യങ്ങളെയും നമ്മള്‍ സമീപിക്കുന്നതില്‍ ഒരുപാട് ഒതുക്കം വന്നു

പക്ഷെ സിനിമയില്‍ വന്നതുകൊണ്ടുതന്നെ പല കാര്യങ്ങളെയും നമ്മള്‍ സമീപിക്കുന്നതില്‍ ഒരുപാട് ഒതുക്കം വന്നു. വേറെ വഴിയില്ലാത്തതുകൊണ്ടാണ്. ഞാന്‍ ഒരുപാട് ആഗ്രഹിച്ച് വന്നൊരു മേഖലയാണ് സിനിമ. ഒരുപാട് വാല്യൂ ഉള്ള മഹത്തരമായ ഇന്‍ഡസ്ട്രിയിലാണ് ഞാന്‍ ഉള്ളത്.

മറ്റ് മേഖല ഇതിലും ബുദ്ധിമുട്ട് കുറഞ്ഞതാണൊന്നും ഞാന്‍ പറയില്ല. ഇതിലും ബുദ്ധിമുട്ടുള്ള ജോലികളും വേറെ ഉണ്ട്. പക്ഷെ വളരെ മഹത്തരമായ ഒരു മേഖലയിലാണ് ഞാന്‍ എത്തിപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ എനിക്ക് ആ മേഖലയോട് ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്,’ അജു വര്‍ഗീസ് പറയുന്നു.

Content highlight: Aju Varghese talks how film changed his attitude