ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ ഒന്നിച്ച് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ എത്തിയ സിനിമ ബോക്‌സ് ഓഫീസില്‍ നിന്ന് 80 കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.
ധ്യാനിനും പ്രണവിനും പുറമെ കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, നിവിന്‍ പോളി, നീരജ് മാധവ് തുടങ്ങി വന്‍ താരനിരയായിരുന്നു ഈ ചിത്രത്തില്‍ ഒന്നിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ കേശദേവ്, ജയന്‍ കേശദേവ് എന്നീ ഇരട്ട വേഷത്തിലാണ് അജു അഭിനയിച്ചത്.
ഇപ്പോള്‍ ആ സിനിമയെ കുറിച്ചും വിനീത് ശ്രീനിവാസനെ കുറിച്ചും പറയുകയാണ് അജു വര്‍ഗീസ്. വിനീതിനെ തങ്ങള്‍ക്കിടയില്‍ ‘പള്‍സ് മാന്‍’ എന്നാണ് വിളിക്കാറുള്ളതെന്നും എന്തൊക്കെ ക്രിട്ടിസിസം വന്നാലും തിയേറ്ററില്‍ പടമോടിക്കാന്‍ അയാള്‍ക്ക് അറിയാമെന്നും നടന്‍ പറയുന്നു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു.
‘വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ രണ്ട് കഥാപാത്രങ്ങളായിരുന്നു എനിക്ക് ചെയ്യാനുണ്ടായിരുന്നത്. അതില്‍ ആദ്യ ഭാഗത്തിലെ അച്ഛന്റെ കഥാപാത്രം വളരെ സേഫായിട്ട് എനിക്ക് ചെയ്യാന്‍ സാധിച്ചിരുന്നു. പക്ഷെ അയാളുടെ മകനായി ഞാന്‍ സെക്കന്റ് ഹാഫില്‍ വന്നതോടെ വിനീത് വളരെ അപ്‌സെറ്റായിരുന്നു.
അദ്ദേഹം കട്ട് വിളിച്ചാല്‍ ഞാന്‍ അടുത്ത് ചെന്നിട്ട് വളരെ ലൂസായിട്ടാണ് സംസാരിക്കുക. അപ്പോള്‍ ‘നിനക്ക് ഇതൊക്കെ അവിടെ തന്നാല്‍ എന്താണ്’ എന്നാകും വിനീതിന്റെ ചോദ്യം. പക്ഷെ വിനീത് ആക്ഷന്‍ പറയുന്നതോടെ ഞാന്‍ മസില്‍ പിടിക്കും, ഒന്ന് ഒതുങ്ങും.
ഓവര്‍ ആക്ടിങ്ങ് ആകരുതെന്ന ചിന്തയിലാണ് അങ്ങനെ ചെയ്യുന്നത്. ആ സീനുകളിലൊക്കെ ഓവര്‍ ദി ടോപ്പ് ചെയ്യേണ്ട ആള്‍ ഞാനാണ്. തിരക്കഥാകൃത്ത് പ്രതീക്ഷിക്കുന്നത് അതാണ്. പക്ഷെ ഞാന്‍ വളരെ സട്ടിലായിട്ട് അഭിനയിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഹൃദയം സിനിമയിലും അങ്ങനെ തന്നെയായിരുന്നു. പ്രണവുമായുള്ള എന്റെ കോമ്പിനേഷനില്‍ ഞാന്‍ വളരെ ലൗഡായിരുന്നു.
വിനീതിന് വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ എന്നില്‍ നിന്ന് വളരെ പീക്കായ അഭിനയമായിരുന്നു വേണ്ടത്. കൊമേഴ്ഷ്യല്‍ സിനിമക്ക് ഒരു മീറ്ററുണ്ടെന്ന് ഞാന്‍ ആ സമയത്ത് മനസിലാക്കിയില്ല. പിന്നെ അദ്ദേഹം എന്നോട് ഈ കാര്യം തുറന്നു പറഞ്ഞു. ഓവറാക്കിയാല്‍ ശരിയാകുമോയെന്ന് ഞാന്‍ സ്വയം ചിന്തിക്കാന്‍ തുടങ്ങി.
പിന്നെ എന്തെങ്കിലും ആവട്ടേയെന്ന് കരുതിയാണ് ചെയ്തത്. അങ്ങനെ ആ സിനിമയില്‍ ഒരു ഹോസ്പിറ്റല്‍ സീന്‍ ചെയ്യേണ്ട ദിവസം വന്നു. ഫോണൊക്കെ എറിഞ്ഞിട്ട് പോകുന്ന സീനായിരുന്നു അത്. ആ സീന്‍ കുറച്ച് ഓവറാക്കാമെന്ന് ഞാന്‍ തീരുമാനിച്ചു.
വിനീതിനെ ഞങ്ങള്‍ക്കിടയില്‍ ‘പള്‍സ് മാന്‍’ എന്നാണ് വിളിക്കാറുള്ളത്. എന്തൊക്കെ ക്രിട്ടിസിസം വന്നാലും തിയേറ്ററില്‍ അയാള്‍ക്ക് പടമോടിക്കാന്‍ അറിയാം എന്നതാണ് സത്യം. തിയേറ്ററില്‍ എന്റെ ആ സീനിന് വന്‍ കയ്യടിയായിരുന്നു. ഞാന്‍ ഞാനായി തന്നെ മാറിയ സീനായിരുന്നു അത്,’ അജു വര്‍ഗീസ് പറഞ്ഞു.
Content Highlight: Aju Varghese Talks About Vineeth Sreenivasan And Varshangalkku Shesham Movie