|

ഞാന്‍ ചാന്‍സ് ചോദിച്ചു തുടങ്ങിയതും ആ തമിഴ് നടന്‍ അഭിനയം നിര്‍ത്തി: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് നടന്‍ വിജയ്‌യെ തനിക്ക് വലിയ ഇഷ്ടമാണെന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം പണ്ടേ ഉണ്ടായിരുന്നുവെന്നും പറയുകയാണ് അജു വര്‍ഗീസ്.

ഈ അടുത്താണ് താന്‍ തമിഴ് സിനിമകളില്‍ ചാന്‍സ് ചോദിച്ചു തുടങ്ങിയതെന്നും പക്ഷെ അപ്പോഴേക്കും വിജയ് അഭിനയം നിര്‍ത്തിയെന്നും നടന്‍ പറയുന്നു.

ആരുടെ കൂടെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാനാണ് ഇനി ആഗ്രഹമെന്ന ചോദ്യത്തിന് ലൈഫ് നെറ്റ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ മറുപടി പറയുകയായിരുന്നു അജു.

‘ഇനി ആരുടെ കൂടെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാനാണ് ആഗ്രഹമെന്ന് ചോദിച്ചാല്‍, എനിക്ക് നടന്‍ വിജയ്‌യെ വലിയ ഇഷ്ടമാണ്. പക്ഷെ ഞാന്‍ സാറിന്റെ കൂടെ അഭിനയിക്കണമെന്ന ആഗ്രഹം പറഞ്ഞ സമയത്താണ് അദ്ദേഹം അഭിനയം നിര്‍ത്തിയത് (ചിരി).

ആ ആഗ്രഹം പണ്ടേ ഉണ്ടായിരുന്നു. പക്ഷെ ഈ അടുത്താണ് ഞാന്‍ തമിഴില്‍ ചാന്‍സ് ചോദിച്ചു തുടങ്ങിയത്. അപ്പോഴാണ് അദ്ദേഹം അഭിനയം നിര്‍ത്തുകയാണ് എന്ന് പറയുന്നത്,’ അജു വര്‍ഗീസ് പറയുന്നു.

ഏത് സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാനാണ് ഇനി ആഗ്രഹമെന്ന ചോദ്യത്തിനും നടന്‍ അഭിമുഖത്തില്‍ മറുപടി പറഞ്ഞു. പൃഥ്വിരാജ് സുകുമാരനോട് ലൂസിഫര്‍, ബ്രോ ഡാഡി, എമ്പുരാന്‍ എന്നീ സിനിമകളില്‍ അവസരം ചോദിച്ചിരുന്നുവെന്നാണ് അജു പറയുന്നത്. എമ്പുരാന്റെ ട്രെയ്‌ലറില്‍ കാണിച്ച ഡ്രാഗണ്‍ ചിഹ്നമുള്ള ഡ്രസ് ധരിച്ച് പുറംതിരിഞ്ഞു നില്‍ക്കുന്ന ആള്‍ താന്‍ ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നുവെന്നും അജു വര്‍ഗീസ് പറഞ്ഞു.

‘ലൂസിഫറിലും ബ്രോ ഡാഡിയിലും എമ്പുരാനിലും ചാന്‍സ് ചോദിച്ചു. എമ്പുരാനില്‍ തിരിഞ്ഞു നില്‍ക്കുന്ന ഫോട്ടോയില്‍ ഉള്ളത് ഞാന്‍ ആണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കണ്ടിരുന്നു. ഞാന്‍ ആവട്ടേയെന്ന് ചുമ്മാ ആഗ്രഹിച്ചിരുന്നു.

ഞാന്‍ അല്ലെന്ന് എനിക്ക് അറിയാം (ചിരി). റിലീസിന്റെ മുമ്പും അത് ഞാനല്ലെന്ന് എനിക്ക് അറിയുന്ന കാര്യമാണല്ലോ. പക്ഷെ നമ്മള്‍ വെറുതെ ഓരോ കാര്യങ്ങള്‍ ആഗ്രഹിക്കുമല്ലോ,’ അജു വര്‍ഗീസ് പറഞ്ഞു.

Content Highlight: Aju Varghese Talks About Vijay