വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലെ വേഷം ചെയ്യുമ്പോള്‍ തനിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നില്ലെന്ന് പറയുകയാണ് അജു വര്‍ഗീസ്. തന്റെ സീനില്‍ ഒരുപാട് ടേക്കുകള്‍ പോകാതിരിക്കാന്‍ ശ്രമിച്ചിരുന്നെന്നും അജു പറയുന്നു.
ഒരു സീനിന് വേണ്ടി ടേക്കുകള്‍ അധികം പോകുമ്പോള്‍ തനിക്ക് ഒരു ഭയം ഉണ്ടാകാറുണ്ടെന്നും ചിലപ്പോള്‍ ധ്യാന്‍ ശ്രീനിവാസന് അത് ഉണ്ടാകണമെന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഡയലോഗുകള്‍ താന്‍ കഷ്ടപ്പെട്ട് പഠിച്ചിട്ടില്ലെന്നും ചീഫ് അസോസിയേറ്റ് ഡയലോഗ് പറഞ്ഞു തരുമ്പോള്‍ തെറ്റിയാലും കുഴപ്പമില്ലെന്ന ചിന്ത തനിക്ക് ഉണ്ടായിരുന്നെന്നും താരം പറയുന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അണ്‍ഫില്‍ട്ടേര്‍ഡ് ബൈ അപര്‍ണക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.
‘ജോലി ചെയ്യുന്ന സമയത്ത് സുഹൃത്തുക്കള്‍ ആണെങ്കിലും അതിന്റെ ഒരു ഡിസിപ്ലിന്‍ ഉണ്ടാകും. ടേക്കുകള്‍ അധികം പോകുമ്പോഴൊക്കെ ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ഭയവും ഉണ്ടാകും. എനിക്ക് ആ ഭയം ഉണ്ട്. ചിലപ്പോള്‍ ധ്യാനിന് അത് ഉണ്ടാകണമെന്നില്ല. പുള്ളിയുടെ ഒരു കണ്‍സെപ്റ്റ് വെച്ച് എനിക്ക് അറിയില്ല.
എന്നാല്‍ ഞാന്‍ ഈ സിനിമയില്‍ ആ വേഷം ചെയ്യുമ്പോള്‍ എനിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. ഒരുപാട് ടേക്കുകള്‍ പോകാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. അല്ലാത്ത കാര്യങ്ങളില്‍ എനിക്ക് കുഴപ്പം ഉണ്ടായിരുന്നില്ല. കഥാപാത്രത്തെ ഗൈഡ് ചെയ്യുന്ന സ്ഥലം കൃത്യമാണെന്ന വിശ്വാസം എനിക്ക് ഉണ്ടായിരുന്നു.
സിനിമയക്ക് വേണ്ടി ഡയലോഗുകള്‍ ഞാന്‍ കഷ്ടപ്പെട്ട് പഠിച്ചിട്ടൊന്നുമില്ല. ചീഫ് അസോസിയേറ്റ് വന്ന് പറഞ്ഞു തരുമ്പോള്‍ തെറ്റിയാലും കുഴപ്പമില്ലെന്ന ചിന്ത എനിക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇത് ഞാന്‍ വേറെ ഒരു സെറ്റില്‍ ചെയ്യില്ല. മറ്റ് സെറ്റില്‍ ഞാന്‍ സ്വയം ഉത്തരവാദിത്തമെടുക്കും.
ഞാന്‍ ചിലപ്പോള്‍ മോണിറ്ററില്‍ പോയി നോക്കി ഒരു ടേക്ക് കൂടെയൊക്കെ ചോദിക്കും. എന്നാല്‍ ഇവിടെ ഞാന്‍ ഒരു ശ്രദ്ധയില്ലാഴ്മ കൊണ്ടുനടന്നിരുന്നു. ഞാന്‍ ഇത് അഹങ്കാരത്തില്‍ പറയുകയല്ല. ഈ സിനിമക്ക് എന്താണ് വേണ്ടെതന്ന് സംവിധായകന് അറിയാവുന്നതാണ്. നമ്മള്‍ ഒന്നും പ്ലാന്‍ ചെയ്ത് പോകേണ്ട.
ഇനി ഇതുപോലെ എല്ലാവരും ചേര്‍ന്ന് ഒരു സിനിമ ചിലപ്പോഴേ ഈ ചെറുപ്പത്തില്‍ നടക്കുകയുള്ളൂ. ഇനി ചാന്‍സ് വളരെ കുറവാണ്. നിവിന്‍, ധ്യാന്‍, പ്രണവ്, ബേസില്‍ ഉള്‍പ്പെടെയുള്ള ലീഡ് ആക്ടേഴ്‌സ് ഒരുമിച്ച് ഒരു സിനിമയില്‍ വരുന്നത് എളുപ്പമല്ല. അതാണ് ഈ സിനിമയില്‍ ഏറ്റവും സ്‌പെഷ്യലായി ഞാന്‍ കാണുന്നത്,’ അജു വര്‍ഗീസ് പറഞ്ഞു.
ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ തന്നെയാണ് നായകനായി എത്തുന്നത്. ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്.
ഹൃദയത്തിന് ശേഷം കല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിനും കല്യാണി പ്രിയദര്‍ശനും പുറമെ ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ് എന്നിവരും പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട്.
വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം ചിത്രത്തില്‍ നിവിന്‍ പോളി ഒരു ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്. ചിത്രം 2024 ഏപ്രില്‍ 11നാണ് തീയേറ്ററുകളില്‍ എത്തുന്നത്. ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് വിശാഖ് സുബ്രമണ്യനാണ്.
Content Highlight: Aju Varghese Talks About Varshangalkku Shesham Movie