സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധേയനായ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. രസകരമായ അഭിമുഖങ്ങളിലൂടെ പലപ്പോഴും ധ്യാന്‍ പ്രേക്ഷകരെ ചിരിപ്പിക്കാറുണ്ട്. ധ്യാനിന്റെ ഏറ്റവും പുതുതായി വരാനിരിക്കുന്നത് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന ചിത്രമാണ്.
വിനീത് ശ്രീനിവാസനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വിനീതും പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. നിവിന്‍ പോളി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ധ്യാനിന്റെ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വലിയ വൈറലായിരുന്നു. പുതിയ ലുക്കിലായിരുന്നു ധ്യാന്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് അജു വര്‍ഗീസ്. തന്റെ പുതിയ സിനിമയായ ഫീനിക്‌സിന്റെ പ്രമോഷന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘സ്വയം ഉഴപ്പനാണെന്ന് പറഞ്ഞ് നടന്ന് അവസാനം ഇന്റര്‍വ്യൂ സ്റ്റാറായി മാറി നമ്മളെ രസിപ്പിച്ച ഒരു വ്യക്തിയാണ് ധ്യാന്‍. ആ വ്യക്തി പുതിയ സിനിമയുടെ ഷൂട്ടിങ്ങിന് പറഞ്ഞ ദിവസം കഥാപാത്രത്തിന്റെ അളവില്‍ കറക്ട് സൈസില്‍ മെലിഞ്ഞിട്ട് എത്തി. അത് എനിക്ക് അവനില്‍ ഭയങ്കര റെസ്‌പെക്റ്റ് ഉണ്ടാക്കിയ കാര്യമായിരുന്നു. ആ സിനിമ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് അവനോടുള്ള ഇഷ്ടം വര്‍ധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
വിനീത് ഒരു ദാക്ഷിണ്യവുമില്ലാതെ പറഞ്ഞത് കാരണമാണ് അവന്‍ മെലിഞ്ഞത്. ആ കഥാപാത്രത്തിന് വേണ്ട രൂപത്തിലെത്തിയില്ല എന്നുണ്ടെങ്കില്‍ വേറെയാളെ പകരം കാസ്റ്റ് ചെയ്യുമെന്ന് അവനോട് പറഞ്ഞിരുന്നു. സാറ് (ശ്രീനിവാസന്‍) പലപ്പോഴും മക്കളാണെന്ന് നോക്കാറില്ല പിന്നെ അനിയനാണെന്ന് നോക്കേണ്ട ആവശ്യം വിനീതിനില്ലല്ലോ. സിനിമ വരുമ്പോള്‍ അങ്ങനെയുള്ള കാര്യങ്ങളൊന്നും ഇല്ല.
വിനീത് ധ്യാനിനോട് വളരെ കര്‍ക്കശമായിട്ട് പറഞ്ഞുവെന്നുള്ളത് സത്യം തന്നെയാണ്. ധ്യാനിന് ആ കാര്യത്തില്‍ നല്ല ബോധ്യമുണ്ടായിരുന്നു. ആ സെറ്റില്‍ പോയപ്പോള്‍ ഇന്നലെയും ധ്യാനിനെ കണ്ടതാണ്. അവന്റെ പുതിയ ലുക്കിലുള്ള ഒരു ഫോട്ടോയോ മറ്റോ പബ്ലിക്കില്‍ വന്നിട്ടുണ്ടെന്ന് തോന്നുന്നു. സെറ്റില്‍ ഫോണൊക്കെ ചെയ്തു കൊണ്ട് നടക്കുന്നതാണ് ആ ഫോട്ടോ.
അവന്റേത് വലിയ ട്രാന്‍സ്‌ഫോമേഷന്‍ തന്നെയാണ്. കൈയടിക്കേണ്ട കാര്യമാണ്. ആ സിനിമയിലെ കഥാപാത്രത്തിന് വേണ്ടിയാണ് അവന്റെ മാറ്റം. ആ സിനിമ കഴിഞ്ഞാല്‍ മുമ്പത്തെ പോലെ തന്നെയാകുമെന്ന് അവന്‍ പറയുന്നുണ്ട്. പക്ഷെ അങ്ങനെ മാറാതെ നല്ല ഫിറ്റായി തന്നെയിരിക്കട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
അവന്‍ അങ്ങനെ മാറിയത് കഷ്ടപ്പെട്ടിട്ടാണ്. അല്ലാതെ പറ്റില്ലല്ലോ. മാജിക് കാണിച്ചിട്ട് നമ്മുക്ക് എന്തായാലും മെലിയാന്‍ പറ്റില്ലല്ലോ. കഥാപാത്രത്തിന് വേണ്ടി അവന്‍ പണിയെടുത്തു. കാരണം ആ വേഷം അത്രയും നല്ലതാണെന്നും നന്നായി ചെയ്ത് കഴിഞ്ഞാല്‍ പ്രേക്ഷകര്‍ അംഗീകരിക്കുമെന്നും അവനറിയാം. അതിന് തക്കതായ മറ്റ് ഗുണങ്ങളും ചിലപ്പോള്‍ കിട്ടാം,’ അജു വര്‍ഗീസ് പറയുന്നു.
Content Highlight: Aju Varghese Talks About Transformation Of Dhyan Sreenivasan