നാല് സുഹൃത്തുക്കളുടെ കഥ പറയുന്ന ഒരു കളര്‍ഫുള്‍ എന്റര്‍ടൈനര്‍ ചിത്രമാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റര്‍ഡേ നൈറ്റ്. നിവിന്‍ പോളി, അജു വര്‍ഗീസ്, സൈജു കുറുപ്പ്, സിജു വില്‍സണ്‍ എന്നിവര്‍ക്കൊപ്പം ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്.
റോഷന്‍ ആന്‍ഡ്രൂസിനൊപ്പം ആദ്യമായി വര്‍ക്ക് ചെയ്തതിന്റെ അനുഭവം പങ്കുവെക്കുകയാണ് എഫ്.ടി.ക്യു വിത്ത് രേഖാ മേനോന്‍ എന്ന പരിപാടിയില്‍ നടന്‍ അജു വര്‍ഗീസ്. റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകന്‍ അസാധ്യ നടനാണെന്നും അദ്ദേഹം ചെയ്ത് കാണിച്ചുതരുന്നത് നേരെ കോപ്പിയടിച്ചാല്‍ തന്നെ ഓക്കെയായിരിക്കും എന്നുമാണ് അജു പറയുന്നത്.
”ഷൂട്ടിന് പോകുന്നതിന് മുമ്പേ തന്നെ സൈജുവേട്ടന്‍ (സൈജു കുറുപ്പ്) എന്നോട് ചോദിച്ചിരുന്നു, ‘റോഷന്‍ ആന്‍ഡ്രൂസിന്റെ കൂടെ ആദ്യമായിട്ടാണോ,’ എന്ന്. ഞാന്‍ അതെ എന്ന് പറഞ്ഞു. ഞാന്‍ ഒരെണ്ണം ചെയ്തിട്ടുണ്ട്, എന്ന് സൈജുവേട്ടന്‍ പറഞ്ഞു.
റോഷന്‍ ആന്‍ഡ്രൂസ് സാര്‍ ഒരു ഗ്രേറ്റ് ആക്ടറാണ്. അതുകൊണ്ട് തന്നെ ഞാന്‍ അധികം ചിന്തിക്കാന്‍ നിന്നില്ല. സാറ് പറയുന്നതിനനുസരിച്ച് നിന്നുകൊടുത്താല്‍ മതി എന്ന് സൈജുവേട്ടന്‍ പറഞ്ഞു.
പക്ഷെ അത് എനിക്കൊരു പുതിയ എക്‌സ്പീരിയന്‍സായിരുന്നു. ഒന്നാമത് ഭയങ്കര അടിച്ചുപൊളി ക്യാരക്ടറല്ല എന്റേത്. സാറിന് അത് കൃത്യമായ ധാരണയുണ്ട്. ഇത് ഇത്ര വരെയേ പോകാവൂ, എന്ന് അദ്ദേഹം അഭിനയിച്ച് കാണിച്ചുതരും. അതങ്ങോട്ട് നോക്കുക, കോപ്പിയടിക്കുക. അത്രയേ ചെയ്യേണ്ടൂ.
തെറ്റിക്കഴിഞ്ഞാലൊക്കെ റോഷന്‍ സാറ് പറയുന്ന ഒരു നല്ല വരിയുണ്ട്, ‘ഒരു ഷോട്ട് എടുത്തുകഴിഞ്ഞ് നിങ്ങള്‍ക്ക് ഒരു ഹൈ കിട്ടണം. അത് കിട്ടിയില്ലെങ്കില്‍ എന്നോട് പറഞ്ഞോ നമുക്ക് ഒന്നൂടെ എടുക്കാം,’ എന്ന്.
എന്റെ പേഴ്‌സണല്‍ എക്‌സ്പീരിയന്‍സില്‍ ഞാന്‍ വര്‍ക്ക് ചെയ്ത സംവിധായകരില്‍ കുറേയൊക്കെ എന്റെ കണ്ടംപററീസാണ്. സുഹൃത്തുക്കളും സമപ്രായക്കാരും എന്നെക്കാള്‍ ചെറുപ്പമായവരുമൊക്കെ. പ്രിയദര്‍ശന്‍ സാറും ജോഷി സാറും മാത്രമാണ് അല്ലാതെ വര്‍ക്ക് ചെയ്തിട്ടുള്ളത്.
അത് കഴിഞ്ഞ് എനിക്കൊരു സീനിയര്‍ ഡയറക്ടറുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് റോഷന്‍ സാറിന്റെ കൂടെയാണ്. തീര്‍ച്ചയായും അതിന്റേതായ വ്യത്യാസം എനിക്ക് ഒരുപാടുണ്ട്.
ഇനി ചെയ്യുന്ന സിനിമകളില്‍ മാത്രമേ ആ മാറ്റം എനിക്ക് ചിലപ്പോള്‍ തിരിച്ചറിയാന്‍ പറ്റൂ,” അജു വര്‍ഗീസ് പറഞ്ഞു.
അതേസമയം, റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത പ്രതി പൂവന്‍കോഴി എന്ന ചിത്രത്തില്‍ വില്ലനായെത്തിയത് അദ്ദേഹം തന്നെയായിരുന്നു. ചിത്രത്തിലെ റോഷന്റെ പ്രകടനവും ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു.
Content Highlight: Aju Varghese talks about the acting skills of director Rosshan Andrrews