| Tuesday, 14th November 2023, 12:47 pm

ഒരു കഥാപാത്രം മരിക്കുമെന്ന് ജോഷി സാര്‍; എന്നെ കൊല്ലല്ലേയെന്ന് ഞാനും; ഒടുവില്‍ എനിക്ക് പകരം അവന്‍: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യുവ നായകന്മാരെ അഭിനയിപ്പിച്ചു കൊണ്ട് ജോഷി സംവിധാനം ചെയ്ത് ഏറെ ശ്രദ്ധിക്കപ്പെട്ട മലയാളം സ്‌പോര്‍ട്‌സ് ആക്ഷന്‍ ചിത്രമാണ് സെവന്‍സ്. മലബാറില്‍ പ്രചാരമുള്ള സെവന്‍സ് ഫുട്‌ബോള്‍ കളിക്കുന്ന ഏഴ് യുവാക്കളെ കേന്ദ്രീകരിച്ചായിരുന്നു ഇത്.

സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത് കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നിവിന്‍ പോളി, രജിത് മേനോന്‍, അജു വര്‍ഗീസ്, വിനീത് കുമാര്‍, മിഥുന്‍ രമേഷ് എന്നിവരായിരുന്നു.

ജോഷി തന്നോടും നിവിനോടും ആ സിനിമയുടെ കഥ പറയുമ്പോള്‍ നടന്ന ഒരു രസകരമായ കാര്യത്തെ പറ്റി പറയുകയാണ് അജു വര്‍ഗീസ്. തന്റെ പുതിയ ചിത്രമായ ഫീനിക്‌സിന്റെ പ്രമോഷന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ജോഷി സാറിന്റെ സെവന്‍സില്‍ മരിച്ചു പോകുന്ന ഒരു കഥാപാത്രമുണ്ട്. നിവിനിന്റെ കല്യാണം വിളിക്കാന്‍ ജോഷി സാറിന്റെ വീട്ടില്‍ പോയപ്പോഴാണ് സാറിന്റെ അടുത്ത സിനിമയില്‍ ഞങ്ങള്‍ രണ്ടുപേരുമുണ്ടെന്ന് പറയുന്നത്.

ഞാന്‍ നിവിനിന്റെ കല്യാണം വിളിക്കാന്‍ പോയത് സാര്‍ ഇറങ്ങിപോടായെന്ന് പറഞ്ഞ് എന്നെ ഇറക്കിവിടില്ലല്ലോയെന്ന് ഓര്‍ത്തായിരുന്നു. ഇറക്കി വിടാതെ വീട്ടില്‍ ഇരുത്തും, ആ മാന്യത കാണിക്കും.

അവിടുന്ന് പോകും മുമ്പ് ഏതെങ്കിലും ഒരു പടത്തില്‍ അവസരം ചോദിക്കാമെന്ന് കരുതിയിരുന്നു. എന്നാല്‍ അത് പറയാന്‍ തുടങ്ങുമ്പോഴാണ് ജോഷി സാര്‍ ഇങ്ങോട്ട് ഈ സിനിമയെ പറ്റി പറയുന്നത്. അപ്പോള്‍ ഞങ്ങളാണെങ്കില്‍ അത് കൊള്ളാലോയെന്ന ചിന്തയില്‍ ഇരുന്നു.

സാര്‍ അപ്പോഴേക്കും സിനിമയെ പറ്റി പറഞ്ഞു തുടങ്ങി. ആ സിനിമയില്‍ ഇങ്ങനെ ഏഴ് നായകന്മാരുണ്ട്, അതില്‍ ഒരാള്‍ മരിച്ച് പോകുമെന്ന് സാറ് പറഞ്ഞു. അത് കേട്ടതും ഞാന്‍ ഉടനെ പറഞ്ഞു, എന്നെ കൊല്ലല്ലേ പ്ലീസ്. അങ്ങനെ സാര്‍ എനിക്ക് പകരം രജിതിനെ മരിക്കുന്ന ആളായി തീരുമാനിച്ചു.

 പക്ഷെ അവസാനം ഞാന്‍ തന്നെ മരിച്ചു. ഷൂട്ടിങ് തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ഏഴുപേരും കൂടെ നല്ല രസമുള്ള ലൊക്കോഷനായിരുന്നു അത്. ചാക്കോച്ചനും ആസിഫും മിഥുന്‍ ചേട്ടനുമൊക്കെ ഉണ്ടായിരുന്നു.

കൂടെ സീനിയേസുണ്ട് തുടക്കകാര്‍ ആയവരുമുണ്ട്. ഞങ്ങളാണെങ്കില്‍ തുടക്കമാണ്. എങ്കിലും ആ സിനിമ ഒരുപാട് നല്ല അനുഭവങ്ങളാണ് നല്‍കിയത്,’ അജു വര്‍ഗീസ് പറഞ്ഞു.


Content Highlight: Aju Varghese Talks About Sevens Movie

We use cookies to give you the best possible experience. Learn more