ആവേശത്തിലെ ആ കഥാപാത്രം എന്റെ ഫേവറൈറ്റാണ്; ഞാന്‍ അയാളുടെ വലിയ ഫാനാണ്: അജു വര്‍ഗീസ്
Entertainment
ആവേശത്തിലെ ആ കഥാപാത്രം എന്റെ ഫേവറൈറ്റാണ്; ഞാന്‍ അയാളുടെ വലിയ ഫാനാണ്: അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 6th July 2024, 1:17 pm

കോമഡി വേഷങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അജു വര്‍ഗീസ്. ഈയിടെ കണ്ട സിനിമകളിലൂടെ തനിക്ക് ഒരുപാട് ഇഷ്ടമായ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് അജു. പ്രേമലുവില്‍ സുബിന്‍ എന്ന കഥാപാത്രമായി എത്തിയ ഷമീറിനെ തനിക്ക് ഒരുപാട് ഇഷ്ടമായെന്ന് താരം പറയുന്നു. ഒപ്പം ജോമോന്‍ ജ്യോതിറിനെയും കാര്‍ത്തിക് ശങ്കറിനെയും ഇഷ്ടമാണെന്നും അജു പറഞ്ഞു.

വണ്ടര്‍വാള്‍ മീഡിയ എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്. എന്നാല്‍ ഈയടുത്ത് കണ്ട് ഇഷ്ടമായവരില്‍ ഏറ്റവും പ്രിയപ്പെട്ടത് ആവേശത്തിലെ അമ്പാനാണെന്നാണ് താരം പറയുന്നത്. സജിന്‍ ഗോപു ഒരു വലിയ നടനാണെന്നും താന്‍ അദ്ദേഹത്തിന്റെ വലിയ ഫാനാണെന്നും അജു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് പ്രേമലു സിനിമയില്‍ ‘പെണ്ണേ നീ നിര്‍ത്തിക്കോ’ എന്ന് പറഞ്ഞ ഷമീറിനെ ഒരുപാട് ഇഷ്ടമായി. പിന്നെ ജോമോന്‍ ജ്യോതിറിനെയും സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആക്ടീവായിട്ടുള്ള കാര്‍ത്തിക് ശങ്കറിനെയും ഇഷ്ടമാണ്. ഇപ്പോള്‍ അടുത്ത് കണ്ട് ഇഷ്ടമായവരെ കുറിച്ചാണ് ഞാന്‍ പറയുന്നത്. അതില്‍ ഏറ്റവും ഫേവറൈറ്റ് അമ്പാനാണ്. സജിന്‍ ഗോപു ഒരു ഗ്രേറ്റ് ആക്ടറാണ്.

ചുരുളിയിലെ സജിന്‍ ആയിരുന്നില്ല ജാന്‍. എ. മന്നില്‍ ഉണ്ടായിരുന്നത്. ആ സജിനെ അല്ലായിരുന്നു ആവേശത്തില്‍ കണ്ടത്. രോമാഞ്ചത്തില്‍ മറ്റൊരു സജിനാണ്. അമ്പാനും രോമാഞ്ചത്തിലെ നിരൂപും ഒരുപോലെ തോന്നാം, പക്ഷെ രണ്ടും രണ്ടാണ്. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ഫാനാണ്. ഇവരൊക്കെ നമ്മളെ ഒരുപാട് എന്റര്‍ടൈന്‍ ചെയ്യിക്കുന്നുണ്ട്,’ അജു വര്‍ഗീസ് പറഞ്ഞു.


Content Highlight: Aju Varghese Talks About Sajin Gopu