Advertisement
Entertainment
ആ സിനിമ അധികം ഓടിയില്ല, എങ്കിലും അതിലെ സീനുകള്‍ ഞാനിരുന്ന് കാണാറുണ്ട്: അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 13, 06:16 am
Thursday, 13th March 2025, 11:46 am

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അജു വര്‍ഗീസ്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അജു സിനിമാ ജീവിതം ആരംഭിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് വനിതാ ഫിലിം അവാര്‍ഡും ലഭിച്ചു.

വിനീത് ശ്രീനിവാസന്‍ ചിത്രങ്ങളായ തട്ടത്തിന്‍ മറയത്ത് (2012), ഒരു വടക്കന്‍ സെല്‍ഫി (2015) എന്നിവ ബോക്‌സോഫീസ് ഹിറ്റുകളായിരുന്നു.

ഓം ശാന്തി ഓശാന, പുണ്യാളന്‍ അഗര്‍ബത്തീസ്, വെള്ളിമൂങ്ങ, ഓര്‍മയുണ്ടോ ഈ മുഖം, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രേഷക ശ്രദ്ധ നേടിയെടുത്തു അജു വര്‍ഗീസ്. അടുത്തിറങ്ങിയ ജിയോ ഹോട്ട്സ്റ്റാര്‍ സീരീസ് ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷനിലും പ്രധാന കഥാപാത്രമായിരുന്നു അജു.

ഇപ്പോള്‍ സിനിമ എങ്ങനെയാണെങ്കിലും റിസള്‍ട്ട് ബാധിക്കാത്തയാളാണ് താനെന്നും സിനിമ ചെയ്യുന്ന സമയത്തെ കെമിസ്ട്രി തന്നെ ഭയങ്കരമായി സന്തോഷിപ്പിക്കാറുണ്ടെന്നും പറയുകയാണ് അജു. ഭാവിയിലും താന്‍ ഇത്തരം സീനുകള്‍ കണ്ട് സന്തോഷിക്കുമെന്നും അജു പറയുന്നുണ്ട്.

പടക്കുതിര സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഫില്‍മിബീറ്റ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘സിനിമ എന്തുമായിക്കോട്ടെ റിസള്‍ട്ട് എന്നെ ബാധിക്കാറില്ല. എത്രയോ കാലമായിട്ട് ഞാന്‍ റിസള്‍ട്ട് നോക്കാറില്ല. ഷൂട്ട് ചെയ്യുന്ന സമയത്തെ കെമിസ്ട്രി എന്നെ ഭയങ്കരമായി സന്തോഷിപ്പിക്കുന്ന കാര്യമാണ്. അതില്‍ ഞാന്‍ ചെറിഷ് ചെയ്യും. ഭാവിയിലും ഞാന്‍ ഇത്തരം സീക്വന്‍സ് കണ്ടിട്ട് സന്തോഷിക്കും.

സച്ചിന്‍ എന്ന സിനിമ അധികം ഓടിയിട്ടില്ല. എന്നാലും അതിലെ സീനുകളൊക്കെ ഞാനിരുന്ന് കാണാറുണ്ട്. അതിലെ കെമിസ്ട്രികളൊക്കെ എനിക്ക് ഇഷ്ടമാണ്. പടക്കുതിര എന്ന സിനിമയിലെ ചില സീനുകള്‍ ഞാന്‍ എന്‍ജോയ് ചെയ്ത് അഭിനയിച്ചിട്ടുണ്ട്,’ അജു പറഞ്ഞു.

അഭിനയം മാത്രമല്ല നിര്‍മാണത്തിലും കൈ വച്ചിട്ടുണ്ട് അജു വര്‍ഗീസ്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രം നിര്‍മിച്ചത് അജു വര്‍ഗീസും വൈശാഖ് സുബ്രമണ്യവും എം സ്റ്റാര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. മാത്രമല്ല അജു അഭിനയിച്ച സാജന്‍ ബേക്കറി എന്ന ചിത്രവും നിര്‍മിച്ചത് അജു വര്‍ഗീസാണ്. എന്നാല്‍ സിനിമ തിയേറ്ററില്‍ വിജയിച്ചില്ല.

Content Highlight: Aju Varghese Talks About Sachin Movie