മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അജു വര്‍ഗീസ്. നവാഗതനായ സാലോണ്‍ സൈമണ്‍ സംവിധാനം ചെയ്ത് അജു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പടക്കുതിര. കോമഡി, ആക്ഷന്‍, ഡ്രാമ ഴോണറില്‍ എത്തുന്ന ഈ സിനിമയില്‍ നടന്‍ രണ്‍ജി പണിക്കറും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
ഇപ്പോള്‍ രണ്‍ജി പണിക്കറിനെ കുറിച്ച് പറയുകയാണ് അജു വര്‍ഗീസ്. അദ്ദേഹം ചെയ്തിട്ടുള്ള സിനിമകള്‍ മനസില്‍ വെച്ചിട്ടാണ് താന്‍ അദ്ദേഹത്തോട് ആദ്യമൊക്കെ സംസാരിച്ചതെന്നാണ് അജു പറയുന്നത്. എന്നാല്‍ ഒരു ദിവസം സംസാരിച്ചപ്പോള്‍ തന്നെ അദ്ദേഹം തനിക്ക് സ്‌പേസ് തന്നുവെന്നും നടന്‍ പറയുന്നു.
പടക്കുതിര സിനിമയുടെ ഷൂട്ടിങ് സമയത്ത് രണ്‍ജി പണിക്കര്‍ ലൊക്കേഷനിലേക്ക് വരുന്നത് വരെ അവിടെ ഒരു മെക്കാനിക്കല്‍ രീതിയിലായിരുന്നു കാര്യങ്ങള്‍ നടന്നതെന്നും എന്നാല്‍ സെറ്റില്‍ ഒച്ചയും ബഹളവുമൊക്കെ ഉണ്ടാകുന്നത് അദ്ദേഹം വന്നപ്പോഴാണെന്നും അജു വര്‍ഗീസ് പറഞ്ഞു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘ആദ്യമായി ഞാന്‍ രണ്‍ജി സാറിനെ കാണുന്നത് ഒരു ഇവന്റില്‍ വെച്ചാണ്. അന്ന് ആദ്യം അദ്ദേഹത്തെ ദൂരെ നിന്ന് കണ്ടു. പിന്നെ സംസാരിച്ചു. ഒരാള്‍ ചെയ്ത സിനിമ വലിയ ഫാക്ടറാണല്ലോ. അദ്ദേഹം ചെയ്തിട്ടുള്ള സിനിമകള്‍ മനസില്‍ വെച്ചിട്ട് തന്നെയാണ് രണ്‍ജി സാറിനോട് സംസാരിക്കുന്നത്.
ആദ്യമായി അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യുമ്പോള്‍ സാറിന്റെ സിനിമകള്‍ മനസില്‍ ഉണ്ടായിരുന്നു. ഗോദ ആയിരുന്നു ഞാന്‍ അദ്ദേഹത്തോടൊപ്പം ചെയ്യുന്ന ആദ്യ സിനിമ. പക്ഷെ സാറിനോട് ഒരു ദിവസം സംസാരിച്ചപ്പോള്‍ തന്നെ അദ്ദേഹം നമുക്ക് ഒരു സ്‌പേസ് തന്നിരുന്നു.
രണ്‍ജി സാറിന്റെ വലയത്തില്‍ ഏതൊരു ചെറുപ്പക്കാരനും അനുഭവിക്കുന്ന സ്‌പേയ്‌സായിരുന്നു അത്. എപ്പോഴും നമുക്കൊപ്പം ഉള്ളവരെ കംഫേര്‍ട്ടബിളാക്കി വെക്കുക എന്നത് മുതിര്‍ന്നവരുടെ ഉത്തരവാദിത്വമാണല്ലോ. കാരണം അയാള്‍ക്ക് ചുറ്റുമുള്ളവര്‍ പലപ്പോഴും ഒരു കണ്‍ഫ്യൂസിങ് സ്റ്റേജിലാകും.
ഞാന്‍ രണ്‍ജി സാറിനൊപ്പം ഗോദയില്‍ അഭിനയിച്ചിട്ടുണ്ട്. പിന്നീട് ചെയ്തത് ഓം ശാന്തി ഓശാന ചെയ്തു. എന്നാല്‍ അതില്‍ കോമ്പിനേഷന്‍ ഉണ്ടായിരുന്നില്ല. അതിനുശേഷം ജേക്കബിന്റെ സ്വര്‍ഗരാജ്യം വന്നു. ആ സിനിമയില്‍ ഞാന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു. ലവ് ആക്ഷന്‍ ഡ്രാമയില്‍ ഞാന്‍ കൂടെ അഭിനയിച്ചു.
അതിനുശേഷം സച്ചിന്‍ എന്ന സിനിമ ചെയ്തു. അതൊക്കെ കഴിഞ്ഞിട്ടാണ് ഇപ്പോള്‍ പടക്കുതിര എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നത്. പടക്കുതിരയുടെ സമയത്ത് സാര്‍ വരുന്നത് വരെ ലൊക്കേഷനില്‍ എല്ലാം ഒരു മെക്കാനിക്കല്‍ രീതിയിലായിരുന്നു നടന്നത്.
ഓരോരുത്തരം അവരവരുടെ ജോലികള്‍ ചെയ്യുകയായിരുന്നു. പക്ഷെ ഒരു ടീം വര്‍ക്കും ഇന്‍വോള്‍വ്‌മെന്റും പിന്നെ സെറ്റില്‍ ഒച്ചയും ബഹളവുമൊക്കെ ഉണ്ടാകുന്നത് സാര്‍ വന്നപ്പോഴാണ്. എന്നുവെച്ചാല്‍ സാര്‍ വന്നിട്ട് ഒച്ച വെച്ചു എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. സാര്‍ വന്നപ്പോള്‍ സംവിധായകന് ഉള്‍പ്പെടെ ഒരു കോണ്‍ഫിഡന്‍സ് വന്നിട്ടുണ്ടാകാം,’ അജു വര്‍ഗീസ് പറഞ്ഞു.
Content Highlight: Aju Varghese Talks About Renji Panicker And Padakkuthira Movie