വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് അജു വര്‍ഗീസ്. കരിയറിന്റെ തുടക്കത്തില്‍ കോമഡി വേഷങ്ങളില്‍ തിളങ്ങിയ അജുവിന്റ കരിയറില്‍ വഴിത്തിരിവായത് ഹെലന്‍ എന്ന ചിത്രമായിരുന്നു.
സിനിമയിലെ അജുവിന്റെ നെഗറ്റീവ് കഥാപാത്രം ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു. കമല എന്ന ചിത്രത്തിലൂടെ നായകവേഷവും തനിക്കിണങ്ങുമെന്ന് അജു തെളിയിച്ചിരുന്നു. നടന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പടക്കുതിര. സൂരജ് വെഞ്ഞാറമൂട്, സിജ റോസ് എന്നിവരും ഒന്നിക്കുന്ന ഈ സിനിമയില്‍ നടന്‍ രണ്‍ജി പണിക്കരും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
ഇപ്പോള്‍ രണ്‍ജി പണിക്കര്‍ ചിത്രങ്ങളില്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഡയലോഗിനെ കുറിച്ച് പറയുകയാണ് അജു വര്‍ഗീസ്. ദി കിംഗ് സിനിമയിലെ ഡയലോഗുകള്‍ തനിക്ക് ഇഷ്ടമാണെന്നാണ് അദ്ദേഹം പറയുന്നത്.
രണ്‍ജി പണിക്കറിന്റെ സിനിമകളില്‍ പാട്ടില്ലെന്നത് തനിക്ക് ഏറ്റവും കൗതുകം തോന്നിയ കാര്യമാണെന്നും അജു കൂട്ടിച്ചേര്‍ത്തു. ഒറിജിനല്‍സ് എന്റര്‍ടൈമെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘എനിക്ക് രണ്‍ജി ചേട്ടന്റെ ഏറ്റവും ഇഷ്ടമുള്ള ഡയലോഗ് ഏതാണെന്ന് ചോദിച്ചാല്‍ അത് ദി കിംഗ് സിനിമയിലെ ഡയലോഗാണ്. എന്റെ എക്കാലത്തെയും പ്രിയപ്പെട്ട രണ്‍ജി പണിക്കര്‍ ചിത്രമാണ് അത്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഞാന്‍ കാണാറുണ്ട്.
എനിക്ക് രണ്‍ജി ചേട്ടന്റെ സിനിമകളില്‍ ഏറ്റവും കൗതുകം തോന്നിയ ഒരു കാര്യമുണ്ട്. സാറിന്റെ സിനിമകളില്‍ പാട്ടില്ല എന്നതാണ് ആ കാര്യം. പാട്ടുള്ള സിനിമകള്‍ വളരെ കുറവാണ്. ദി കിംഗ് സിനിമയില്‍ പാട്ടുണ്ടോ? കമ്മീഷണര്‍ സിനിമയിലും പാട്ടില്ല. തലസ്ഥാനം സിനിമയില്‍ ഒരു പാട്ട് മാത്രമാണുള്ളത്,’ അജു വര്‍ഗീസ് പറഞ്ഞു.
Content Highlight: Aju Varghese Talks About Renji Panicker