Entertainment
എനിക്ക് വ്യത്യസ്തമായ വേഷങ്ങള്‍ തന്നത് അയാള്‍ മാത്രം; അദ്ദേഹത്തിന്റെ എട്ട് സിനിമകളില്‍ അഭിനയിച്ചു: അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 25, 03:05 am
Wednesday, 25th December 2024, 8:35 am

വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ 2010ല്‍ സിനിമ കരിയര്‍ ആരംഭിച്ച നടനാണ് അജു വര്‍ഗീസ്. സിനിമയില്‍ ഹാസ്യ താരമായി കരിയര്‍ തുടങ്ങിയ അദ്ദേഹം ഇന്ന് മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ്.

2019ല്‍ പുറത്തിറങ്ങിയ ഹെലന്‍ എന്ന ചിത്രത്തിലൂടെയാണ് അജു ഹാസ്യ വേഷങ്ങളില്‍ നിന്ന് ട്രാക്ക് മാറ്റിപ്പിടിച്ചത്. ചിത്രത്തിലെ എസ്.ഐ രതീഷ് എന്ന കഥാപാത്രത്തിലൂടെ സീരിയസ് വേഷങ്ങളും തനിക്ക് ചേരുമെന്ന് അജു തെളിയിക്കുകയായിരുന്നു.

എന്നാല്‍ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ മാത്രമാണ് തനിക്ക് വ്യത്യസ്തമായ വേഷങ്ങള്‍ നല്‍കിയതെന്ന് പറയുകയാണ് അജു വര്‍ഗീസ്. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ എത്തിയ സു സു സുധീ വാത്മീകം, പ്രേതം, പുണ്യാളന്‍ അഗര്‍ബത്തീസ്, കമല തുടങ്ങിയ നിരവധി സിനിമകളില്‍ അജു അഭിനയിച്ചിട്ടുണ്ട്.

അദ്ദേഹം അന്നുതൊട്ടേ നല്‍കിയ കോണ്‍ഫിഡന്‍സ് വളരെ വലുതാണെന്നും തനിക്ക് രഞ്ജിത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ വളരെ കംഫേര്‍ട്ടബിളാണെന്നും അജു വര്‍ഗീസ് പറയുന്നു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘രഞ്ജിത്ത് ശങ്കര്‍ സാര്‍ മാത്രമാണ് വ്യത്യസ്തമായ വേഷങ്ങള്‍ തന്നത്. സു സു സുധീ വാത്മീകം തന്നു, പിന്നാലെ തന്നെ പ്രേതം എന്ന സിനിമ തന്നു. അദ്ദേഹം തന്നെയാണ് പുണ്യാളന്‍ അഗര്‍ബത്തീസ് തന്നത്. അതിലെ ഗ്രീനു എന്ന കഥാപാത്രം ഒരിക്കലും ഒരു കൊമേഡിയനല്ല. ഗ്രീനുവിനെ ഒരു നല്ല ക്യാരക്ടറായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

കമല എന്ന സിനിമ നല്‍കിയതും രഞ്ജിത്ത് ശങ്കര്‍ സാര്‍ തന്നെയാണ്. അദ്ദേഹം അന്നുതൊട്ടേ തന്ന കോണ്‍ഫിഡന്‍സ് വളരെ വലുതാണ്. എന്നെ കൊണ്ട് ആ കഥാപാത്രങ്ങളെല്ലാം ചെയ്യിപ്പിച്ചു.

ഞാന്‍ സാറിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ വളരെ കംഫേര്‍ട്ടബിളാണ്. ചെറുതും വലുതുമായി അദ്ദേഹത്തിന്റെ എട്ട് പടങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ടെന്ന് തോന്നുന്നു,’ അജു വര്‍ഗീസ് പറയുന്നു.

Content Highlight: Aju Varghese Talks About Ranjith Sankar