| Sunday, 14th April 2024, 9:55 am

നിവിന്റെ ആ സിനിമ കണ്ട് തിയേറ്ററില്‍ നിന്ന് കയ്യടിച്ചു; മുന്നിലുള്ളത് അവനാണെന്ന് ഞാന്‍ മറന്നു: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ കാലം കൊണ്ട് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് നിവിന്‍ പോളി. വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. ഈ ചിത്രത്തിലൂടെ 2010ലെ മികച്ച പുതുമുഖ നടനുള്ള അവാര്‍ഡ് സ്വന്തമാക്കാന്‍ നിവിന് സാധിച്ചിരുന്നു.

2015ല്‍ തിയേറ്ററിലെത്തിയ അല്‍ഫോണ്‍സ് പുത്രന്‍ ചിത്രമായ പ്രേമത്തിലെ നിവിന്റെ അഭിനയം ഏറെ പ്രശംസകള്‍ നേടിയിരുന്നു. സിനിമ റിലീസായി രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ 2015ല്‍ പുറത്തിറങ്ങിയതില്‍ ഏറ്റവും വലിയ വിജയചിത്രമായി മാറാന്‍ പ്രേമത്തിന് സാധിച്ചു.

നിവിന്‍ പോളിയുടെ ഹ്യൂമര്‍ ടൈമിങ് വളരെ വലുതാണെന്ന് പറയുകയാണ് അജു വര്‍ഗീസ്. പ്രേമം സിനിമ തിയേറ്ററില്‍ നിന്ന് കാണുമ്പോള്‍ നിവിനാണ് അതെന്ന് മറന്ന് അറിയാതെ കയ്യടിച്ചു പോയിട്ടുണ്ടെന്നും താരം പറയുന്നു.

ആ കഥാപാത്രത്തിന്റെയും സിനിമയുടെയും വിജയമാണ് അതെന്നും അജു കൂട്ടിച്ചേര്‍ത്തു. അണ്‍ഫില്‍ട്ടേര്‍ഡ് ബൈ അപര്‍ണ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘അവന്റെ ഹ്യൂമര്‍ ടൈമിങ് വളരെ വലുതാണ്. പ്രേമം ഞാന്‍ തിയേറ്ററില്‍ കണ്ട് അറിയാതെ കയ്യടിച്ചു പോയിട്ടുണ്ട്. അവിടെ നിവിന്‍ ആണ് അതെന്ന് മറന്നു പോയിരുന്നു ഞാന്‍. പ്രത്യേകിച്ചും ചെളിയില്‍ ഉള്ള ഫൈറ്റ് കഴിഞ്ഞ് നടന്നു വരുന്ന ആ വരവില്‍ കയ്യടിച്ചു പോയി. അതാണ് ആ കഥാപാത്രത്തിന്റെയും സിനിമയുടെയും വിജയം,’ അജു വര്‍ഗീസ് പറയുന്നു.

2019ല്‍ ഇറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമയെന്ന സിനിമയെ കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിച്ചു. മലയാള സിനിമയിലെ സീനിയേഴ്‌സിനുള്ളത് പോലെയുള്ള സിക്‌നേച്ചര്‍ ഹോള്‍ഡ് ചെയ്ത ആളാണ് നിവിനെന്നും അജു പറഞ്ഞു.

‘ലവ് ആക്ഷന്‍ ഡ്രാമയില്‍ ‘ഇങ്ങട് വന്നേ നീ’ എന്നുള്ള ഡയലോഗും മറ്റും നിവിനിന്റേതായി ഉണ്ടായിരുന്നു. പേര് എടുത്ത് ഞാന്‍ പറയുന്നില്ല, സിനിയേഴ്സില്‍ ചിലര്‍ക്ക് ഉള്ള സിക്‌നേച്ചര്‍ സീനുകളുണ്ട്. അത് കഴിഞ്ഞാല്‍ ആ സിക്‌നേച്ചര്‍ ഹോള്‍ഡ് ചെയ്ത ആളാണ് നിവിന്‍. സിനിമ കാണുമ്പോള്‍ അതൊക്കെ കണ്ട് ഞാന്‍ ഒരുപാട് ചിരിച്ചു. മനസറിഞ്ഞു ചിരിച്ചു,’ അജു വര്‍ഗീസ് പറയുന്നു.


Content Highlight: Aju Varghese Talks About Premam Movie

Latest Stories

We use cookies to give you the best possible experience. Learn more