നവാഗതനായ വിഷ്ണു ഭരതന്റെ സംവിധാനത്തില്‍ 2023ല്‍ തിയേറ്ററുകളിലെത്തിയ ഹൊറര്‍ റൊമാന്റിക് ചിത്രമാണ് ഫീനിക്‌സ്. വിഷ്ണുവിന്റെ തന്നെ കഥയില്‍ മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. അജു വര്‍ഗീസ്, ചന്തുനാഥ്, അനൂപ് മേനോന്‍, ഭഗത് മാനുവല്‍, അഭിരാമി ബോസ്, തുടങ്ങിയവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചിത്രത്തിലെ ഒരു രംഗത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്. ചിത്രത്തില്‍ അജുവിനെ നോക്കി മകള്‍ വിരല്‍ ഒടിക്കുമ്പോള്‍ അജു ഞെട്ടുന്ന ഒരു രംഗമുണ്ട്. ആ സീന്‍ കുറഞ്ഞത് നാല്പത്തിരണ്ട് തവണയെങ്കിലും എടുത്തിട്ടുണ്ടാകുമെന്ന് അജു വര്‍ഗീസ് പറയുന്നു. എത്ര ശ്രമിച്ചിട്ടും തനിക്ക് ഞെട്ടുന്ന എക്‌സ്പ്രഷന്‍ ശരിയായി വന്നില്ലെന്നും ആ സീനിന് റഫറന്‍സ് എടുക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമയുടെ സംവിധായകന്‍ വിഷ്ണു ഭരതന്‍ വളരെ നല്ല സംവിധായകനാണെന്നും ശരിയാകുന്നതുവരെ എടുത്തുകൊണ്ടിരിക്കുമെന്നും അജു പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.
‘ഫീനിക്‌സ് സിനിമയില്‍ എന്റെ മകള്‍ വിരല്‍ ഒടിക്കുമ്പോള്‍ ഞാനത് കണ്ട് ഞെട്ടുന്ന ഒരു രംഗമുണ്ട്. ആ സീന്‍ മാത്രം 42 ടേക്ക് എന്തോ പോയി. ഇപ്പോഴും എനിക്കത് വിശ്വസിക്കാന്‍ കഴിയുന്നില്ല. അതില്‍ അഞ്ചാറ് ടേക്ക് എന്തോ ഞാന്‍ തന്നെ എടുക്കാം എന്ന് പറഞ്ഞിട്ട് പോയിട്ടുണ്ട്.
എത്ര ശ്രമിച്ചിട്ടും ആ എക്‌സ്പ്രഷന്‍ എനിക്ക് കിട്ടുന്നില്ല. കാരണം ഇതുവരെയും നമ്മുടെ മുന്നില്‍ ആരും വിരലൊന്നും ഒടിച്ചിട്ടില്ലല്ലോ. നോക്കി ചെയ്യാന്‍ നമുക്കൊരു റഫറന്‍സും ഇല്ല. ആ കുട്ടി എന്റെ മുന്നില്‍ നിന്ന് അഭിനയിക്കുന്നതാണെന്നും വിരല്‍ ഒടിച്ചാല്‍ അത് അങ്ങനെ അല്ല എന്നും നമുക്ക് അറിയാമല്ലോ. അതുകൊണ്ടുതന്നെ എത്ര ശ്രമിച്ചിട്ടും എനിക്കത് വരുന്നില്ല.
പക്ഷെ സിനിമയുടെ സംവിധായകന്‍ വിഷ്ണു ഭരതന്‍ അത് എടുത്തേ വിടു. വളരെ നല്ല സംവിധായകനാണ് അദ്ദേഹം. അദ്ദേഹത്തിന് വേണ്ടത് കിട്ടിയാല്‍ മാത്രമേ ഓക്കേ പറയുകയുള്ളൂ,’ അജു വര്‍ഗീസ് പറയുന്നു.
Content Highlight: Aju Varghese Talks About Phoenix Movie