അവന്‍ ടൂത്ത്ബ്രഷ് വാങ്ങാന്‍ പോലും ഒരുപാട് ചിന്തിക്കും; അതുകൊണ്ട് അവന്റെ മക്കളുടെ സ്‌കൂളില്‍ എന്റെ മക്കളെയും ചേര്‍ത്തു: അജു വര്‍ഗീസ്
Entertainment
അവന്‍ ടൂത്ത്ബ്രഷ് വാങ്ങാന്‍ പോലും ഒരുപാട് ചിന്തിക്കും; അതുകൊണ്ട് അവന്റെ മക്കളുടെ സ്‌കൂളില്‍ എന്റെ മക്കളെയും ചേര്‍ത്തു: അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th July 2024, 7:53 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു കോമ്പോയാണ് നിവിന്‍ പോളി – അജു വര്‍ഗീസ് കോമ്പോ. ഇരുവരും ഒന്നിക്കുന്ന സിനിമകള്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ നിരവധിയാണ്. നിവിന്‍ പോളി വളരെ ഫോക്കസ്ഡായ ഒരാളാണെന്ന് പറയുകയാണ് അജു വര്‍ഗീസ്. തമിഴ് യൂട്യൂബ് ചാനലായ റെഡ്‌നൂലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

കരിയറിനെ കുറിച്ച് ഇത്രയധികം പ്ലാനിങ്ങുള്ള ഒരാളെ താന്‍ കണ്ടിട്ടില്ലെന്നും ഒരു ടൂത്ത്ബ്രഷ് വാങ്ങാന്‍ പോലും നിവിന്‍ ഒരുപാട് ചിന്തിക്കുമെന്നും അജു പറയുന്നു. അതുകൊണ്ട് തന്നെ തന്റെ മക്കളെ അവന്റെ മക്കള്‍ പഠിക്കുന്ന സ്‌കൂളിലാണ് ചേര്‍ത്തിരിക്കുന്നതെന്നും താരം അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

‘നിവിന്‍ വളരെ ഫോക്കസ്ഡായ ഒരാളാണ്. കരിയറിനെ കുറിച്ച് ഇത്രയധികം പ്ലാനിങ്ങുള്ള ഒരാളെ ഞാന്‍ കണ്ടിട്ടില്ല. നല്ല പ്ലാനിങ്ങുള്ള ആളുകള്‍ വേറെയും ഉണ്ടാകാം. എന്നാല്‍ എനിക്ക് ക്ലോസായ ആളുകളില്‍ ഏറ്റവും കരിയര്‍ പ്ലാനിങ്ങുള്ള ആള്‍ നിവിനാണ്. ഞാന്‍ എന്റെ മക്കളെ അവന്റെ മക്കള്‍ പഠിക്കുന്ന സ്‌കൂളിലാണ് ചേര്‍ത്തിരിക്കുന്നത്. കാരണം ഒരു ടൂത്ത്ബ്രഷ് വാങ്ങാന്‍ പോലും അവന്‍ ഒരുപാട് ചിന്തിക്കും.

ലാപ്‌ടോപ്പ് ആണെങ്കിലും ഇയര്‍ഫോണ്‍ ആണെങ്കിലും വാങ്ങുന്നത് എന്താണെങ്കിലും അത്രയേറെ ചിന്തിക്കും. അത്രയും ചിന്തിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന ഒരാള്‍ തന്റെ മക്കളെ ആ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ എത്രത്തോളം ചിന്തിച്ചിട്ടുണ്ടാകും. അതുകൊണ്ട് ഞാന്‍ മറ്റൊന്നും ചിന്തിക്കാതെ പെട്ടെന്ന് തന്നെ എന്റെ മക്കളെയും ആ സ്‌കൂളില്‍ തന്നെ ചേര്‍ത്തു. അവന്റെ ആ ക്വാളിറ്റി എനിക്ക് ഒരുപാട് ഇഷ്ടമാണ്,’ അജു വര്‍ഗീസ് പറഞ്ഞു.


Content Highlight: Aju Varghese Talks About Nivin Pauly’s Career Plans