മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അജു വര്‍ഗീസ്. വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. മലര്‍വാടിയിലൂടെ തന്നെ സിനിമയിലെത്തിയ മറ്റൊരു നടനാണ് നിവിന്‍ പോളി.
അജു വര്‍ഗീസിന്റെ അടുത്ത സുഹൃത്ത് കൂടെയാണ് നിവിന്‍. ഇരുവരും ഒന്നിക്കുന്ന സിനിമകളൊക്കെ എന്നും വന്‍ ഹിറ്റായി മാറാറുണ്ട്. സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു കോമ്പോ തന്നെയാണ് അജു വര്‍ഗീസ് – നിവിന്‍ പോളി കൂട്ടുക്കെട്ട്.
ഇപ്പോള്‍ നിവിന്‍ പോളിയെ കുറിച്ച് പറയുകയാണ് അജു വര്‍ഗീസ്. ശരിയായ കുപ്പായമിട്ടാല്‍ നിവിന്‍ പോളിയുണ്ടാക്കുന്ന ഓളം വളരെ വലുതാണെന്നാണ് അജു പറയുന്നത്. അത് നിവിന്‍ പോളിക്ക് നന്നായിട്ട് അറിയുന്ന കാര്യമാണെന്നും അദ്ദേഹം പറയുന്നു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.
‘റൈറ്റ് കുപ്പായമിട്ടാല്‍ നിവിന്‍ പോളിയുണ്ടാക്കുന്ന ഓളം വളരെ വലുതാണ്. അത് നിവിന്‍ പോളിക്ക് അറിയാം. തീര്‍ച്ചയായും അവന് നന്നായിട്ട് അറിയുന്ന കാര്യമാണ് അത്. പക്ഷെ ആ ഒരു ഹൈ അവന് കിട്ടണം. ഒരാള്‍ക്ക് ഇന്നുതൊട്ട് ജിമ്മില്‍ പോകാമെന്നും അല്ലെങ്കില്‍ ഇന്നുമുതല്‍ കോണ്‍സന്‍ട്രേറ്റ് ചെയ്യാമെന്നും കുറേ തിരക്കഥകള്‍ കേട്ട് തുടങ്ങാമെന്നുമൊക്കെ തോന്നാന്‍ ഒരു ഫോഴ്‌സ് കിട്ടേണ്ടതുണ്ട്,’ അജു വര്‍ഗീസ് പറഞ്ഞു.
നിവിന്‍ പോളിയുടെ സിനിമയില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീനുകളെ കുറിച്ചും അജു അഭിമുഖത്തില്‍ പറയുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലെ നിവിനിന്റെ ബോഡി ഷെയിമിങ്ങിന്റെ ഡയലോഗിനേക്കാള്‍ തനിക്ക് കൂടുതല്‍ ഇഷ്ടമായത് അതിലെ ചില സീനുകളാണെന്നും അദ്ദേഹം പറയുന്നു.
‘വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലെ നിവിനിന്റെ ബോഡി ഷെയിമിങ്ങിന്റെ ഡയലോഗിനേക്കാള്‍ എനിക്ക് കൂടുതല്‍ ഇഷ്ടം അതിലെ ഒരു സീനാണ്. കുടിക്കാന്‍ പെപ്‌സിയും മറ്റും പറഞ്ഞ ശേഷം സ്‌ക്രിപ്റ്റിന്റെ കാര്യം ചോദിക്കുമ്പോള്‍ നിവിന്‍ ‘ഒന്നും പോടാ’യെന്ന് പറയുന്നുണ്ട്. ഡയലോഗിനേക്കാള്‍ എനിക്ക് ചിരി വന്നത് ഇങ്ങനെയുള്ള സീനുകളിലാണ്. അതുപോലെ ബേസിലുമായിട്ടുള്ള സീനുകളൊക്കെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു.
അതൊക്കെ നിവിന്‍ പോളി സ്‌റ്റൈല്‍സാണ്. നമ്മള്‍ ഒരുപാട് എന്‍ജോയ് ചെയ്യുന്ന ഒന്നാണ് അത്. വടക്കന്‍ സെല്‍ഫിയില്‍ ‘ഡേയ്‌സി തണുത്ത കാറ്റ്’ എന്നൊക്കെ പറയുന്ന സീനും ലവ് ആക്ഷന്‍ ഡ്രാമയില്‍ മോര് മോര് പറയുന്ന സീനുമൊക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അതൊക്കെ പുള്ളിയുടെ തന്നെ ഒരു ഏരിയയാണ്,’ അജു വര്‍ഗീസ് പറയുന്നു.
Content Highlight: Aju Varghese Talks About Nivin Pauly’s Acting