|

ഫാനായതിന് ശേഷമാണ് പരിചയപ്പെടുന്നത്; ആ നടനെ ഞാന്‍ മിസ് ചെയ്യാറുണ്ട്: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാന കുപ്പായം അണിഞ്ഞ ചിത്രമായിരുന്നു 2010 ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ്. നിവിന്‍ പോളി, അജുവര്‍ഗീസ് എന്നിവര്‍ സിനിമാലോകത്തേക്ക് കടന്ന് വന്നതും ഈ ചിത്രത്തിലൂടെയാണ്.

ഇപ്പോള്‍ സ്‌കൂള്‍ കാലഘട്ടത്തില്‍ ഒരുമിച്ച് പഠിച്ച തന്റെ സുഹൃത്തായ നിവിന്‍ പോളിയെ സിനിമയുടെ ഷൂട്ടിന് മുമ്പായി കണ്ടപ്പോഴുള്ള അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് അജു വര്‍ഗീസ്.

മലര്‍വാടി സിനിമയ്ക്ക് മുന്നോടിയായി ഒരു തിരക്കഥ വായിച്ച് പെര്‍ഫോമന്‍സ് ചെയ്യുന്ന സമയത്താണ് താന്‍ നിവിനെ വീണ്ടും കാണുന്നതെന്നും അദ്ദേഹത്തിന്റെ പ്രകടനം കണ്ട് അപ്പോള്‍ തന്നെ നന്നായി ചെയ്യുന്നുണ്ടല്ലോ എന്ന് തോന്നിയെന്നും അജു പറയുന്നു. ആദ്യം തന്നെ നിവിന്റെ ആരാധകനായതിന് ശേഷമാണ് പരിചയപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു. സ്‌ക്രീനിലെ പഴയ നിവിന്‍ പോളിയെ മിസ് ചെയ്യുന്നുണ്ടെന്നും അജു കൂട്ടിച്ചേര്‍ത്തു. ലൈഫ് നെറ്റ് ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മലര്‍വാടിക്ക് രണ്ട് റൗണ്ടായിട്ടായിരുന്നു ഓഡിഷന്‍. ഓഡിഷന്‍ കഴിഞ്ഞ് ഒരു ക്യാമ്പ് ഉണ്ടായിരുന്നു. അന്നാണ് നിവിനെ കാണുന്നത് അഞ്ച് പേര്‍ തിരിഞ്ഞ് ഒരു ഗ്രൂപ്പായി, ഓരോരുത്തരും സ്വന്തമായി തിരക്കഥ എഴുതി വന്ന് പെര്‍ഫോം ചെയ്യണം, പിന്നെ കുറച്ച് സിനിമകളിലെ ഡയലോഗുകള്‍ പറയണം. അപ്പോള്‍ അവിടെ ഒരു പയ്യന്‍ തകര്‍ത്ത് അഭിനയിക്കുകയാണ്, വളരെ കണ്‍വിന്‍സിങ്ങായ പെര്‍ഫോമന്‍സാണ്. ആ ശബ്ദം, ഡയലോഗ് ഡെലിവറിയൊക്കെ കേട്ടപ്പോള്‍ എല്ലാവരും പെര്‍ഫോമന്‍സ് കാണാനായി അങ്ങോട്ടേക്ക് പോയി.

അങ്ങനെ ഞാന്‍ ശരിക്കൊന്നു നോക്കി കഴിഞ്ഞപ്പോള്‍ ഇയാളെ എവിടെയോ കണ്ട് പരിചയമുണ്ടല്ലോ എന്ന് തോന്നി. പത്ത് വര്‍ഷം കഴിഞ്ഞു. രണ്ടായിരത്തില്‍ പാസ് ഔട്ട് ആയതാണ് നമ്മള്‍. അങ്ങനെ പരിചയമുണ്ടല്ലോ എന്ന് വിചാരിച്ച് നോക്കിയപ്പോളാണ് ആളെ മനസിലായത്. അത് വല്ലാത്തൊരു നിമിഷമായിരുന്നു. അയാളുടെ ഒരു ഫാനായി മാറിയതിന് ശേഷമാണ്, വീണ്ടും പരിചയപ്പെടുന്നത്. ഓണ്‍ സ്‌ക്രീനിലെ ആ പഴയ വൈബുള്ള നിവിന്‍ പോളിയെ ഞാന്‍ മിസ് ചെയ്യാറുണ്ട്,’ അജു വര്‍ഗീസ് പറഞ്ഞു.

Content Highlight: Aju Varghese talks about Nivin Pauly and their first film Malarvaadi Arts Club

Video Stories