Entertainment
എനിക്ക് ആദ്യ തമിഴ് ചിത്രം ലഭിച്ചത് നിവിനിലൂടെ; ആരും ഇത് അറിയാതിരിക്കാന്‍ കാരണമുണ്ട്: അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 07, 11:25 am
Sunday, 7th July 2024, 4:55 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അജു വര്‍ഗീസ്. താരം പ്രഭുദേവയുടെ മൂണ്‍ വാക്ക് എന്ന സിനിമയില്‍ അഭിനയിക്കുന്നു എന്നത് മുമ്പ് തന്നെ വാര്‍ത്തയായിരുന്നു. പ്രഭുദേവയും എ.ആര്‍. റഹ്‌മാനും ഒന്നിക്കുന്ന സിനിമയാണ് മൂണ്‍ വാക്ക്. എന്നാല്‍ അതല്ല തന്റെ ആദ്യ തമിഴ് സിനിമയെന്ന് പറയുകയാണ് അജു വര്‍ഗീസ്.

മൂണ്‍ വാക്ക് തന്റെ രണ്ടാമത്തെ തമിഴ് സിനിമയാണെന്നും അതിന് മുമ്പ് പ്രശസ്ത സംവിധായകന്‍ റാമിന്റെ സിനിമയുടെ ഷൂട്ട് നടന്നിരുന്നുവെന്നും താരം പറയുന്നു. വണ്ടര്‍വാള്‍ മീഡിയ എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റാമിന്റെ സിനിമയിലേക്ക് തന്നെ കണക്ട് ചെയ്തത് നിവിന്‍ പോളിയാണെന്നും അജു പറഞ്ഞു.

‘പ്രഭുദേവ സാറിന്റെ ‘മൂണ്‍ വാക്ക്’ എന്റെ രണ്ടാമത്തെ തമിഴ് സിനിമയാണ്. അതിന് മുമ്പ് റാം സാറിന്റെ ഒരു സിനിമയുടെ ഷൂട്ട് നടന്നിരുന്നു. മിര്‍ച്ചി ശിവയും ഗ്രേസ് ആന്റണിയുമൊക്കെയുള്ള സിനിമയാണ് ഇത്. ഈ പടത്തിന് ഇതുവരെ പേര് ഇട്ടിട്ടില്ല. റാം സാര്‍ നിവിനെ നായകനാക്കി ചെയ്ത ഏഴ് മലൈ ഏഴ് കടല്‍ എന്ന സിനിമക്ക് ശേഷമാണ് ഇത് ഷൂട്ട് ചെയ്തത്. നിവിനാണ് ഈ സിനിമയിലേക്ക് എന്നെ കണക്ട് ചെയ്തത്. ഇതില്‍ ചെറിയ റോളാണ് എന്റേത്.

പക്ഷെ അദ്ദേഹത്തിന്റെ സിനിമ എപ്പോഴും മികച്ചതാണല്ലോ. ഇതിന്റെ വാര്‍ത്തകളൊന്നും റാം സാര്‍ പുറത്തുവിട്ടിട്ടില്ല. അതുകൊണ്ടാണ് ഈ സിനിമയെ കുറിച്ച് ആരും അറിയാതിരുന്നത്. അദ്ദേഹത്തിന്റെ സിനിമകളുടെ സ്വഭാവം തന്നെയുള്ള ഒരു സിനിമയാണ് ഇതും. എന്നാല്‍ കുറച്ച് ലൈറ്റ് ഹാര്‍ട്ടഡാണ്. എന്റെ കഥാപാത്രം ഈ സിനിമയില്‍ നന്നായി കോണ്‍ട്രിബൂഷനുള്ളതാണ്. ഈ സിനിമക്ക് ശേഷമാണ് എനിക്ക് പ്രഭുദേവ സാറിന്റെ മൂണ്‍ വാക്ക് എന്ന സിനിമ വരുന്നത്,’ അജു വര്‍ഗീസ് പറഞ്ഞു.


Content Highlight: Aju Varghese Talks About Nivin Pauly