|

ബ്രേക്ക് കിട്ടിയാല്‍ ആ നടനൊപ്പം ഓട്ടോയില്‍ റഹ്‌മത്തിലേക്ക് പോകും; ബക്കറ്റ് നിറയെ ബിരിയാണി വാങ്ങും: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അജു വര്‍ഗീസ്. നടന്റേതായി എത്തി ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളാണ് ലവകുശ, വടക്കന്‍ സെല്‍ഫി, അടികപ്യാരെ കൂട്ടമണി, കെ.എല്‍ 10 പത്ത് എന്നിവ. ഈ ചിത്രങ്ങളിലൊക്കെ അജുവിനൊപ്പം അഭിനയിച്ചിട്ടുള്ള നടനാണ് നീരജ് മാധവ്.

ഇപ്പോള്‍ നീരജിനെ കുറിച്ചും കെ.എല്‍ 10 പത്ത് സിനിമയെ കുറിച്ചും പറയുകയാണ് അജു വര്‍ഗീസ്. കോഴിക്കോട് നടന്ന ഷൂട്ടിനെ കുറിച്ചാണ് നടന്‍ പറഞ്ഞത്. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.

‘ഞാനും നീരജും ഒരുമിച്ച് അഭിനയിച്ച സിനിമകളെ പറ്റി പറയുമ്പോള്‍ കെ.എല്‍ 10 പത്ത് എന്ന സിനിമയെ കുറിച്ചും പറയണം. ലവകുശ എന്ന സിനിമയിലും കെ.എല്‍ 10 പത്ത് സിനിമയിലുമാണ് ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് കൂടുതല്‍ കോമ്പിനേഷനുകള്‍ വരുന്നത്. ബാക്കി സിനിമകളില്‍ ചുറ്റും കുറേ ആളുകള്‍ ഉണ്ടായിരുന്നു.

ഞങ്ങളുടെ സിനിമകളെ കുറിച്ച് പറയുമ്പോള്‍ കെ.എല്‍ 10 പത്ത് എന്ന സിനിമയെ പറ്റിയാണ് കൂടുതല്‍ പറയാനുണ്ടാകുക. അന്ന് ആ സിനിമ ചെയ്യുന്ന സമയത്ത് ഞങ്ങളുടെ ജോലി അതിലെ കഥാപാത്രങ്ങള്‍ ഫുഡ് കഴിക്കാന്‍ പോകുന്ന സ്ഥലത്തൊക്കെ പോകുക എന്നതാണ്.

കോഴിക്കോടുള്ള ഓരോ ഹോട്ടലുകളിലും ഓരോ സര്‍ബത്ത് കടകളിലും കയറിയിറങ്ങിയിട്ടുണ്ട്. അതായത് കോഴിക്കോടിന്റെ മേജര്‍ ഫുഡ് സ്‌പോട്ടില്‍ പോകുന്നതായിരുന്നു ഞങ്ങളുടെ പണി. പിന്നെ ഫുഡ് കിട്ടുക എന്നത് രസമുള്ള പരിപാടിയാണല്ലോ.

സിനിമയില്‍ ബ്രേക്ക് വിളിച്ചാല്‍ ഞങ്ങള്‍ അവിടുന്ന് ഓടും (ചിരി). ഓട്ടോ വിളിച്ചാണ് റഹ്‌മത്ത് ഹോട്ടലിലേക്ക് പോകുന്നത്. പിന്നെ റഹ്‌മത്തില്‍ നിന്നും ഒരു വലിയ ബക്കറ്റില്‍ ബിരിയാണി വാങ്ങിയിട്ട് കൊച്ചിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

ഞങ്ങള്‍ക്ക് ആണെങ്കില്‍ കെ.എല്‍ 10 പത്ത് ഷൂട്ട് ചെയ്യുമ്പോള്‍ ഷോട്ടിലും തിന്നുന്നത് തന്നെയാണ് പണി. എന്നിട്ടാണ് ബ്രേക്ക് വിളിച്ചാല്‍ ഉടനെ വീണ്ടും തിന്നാന്‍ പോകുന്നത്. ബ്രേക്ക് വിളിച്ചാല്‍ ബീച്ചില്‍ നിന്ന് ഓടിയിട്ട് ഓട്ടോയില്‍ കയറും. എന്നിട്ട് നേരെ റഹ്‌മത്തില്‍ പോകും.

അന്നാണെങ്കില്‍ ഞങ്ങള്‍ക്ക് വളരെ സിമ്പിളായ ഡ്രസായിരുന്നു ഉണ്ടായിരുന്നത്. കള്ളി മുണ്ടും ജേഴ്‌സിയും ആയിരുന്നു വേഷം. എനിക്ക് അതുകൊണ്ട് തന്നെ നീരജുമായുള്ള കോമ്പിനേഷന്‍ വന്നിട്ടുള്ള സിനിമകളില്‍ ഏറെ ഇഷ്ടമുള്ള കഥാപാത്രമായിരുന്നു ആ സിനിമയിലേത്,’ അജു വര്‍ഗീസ് പറയുന്നു.

Content Highlight: Aju Varghese Talks About Neeraj Madhav And KL 10 Patthu