Entertainment
അത്രയും പ്രായമുള്ള അദ്ദേഹത്തിന് 25 വയസുകാരനായ എന്നോട് കുശലം ചോദിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല: അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 02, 02:46 am
Monday, 2nd September 2024, 8:16 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അജു വര്‍ഗീസ്. വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.

വലിയ വിജയമായ ഈ സിനിമയില്‍ അജു വര്‍ഗീസിന് പുറമെ നിവിന്‍ പോളി, ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ശ്രീനിവാസന്‍, സുരാജ് വെഞ്ഞാറമൂട്, സലിംകുമാര്‍, ജനാര്‍ദനന്‍, കോട്ടയം നസീര്‍ തുടങ്ങി മികച്ച താരനിര തന്നെയായിരുന്നു മലര്‍വാടിയില്‍ ഒന്നിച്ചത്. അജു വര്‍ഗീസ് കുട്ടു എന്ന കഥാപാത്രമായി എത്തിയ സിനിമയില്‍ നെടുമുടി വേണു കുമാരേട്ടന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

അജു ഉള്‍പ്പെടെയുള്ള ആളുകളുടെ ഗുരുസ്ഥാനീയനായാണ് അദ്ദേഹം അഭിനയിച്ചത്. മായാമോഹിനിയെന്ന സിനിമയിലും അജു വര്‍ഗീസ് നെടുമുടി വേണുവിനൊപ്പം അഭിനയിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹത്തെ കുറിച്ച് പറയുകയാണ് അജു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.

‘എന്റെ ആദ്യ സിനിമയില്‍ ഞാന്‍ എന്റെ ഗുരുസ്ഥാനീയനായി കാണുന്ന ആളാണ് അദ്ദേഹം. മലര്‍വാടിയിലെ ഞങ്ങളുടെ കുമാരേട്ടന്‍. ആ സിനിമക്ക് ശേഷം എല്ലാ വര്‍ഷവും ജനുവരി ഒന്നാം തീയതി ഞാന്‍ അദ്ദേഹത്തെ വിളിക്കാറുണ്ട്.

അദ്ദേഹം ഇപ്പോള്‍ നമ്മളുടെ കൂടെയില്ല. അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങുന്നത് സ്ഥിരമായിരുന്നു. അത് വേറൊന്നും കൊണ്ടായിരുന്നില്ല. മലര്‍വാടിയും മായാമോഹിനിയും ചെയ്യുന്ന സമയത്തും ഞങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്നു.

ആ സിനിമകള്‍ കഴിഞ്ഞപ്പോഴാണ് അദ്ദേഹം ഞങ്ങളെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അത്രനാള്‍ ശ്രദ്ധിച്ചിരുന്നില്ല എന്നല്ല ഞാന്‍ പറഞ്ഞത്. അങ്ങനെ പറഞ്ഞാല്‍ അദ്ദേഹത്തിന് വലിയ ജാഡയായിരുന്നുവെന്ന് വിചാരിക്കും. നമ്മളോട് കൂടെ വിശേഷങ്ങള്‍ ചോദിച്ചു തുടങ്ങിയത് ആ സിനിമകള്‍ക്ക് ശേഷമാണ്.

അത്രയും പ്രായമുള്ള ഒരാള്‍ 20 അല്ലെങ്കില്‍ 25 വയസുകാരനോട് കുശലം ചോദിക്കുകയെന്നത് അവരുടെ മനസിന്റെ വലിപ്പമാണ്. ആ ജനറേഷന്‍ ഈ ജനറേഷനിലേക്ക് ഇറങ്ങി വന്ന് അവരെ കംഫേര്‍ട്ടബിളാക്കുകയാണ്. അത് ഒട്ടുമിക്ക സീനിയര്‍ ആക്ടേഴ്‌സിനുമുണ്ട്,’ അജു വര്‍ഗീസ് പറഞ്ഞു.


Content Highlight: Aju Varghese Talks About Nedumudi Venu