ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. നിവിന്‍ പോളിയും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ ഹൈപ്പോടെ ആയിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്.
അന്ന് ബോക്സ് ഓഫീസില്‍ ഓണം വിന്നര്‍ ആയിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. ചിത്രം സാമ്പത്തികമായി വിജയമായിരുന്നുവെങ്കിലും പിന്നീട് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. വിശാഖ് സുബ്രഹ്‌മണ്യവും അജു വര്‍ഗീസും ചേര്‍ന്നായിരുന്നു ഈ സിനിമ നിര്‍മിച്ചത്.
ഇപ്പോള്‍ നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ നയന്‍താരയെ കുറിച്ച് പറയുകയാണ് അജു വര്‍ഗീസ്. നയന്‍താരയെ പോലെ കോടികള്‍ പ്രതിഫലം വാങ്ങുന്ന ഒരു അഭിനേത്രിയെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്യാന്‍ ഒരു നിര്‍മാതാവെന്ന നിലയില്‍ എടുത്ത ധൈര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘നയന്‍താരയുടെ പ്രതിഫലത്തെക്കുറിച്ച് പരാമര്‍ശിച്ചത് കൊണ്ടുമാത്രം പറയട്ടെ. ഇതൊരു മലയാള ചിത്രമെന്ന നിലയിലും ഞങ്ങളുടെയൊക്കെ ആദ്യ സംരംഭമെന്ന നിലയിലും അവര്‍ വളരെ ചെറിയ പ്രതിഫലം വാങ്ങിക്കൊണ്ടാണ് ഞങ്ങളോടൊപ്പം സഹകരിച്ചത്.
അത് ഞങ്ങള്‍ക്ക് ലഭിച്ച വലിയ അനുഗ്രഹമായിരുന്നു. തീര്‍ച്ചയായും നയന്‍താരയെ പോലൊരു അഭിനേത്രിക്ക് കിട്ടുന്ന മാര്‍ക്കറ്റ് ചെറുതല്ല. അതും ലൗ ആക്ഷന്‍ സിനിമയുടെ വിജയത്തിന് വലിയ പരിധിവരെ സഹായകമായിട്ടുണ്ട്.
നയന്‍താരയിലേക്ക് എത്തിച്ചേര്‍ന്നത് എങ്ങനെയാണെന്ന് ചോദിച്ചാല്‍, വിനീതാണ് നയന്‍താരയെ കാണാനുള്ള അപോയിന്‍മെന്റ് എടുത്തുതന്നത്. കഥ പോയി പറയുന്നത് ധ്യാനാണ്. കഥ അവര്‍ക്കും ഇഷ്ടമായി. അതിന് ശേഷമാണ് അഭിനയിക്കാന്‍ തയ്യാറായത്,’ അജു വര്‍ഗീസ് പറയുന്നു.
Content Highlight: Aju Varghese Talks About Nayanthara And Love Action Drama