2010ല്‍ വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് അജു വര്‍ഗീസ്. കരിയറിന്റെ തുടക്കത്തില്‍ കൂടുതലും കോമഡി വേഷങ്ങള്‍ ചെയ്ത അജുവിന്റ കരിയറില്‍ വഴിത്തിരിവായത് ഹെലന്‍ എന്ന ചിത്രമായിരുന്നു.
കമല എന്ന സിനിമയിലൂടെ നായകവേഷവും തനിക്കിണങ്ങുമെന്ന് അജു തെളിയിച്ചിരുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ 145ല്‍ അധികം സിനിമകളിലാണ് അജു വര്‍ഗീസ് അഭിനയിച്ചിട്ടുള്ളത്. ഇപ്പോള്‍ താന്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച പെരുച്ചാഴി എന്ന സിനിമയെ കുറിച്ച് പറയുകയാണ് അജു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആ സിനിമയുടെ സമയത്ത് ഡേറ്റിന്റെ കാര്യത്തില്‍ പ്രശ്‌നമുണ്ടായപ്പോള്‍ വേണമെങ്കില്‍ തന്റെ വിവാഹം വരെ മാറ്റിവെച്ചാണെങ്കിലും വന്ന് അഭിനയിക്കുമെന്നും അജു വര്‍ഗീസ് നിര്‍മാതാവ് സാന്ദ്ര തോമസിനോട് പറഞ്ഞിരുന്നു. അത് യു.എസില്‍ ഷൂട്ട് നടക്കുന്നുണ്ടെന്ന കാരണം കൊണ്ടല്ലെന്നും മോഹന്‍ലാല്‍ എന്ന നടനായിരുന്നു തന്നെ ആ സിനിമയില്‍ എക്‌സൈറ്റ് ചെയ്യിച്ചതെന്നുമാണ് അജു പറയുന്നത്.
‘പെരുച്ചാഴി സിനിമയുടെ സമയത്ത് ഡേറ്റിന്റെ കാര്യത്തില്‍ പ്രശ്‌നമുണ്ടായിരുന്നു. അപ്പോഴാണ് ഞാന്‍ സാന്ദ്രയോട് അങ്ങനെ പറഞ്ഞത്. അത് എനിക്ക് പറയാവുന്ന ഒരു കാര്യം തന്നെയായിരുന്നു. ഒരിക്കലും അഗസ്റ്റീന (അജുവിന്റെ പങ്കാളി) അതിന് നോ പറയില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അഗസ്റ്റീനയുടെ മാതാപിതാക്കളോ എന്റെ മാതാപിതാക്കളോ അതിനെ എതിര്‍ക്കില്ല. കാരണം എനിക്ക് അത്രയും നല്ല ഒരു അവസരമാണ് കിട്ടാന്‍ പോകുന്നത്.
ആ സിനിമയുടെ ഷൂട്ട് യു.എസില്‍ ആയത് കൊണ്ടായിരുന്നില്ല ഞാന്‍ എക്‌സൈറ്റഡായത്. യു.എസ് എന്നെ ഒരിക്കലും എക്‌സൈറ്റഡാക്കിയിരുന്നില്ല. മോഹന്‍ലാല്‍ എന്ന നടനാണ് എന്നെ അവിടെ എക്‌സൈറ്റ് ചെയ്യിച്ചത്. മലയാളത്തിന്റെ ലാലേട്ടന്‍. ലാലേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റുകയെന്ന ഭാഗ്യം ഒരു ഹാര്‍ഡ് കോര്‍ ഫാനായ എനിക്ക് എന്ത് വില കൊടുത്തും നേടണമെന്ന് ഉണ്ടായിരുന്നു,’ അജു വര്‍ഗീസ് പറയുന്നു.
പെരുച്ചാഴി:
അരുണ്‍ വൈദ്യനാഥന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2014ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പെരുച്ചാഴി. മോഹന്‍ലാല്‍ നായകനായ ഈ സിനിമ നിര്‍മിച്ചത് ഫ്രൈഡേ ഫിലിം ഹൗസിന് വേണ്ടി സാന്ദ്ര തോമസും വിജയ് ബാബുവും ചേര്‍ന്നായിരുന്നു. മോഹന്‍ലാലിനും അജു വര്‍ഗീസിനും പുറമെ സീന്‍ ജെയിംസ് സട്ടണ്‍, രാഗിണി നന്ദ്വാനി, മുകേഷ്, ബാബുരാജ്, വിജയ് ബാബു എന്നിവരും ഈ സിനിമയില്‍ പ്രധാനവേഷങ്ങളില്‍ എത്തിയിരുന്നു.
Content Highlight: Aju Varghese Talks About Mohanlal’s Peruchazhi Movie